കൊളീജിയം ശുപാർശ കേന്ദ്രം അംഗീകരിച്ചു, സുപ്രീംകോടതിയിലേക്ക് അഞ്ച്  പുതിയ ജഡ്ജിമാർ

കൊളീജിയം ശുപാർശ കേന്ദ്രം അംഗീകരിച്ചു, സുപ്രീംകോടതിയിലേക്ക് അഞ്ച് പുതിയ ജഡ്ജിമാർ

ഡിസംബർ 13നാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള സുപ്രീംകോടതി കൊളീജിയം ജഡ്ജിമാരുടെ പേരുകൾ ശുപാർശ ചെയ്തത്
Updated on
1 min read

സുപ്രീംകോടതി കൊളീജിയം നിർദേശിച്ച അഞ്ച് പുതിയ ജഡ്ജിമാരുടെ നിയമനം അംഗീകരിച്ച്‌ കേന്ദ്ര സർക്കാർ. ശുപാർശയിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു ഒപ്പ് വച്ചതോടെ നിയമനത്തിന് അംഗീകാരമായി. പങ്കജ് മിത്തൽ (രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ്), സഞ്ജയ് കരോൾ (പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ്), പി വി സഞ്ജയ് കുമാർ (മണിപ്പൂർ ഹൈക്കോടതി ചീഫ് ജസ്റ്റിസ്) അഹ്സാനുദ്ദിൻ അമാനുല്ലഹ് (പട്ന ഹൈക്കോടതി ജഡ്ജ്), മനോജ് മിശ്ര (അലഹബാദ് ഹൈക്കോടതി ജഡ്ജ്) എന്നിവരുടെ നിയമനമാണ് കേന്ദ്രം അംഗീകരിച്ചത്.

ഡിസംബർ 13നാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള സുപ്രീംകോടതി കൊളീജിയം ജഡ്ജിമാരുടെ പേരുകൾ ശുപാർശ ചെയ്തത്. എന്നാല്‍, വിഷയത്തില്‍ ഇടഞ്ഞുനിന്ന കേന്ദ്രസർക്കാർ നിയമനം നീട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന് ഫെബ്രുവരി രണ്ടിനാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നിയമനങ്ങൾക്ക് അംഗീകാരം നൽകി രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചത്.

നിയുക്‌ത ജഡ്ജിമാർ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഇതോടെ സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം 32 ആയി വർധിക്കും. ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച കാര്യത്തിൽ കേന്ദ്രം എത്രയും പെട്ടെന്ന് തീരുമാനമെടുക്കുമെന്ന് അറ്റോർണി ജനറൽ ആർ വെങ്കട്ടരമണി കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ അറിയിച്ചിരുന്നു.

സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനത്തെ തുടർന്ന് രാജസ്ഥാൻ, പട്ന, മണിപ്പൂർ ഹൈക്കോടതികളിൽ വന്ന ചീഫ് ജസ്റ്റിസുമാരുടെ ഒഴിവിലേക്ക് പകരം നിയമനം നടന്നു. യഥാക്രമം മണിന്ദ്ര മോഹൻ ശ്രീവാസ്തവ, ചക്രധാരി ശരൺ സിങ്, എം വി മുരളീധരൻ എന്നിവർക്കാണ് ഈ ഹൈക്കോടതികളിൽ ആക്ടിങ് ചീഫ് ജസ്റ്റിസിന്റെ ചുമതല നൽകിയത്.

സുപ്രീംകോടതി ജഡ്ജുമാരുടെ എണ്ണം 34 എന്നിരിക്കെ ഇനി രണ്ട് ഒഴിവുകൾ മാത്രമാണ് നികത്താനുള്ളത്. ജനുവരി 31ന് നിർദേശിച്ച പേരുകൾ കൂടി കേന്ദ്രത്തിന് മുൻപിലുണ്ട്. അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേഷ് ബിന്ദാൽ, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാർ എന്നിവരുടെ പേരുകളാണ് അംഗീകാരത്തിനായി സമർപ്പിച്ചിട്ടുള്ളത്.

logo
The Fourth
www.thefourthnews.in