വധശിക്ഷയ്ക്ക് തൂക്കുകയർ 
തന്നെ വേണോയെന്ന് പരിശോധിക്കും:  വിദഗ്‌ധ സമിതി രൂപീകരിക്കുമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

വധശിക്ഷയ്ക്ക് തൂക്കുകയർ തന്നെ വേണോയെന്ന് പരിശോധിക്കും: വിദഗ്‌ധ സമിതി രൂപീകരിക്കുമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

ജൂലൈയില്‍ കേസ് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്
Updated on
1 min read

വധശിക്ഷ നടപ്പാക്കാൻ അനുയോജ്യമായ രീതി തൂക്കിലേറ്റുന്നത് തന്നെയാണോ എന്ന് പരിശോധിക്കാൻ വിദഗ്‌ധ സമിതി രൂപീകരിക്കുമെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയെ തൂക്കിക്കൊല്ലുന്ന നിലവിലെ സമ്പ്രദായം നിർത്തലാക്കണമെന്നും പകരം മറ്റ് രീതികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുള്ള പൊതു താല്പര്യ ഹർജിയിൽ വാദം കേൾക്കവെയാണ് കേന്ദ്രം നിലപാട് അറിയിച്ചത്. ഇന്ത്യയിലെ തൂക്കിലേറ്റുന്ന പ്രക്രിയ തികച്ചും ക്രൂരവും മനുഷ്യത്വരഹിതവുമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ജസ്റ്റിസ് ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികള്‍ പരിഗണിച്ചത്.

വധശിക്ഷയ്ക്ക് വേദനയില്ലാത്ത മറ്റെന്തെങ്കിലും രീതി സംബന്ധിച്ചുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു

വധശിക്ഷയ്ക്ക് വേദനയില്ലാത്ത മറ്റെന്തെങ്കിലും രീതി സംബന്ധിച്ചുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ഇതിനായി മറ്റ് മാർഗങ്ങള്‍ ഉണ്ടോയെന്ന് തീരുമാനിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കാന്‍ ശുപാർശ ചെയ്തതായി അറ്റോർണി ജനറല്‍ ബെഞ്ചിനെ അറിയിച്ചു. സമിതിയിലെ അംഗങ്ങളെ കുറിച്ച് സർക്കാർ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എജിയുടെ വാദം കണക്കിലെടുത്ത് ജൂലൈയിലെ അവധിക്ക് ശേഷം കേസ് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.

തൂക്കിലേറ്റുമ്പോഴുണ്ടാകുന്ന ആഘാതവും വേദനയും സംബന്ധിച്ച് എന്തെങ്കിലും തരത്തിലുള്ള പഠനമോ വിവരശേഖരണമോ നടന്നിട്ടുണ്ടോയെന്ന് കോടതി ചോദിച്ചിരുന്നു. അങ്ങനെ ലഭ്യമാണെങ്കില്‍ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചിന്റേതായിരുന്നു നിർദേശം. തൂക്കിലേറ്റുന്നതിന് പകരം കുത്തിവയ്പ്പോ വൈദ്യുതാഘാതമോ പോലുള്ള താരതമ്യേന വേദനയില്ലാത്ത രീതികൾ വധശിക്ഷയ്ക്കായി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അഭിഭാഷകൻ ഋഷി മൽഹോത്രയുടെ ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതി വിഷയത്തില്‍ ഇടപെട്ടത്. അന്തസ്സും വേദനയില്ലാത്തതുമായ മരണത്തിന് എല്ലാവര്‍ക്കും അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നതായിരുന്നു ഹര്‍ജി.

വധശിക്ഷയ്ക്ക് തൂക്കുകയർ 
തന്നെ വേണോയെന്ന് പരിശോധിക്കും:  വിദഗ്‌ധ സമിതി രൂപീകരിക്കുമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍
വധശിക്ഷയ്ക്ക് തൂക്കുകയർ തന്നെ വേണോ? മറ്റ് സാധ്യതകള്‍ പരിശോധിക്കാനാകുമോ എന്ന് കേന്ദ്രത്തോട് സുപ്രീംകോടതി

ശാസ്ത്രത്തിന്റെ വളർച്ചയനുസരിച്ച് ഏറ്റവും മികച്ചതും മനുഷ്യന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കാൻ കൂടുതൽ അനുയോജ്യവുമായ രീതി ഇതു തന്നെയാണോ എന്ന് പരിശോധിക്കണമെന്നും അങ്ങനെയല്ലെങ്കില്‍ മറ്റൊരു വഴി കണ്ടെത്തണമെന്നുമായിരുന്നു കോടതി ആവശ്യപ്പെട്ടത്. സർക്കാർ ഇതുവരെ പഠനം നടത്തിയിട്ടില്ലെങ്കിൽ, അതിനായി ഒരു സമിതിയെ കോടതി തന്നെ രൂപീകരിക്കാമെന്നും ബെഞ്ച് നിർദേശിച്ചിരുന്നു. ഡൽഹി എൻഎല്‍യു, ബാംഗ്ലൂർ, ഹൈദരാബാദ് തുടങ്ങിയ ദേശീയ നിയമ സർവകലാശാലകളിൽ നിന്നുള്ള വിദഗ്ധർ, എയിംസിലെ ഡോക്ടർമാർ, ശാസ്ത്ര വിദഗ്ധർ എന്നിവർ ഉൾക്കൊള്ളുന്നതായിരിക്കണം ഈ സമിതി എന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

logo
The Fourth
www.thefourthnews.in