കിരണ്‍ റിജിജു
കിരണ്‍ റിജിജു

"അനാവശ്യ അഭിപ്രായ പ്രകടനങ്ങളും നിരീക്ഷണങ്ങളും കോടതി നടത്തേണ്ടതില്ല": വിമർശനവുമായി കേന്ദ്ര നിയമമന്ത്രി

ജുഡീഷ്യറിയാണോ തിരഞ്ഞെടുക്കപ്പെട്ട സർക്കാരാണോ രാജ്യത്തിന്റെ ഭരണം നടത്തേണ്ടതെന്ന് കിരണ്‍ റിജിജു
Updated on
1 min read

സുപ്രീംകോടതി കൊളീജിയത്തിനെതിരെ വിമർശനവുമായി കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. കൊളീജിയത്തിന്റെ പ്രവർത്തനം സുതാര്യമല്ല. അനാവശ്യ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും കോടതി നടത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെയും ജുഡീഷ്യറിക്ക് എതിരെ പരാമര്‍ശങ്ങളുമായി കിരണ്‍ റിജിജു രംഗത്തെത്തിയിരുന്നു.

മറ്റ് രാജ്യങ്ങളിൽ എവിടെയും ജഡ്ജിമാർ സഹപ്രവർത്തകരെ നിയമിക്കാറില്ല. ഇന്ത്യയിൽ മാത്രമാണ് ഇങ്ങനെയൊരു സംവിധാനമുള്ളത്‌. ജഡ്ജിമാരുടെ നിയമനത്തിൽ രാഷ്ട്രീയമുണ്ട്.

കിരൺ റിജിജു

ജുഡീഷ്യറിയാണോ തിരഞ്ഞെടുക്കപ്പെട്ട സർക്കാരാണോ രാജ്യത്തിന്റെ ഭരണം നടത്തേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. അനാവശ്യമായ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും കോടതികൾ നടത്തേണ്ടതില്ല. ഒരു ജഡ്ജി തന്റെ വിധികളിലൂടെയാണ് സംസാരിക്കേണ്ടത്. വാക്കാലുള്ള പരാമർശങ്ങൾക്ക് പ്രസക്തിയില്ല. വിമർശനങ്ങൾ ക്ഷണിച്ച് വരുത്തുന്ന രീതിയിലുള്ള ഇടപെടലുകൾ കോടതി നടത്തരുതെന്നാണ് തനിക്ക് നൽകാനുള്ള ഉപദേശമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

കോവിഡ് സാഹചര്യം കൈകാര്യം ചെയ്യാൻ വിദഗ്ധ സമിതി വേണമെന്ന് ഡൽഹി ഹൈക്കോടതി ബെഞ്ച് നിർദേശിക്കുകയുണ്ടായി. എന്നാൽ വെല്ലുവിളികൾ കൈകാര്യം ചെയ്യാൻ സർക്കാരിന് അറിയാമെന്ന മറുപടിയാണ് കേന്ദ്രം നൽകിയതെന്ന് അദ്ദേഹം വിശദീകരിച്ചു. രാജ്യദ്രോഹ നിയമം പുനഃപരിശോധിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നിരാശപ്പെടുത്തി. ഇത്തരം ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിൽ നിന്ന് കോടതിക്ക് വിട്ടുനിൽക്കാമായിരുന്നു എന്നും കേന്ദ്ര നിയമമന്ത്രി പറഞ്ഞു.

എക്സ്ക്യൂട്ടീവിന്റെ അധികാര പരിധിയിൽ കൈകടത്തി നീതിന്യായ സംവിധാനം അതിന്റെ പരിധി ലംഘിക്കരുത്
കിരൺ റിജിജു

മറ്റ് രാജ്യങ്ങളിൽ എവിടെയും ജഡ്ജിമാർ സഹപ്രവർത്തകരെ നിയമിക്കാറില്ല. ഇന്ത്യയിൽ മാത്രമാണ് ഇങ്ങനെയൊരു സംവിധാനമുള്ളത്‌. ജഡ്ജിമാരുടെ നിയമനത്തിൽ രാഷ്ട്രീയമുണ്ട്. ലോകത്ത് മറ്റൊരിടത്തുമുള്ള ജഡ്ജിമാർ ഇന്ത്യയിലെ ന്യായാധിപന്മാർ ചെയ്യുന്നത്ര ജോലി ചെയ്യുന്നില്ല. അവർക്ക് ഇടവേളകൾ ആവശ്യമാണ്. അവരും മനുഷ്യരാണ്, യന്ത്രങ്ങളല്ല. തന്റെ ചില വാക്കുകൾ പരുഷമാണെങ്കിലും ഇതാണ് യാഥാർഥ്യം. താൻ പറയുന്നത് തെറ്റാണെന്ന് ഇതുവരെ ഒരു ജഡ്ജിയും പറഞ്ഞിട്ടില്ല. ഒരു ജനാധിപത്യ രാജ്യത്ത് ജനങ്ങൾ തിരഞ്ഞെടുക്കുന്നത് പ്രതിനിധികളായിരിക്കണം ഭരണം നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കോളീജിയത്തിലെ ജഡ്ജിമാർക്ക് അറിയുന്നവരെ മാത്രമാണ് അവർ നിയമിക്കുന്നത്. ഇതല്ല വേണ്ടതെന്നും അർഹതയുള്ളവരെയാണ് പരിഗണിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 2015ൽ ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ (എൻജെഎസി) സുപ്രീംകോടതി റദ്ദാക്കി. എന്നാൽ പകരം എന്ത് സംവിധാനമാണ് വേണ്ടതെന്ന് പറഞ്ഞിട്ടില്ല. കോളീജിയമെന്ന സംവിധാനം തന്നെ തുടരാനാണ് തീരുമാനിച്ചത് എന്നാൽ താൻ അതിൽ സന്തുഷ്ടനല്ലെന്നും റിജിജു വ്യക്തമാക്കി.

രാജ്യത്ത് ഭരണം നടത്താനുള്ള ചുമതല തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്കാണ്. എക്സ്ക്യൂട്ടീവ് വിഭാഗത്തിന്റെ അധികാര പരിധിയിൽ കൈകടത്തി, നീതിന്യായ സംവിധാനം അതിന്റെ പരിധി ലംഘിക്കരുതെന്നും കിരൺ റിജിജു പറഞ്ഞു. താൻ ജുഡിഷ്യറിയയോ ജഡ്ജിമാരെയോ വിമർശിക്കുകയല്ല. ഇന്ത്യയിലെ സാധാരണക്കാരുടെ അഭിപ്രായമാണ് പറയുന്നത്. കൊളീജിയം സംവിധാനം സുതാര്യവും ഉത്തരവാദിത്തവുമുള്ളതല്ല. ജഡ്ജിമാരും അഭിഭാഷകരും ഇത് വിശ്വസിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എൻജെഎസിയെ സുപ്രീം കോടതി റദ്ദാക്കിയതിൽ സർക്കാരിന് മറ്റ് നടപടികൾ സ്വീകരിക്കാമായിരുന്നു. സുപ്രീംകോടതിയുടെ തീരുമാനത്തെ മാനിക്കുന്നത് കൊണ്ടാണ് ബദൽ മാർഗങ്ങൾ സ്വീകരിക്കാതിരുന്നത്. എന്നാൽ എന്നന്നേക്കുമായി നിശബ്ദത പാലിക്കുമെന്ന് അതിനർത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.

logo
The Fourth
www.thefourthnews.in