രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ രജിസ്ട്രേഷന്‍ റദ്ദാക്കി കേന്ദ്ര സർക്കാർ; വിദേശസംഭാവനാ നിയമം ലംഘിച്ചു
ഗാന്ധി കുടുംബവുമായി ബന്ധപ്പെട്ട സർക്കാരിതര സംഘടനകളായ രാജീവ് ഗാന്ധി ഫൗണ്ടേഷന്റെയും രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റിന്റെയും ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് (എഫ്‌സിആർഎ) ലൈസൻസ് റദ്ദാക്കി കേന്ദ്ര സർക്കാർ. വിദേശ സംഭാവനകളില്‍ ക്രമക്കേട് ആരോപിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. രണ്ട് സ്ഥാപനങ്ങളിലെയും ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണം സിബിഐക്ക് കൈമാറാൻ സാധ്യതയുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
സോണിയ ഗാന്ധി അധ്യക്ഷയായ രാജീവ് ഗാന്ധി ഫൗണ്ടേഷനിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, കോൺഗ്രസ് എംപി രാഹുൽ ഗാന്ധി, കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര, മുൻ കേന്ദ്രമന്ത്രി പി ചിദംബരം എന്നിവർ അംഗങ്ങളാണ്.
2020ലാണ് ഗാന്ധി കുടുംബം നടത്തുന്ന എൻജിഒകളിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ ആഭ്യന്തര മന്ത്രാലയം ഇന്റർ മിനിസ്റ്റീരിയൽ കമ്മിറ്റി രൂപീകരിച്ചത്. കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി. എഫ്‌സിആർഎ ലൈസൻസ് റദ്ദാക്കിയതായി കാണിച്ച് ആർജിഎഫിന്റെ ഭാരവാഹികൾക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
1991ൽ സ്ഥാപിതമായ രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ 2009 വരെ ആരോഗ്യം, ശാസ്ത്രം, സാങ്കേതികവിദ്യ, സ്ത്രീകളും കുട്ടികളും, വൈകല്യ പിന്തുണ, തുടങ്ങി നിരവധി നിർണായക വിഷയങ്ങളിൽ പ്രവർത്തിച്ചു വരികയായിരുന്നു. 2010മുതൽ ഫൗണ്ടേഷൻ വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിക്കുകയായിരുന്നു.
രാജീവ് ഗാന്ധി ഫൗണ്ടേഷൻ, രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ്, ഇന്ദിരാഗാന്ധി മെമ്മോറിയൽ ട്രസ്റ്റ് എന്നീ മൂന്ന് ഗാന്ധി കുടുംബ സ്ഥാപനങ്ങളെക്കുറിച്ച് അന്വേഷിക്കാൻ 2020 ജൂലൈയിലാണ് ആഭ്യന്തര മന്ത്രാലയം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസറുടെ നേതൃത്വത്തിൽ ഇന്റർ മിനിസ്റ്റീരിയൽ കമ്മിറ്റി രൂപീകരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ നിയമം, ആദായനികുതി നിയമം, ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് എന്നിവയുടെ ലംഘനങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു അന്വേഷണം.
സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ആർജിജിടിയും ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സംഘടനയാണ്. എന്നാൽ സംഘടനയ്ക്കെതിരെ എന്തെങ്കിലും ലംഘനം കണ്ടെത്തിയതായി റിപ്പോർട്ടില്ല.
2005നും 2009നും ഇടയിൽ ചൈനയിൽ നിന്ന് സംഭാവന സ്വീകരിച്ചതുമായി ബന്ധപ്പെട്ട് രാജീവ് ഗാന്ധി ഫൗണ്ടേഷനെതിരെ ബിജെപി അധ്യക്ഷൻ ജെ പി നദ്ദ രംഗത്തെത്തിയുന്നു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വന്ന തുക ഗാന്ധി ഫാമിലി ട്രസ്റ്റിലേക്ക് വകമാറ്റിയെന്നും ഒളിവിൽപ്പോയ വ്യവസായി മെഹുൽ ചോക്‌സിയിൽ നിന്നും ആർജിഎഫിന് ഫണ്ട് ലഭിച്ചെന്നും നദ്ദ ആരോപിച്ചിരുന്നു.