കർഷക സമരത്തിന് സംഭാവന നൽകി, സിപിഎം ആസ്ഥാനത്ത് നിന്ന് പുസ്തകം വാങ്ങി; ട്രേഡ് യൂണിയനുകളുടെ അംഗീകാരം റദ്ദാക്കി കേന്ദ്രം
ഡൽഹിയിലെ കർഷക പ്രക്ഷോഭത്തിന് പിന്തുണ നൽകിയെന്ന പേരിൽ തപാൽ വകുപ്പിലെ രണ്ട് തൊഴിലാളി യൂണിയനുകളുടെ അംഗീകാരം റദ്ദാക്കി കേന്ദ്ര സർക്കാർ. ഓൾ ഇന്ത്യ പോസ്റ്റൽ എംപ്ലോയീസ് യൂണിയൻ (എഐപിഇയു), നാഷണൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസ് (എൻഎഫ്പിഇ) എന്നീ യൂണിയനുകൾക്കെതിരെയാണ് കേട്ടുകേൾവിയില്ലാത്ത നടപടി. ബിജെപിയുടെ തൊഴിലാളി സംഘടനയായ ഭാരതീയ മസ്ദൂർ സംഘിന്റെ പോഷകസംഘടനയായ ഭാരതീയ പോസ്റ്റൽ എംപ്ലോയീസ് അസോസിയേഷന്റെ (ബിപിഇഎ) പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന്റെ തീരുമാനം.
ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന യൂണിയനുകളിൽ ഒന്നാണ് എഐപിഇയു. 1920ലാണ് സംഘടനാ രൂപീകരിച്ചത്
കർഷക പ്രക്ഷോഭത്തിന് സംഭവന നൽകി, സിപിഎം ഓഫീസിൽ നിന്ന് പുസ്തകം വാങ്ങി എന്നതുമാണ് സംഘടനകൾക്കെതിരായ കുറ്റമായി ചൂണ്ടിക്കാട്ടുന്നത്. എൻപിഎഫ്ഇ "ഒരു രാഷ്ട്രീയ പാർട്ടിക്ക് ധനസഹായം" നൽകിയെന്നും എഐപിഇയു കർഷകസമരത്തെ പിന്തുണച്ചുവെന്നും ആരോപണം ഉയർന്നതായി അംഗീകാരം റദ്ദാക്കിയ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. വിലക്കിനെ സംഘടനാപരമായി നേരിടുമെന്ന് എൻപിഎഫ്ഇ അസിസ്റ്റന്റ് ജനറൽ സെക്രട്ടറി പി കെ മുരളീധരൻ ദ ഹിന്ദുവിനോട് പറഞ്ഞു. എല്ലാ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നവരുടെയും പിന്തുണ സംഘടനയ്ക്കുണ്ട്. ബ്രിട്ടീഷുകാർക്കെതിരെ പ്രക്ഷോഭം നടത്തിയ ചരിത്രമുള്ള സംഘടനയാണ്. തപാൽ മേഖലയിലെ ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളും അവസാനിപ്പിക്കുകയാണ് അംഗീകാരം റദ്ദാക്കിയതിന് പിന്നിലുള്ള ലക്ഷ്യമെന്നും മുരളീധരൻ ആരോപിച്ചു.
സിപിഎം, സിഐടിയു, കർഷക ഐക്യദാർഢ്യ ഫണ്ടുകൾ എന്നിവയിലേക്ക് ഓൺലൈനായും ചെക്കുകളായും എഐപിഇയു പണം നൽകിയെന്ന് അംഗീകരം റദ്ദാക്കിയ ഉത്തരവിൽ പറയുന്നു. കർഷക പ്രസ്ഥാനത്തെ സഹായിക്കാൻ 30,000 രൂപയും സിപിഎമ്മിന് 4,935 രൂപയും സിഐടിയുവിന് 50,000 രൂപയുമാണ് നൽകിയത്. രാഷ്ട്രീയ സംഭാവനകൾ സർവീസ് സംഘടനകൾ നൽകുന്നത് നിയമവിരുദ്ധമാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. 1993 ലെ കേന്ദ്ര സിവിൽ സർവീസ് ചട്ടപ്രകാരമാണ് അംഗീകാരം റദ്ദാക്കിയത്.
എഐപിഇയു ഉൾപ്പെടെ എട്ട് തൊഴിലാളി യൂണിയനുകൾ ചേർന്ന തപാൽ സർവീസിലെ ഏറ്റവും വലിയ ഫെഡറേഷനാണ് എൻപിഎഫ്ഇ.
കർഷക പ്രസ്ഥാനത്തിന് സഹായം നൽകുന്നതിനായി കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് ആൻഡ് വർക്കേഴ്‌സിന് സംഭാവന നൽകിയിട്ടുണ്ടെന്നായിരുന്നു പണമിടപാടിനെ കുറിച്ചുള്ള ചോദ്യത്തിന് എൻഎഫ്പിഇ മറുപടി നൽകിയത്. ഓരോ വർഷവും ഫണ്ടിലേക്ക് സംഭാവന നൽകാറുണ്ട്. സിപിഎം ആസ്ഥാനത്ത് നിന്ന് വാങ്ങിയ ചില പുസ്തകങ്ങളുടെ വിലയായിരുന്നു 4,395 രൂപയെന്നും പറഞ്ഞിരുന്നു.
ഇരുസംഘടനകൾക്കും നൽകുന്ന എല്ലാ സൗകര്യങ്ങളും ഉടൻ പിൻവലിക്കണമെന്ന് റദ്ദാക്കിയ തീരുമാനം സ്വാഗതം ചെയ്തുകൊണ്ട് ബിപിഇഎ പറഞ്ഞു. ഈ രണ്ട് യൂണിയനുകളും 'അംഗത്വ സ്ഥിരീകരണ' നടപടികളിൽ പങ്കെടുക്കുന്നില്ലെന്ന് അഡ്മിനിസ്‌ട്രേഷൻ ഉറപ്പാക്കണമെന്നും ഡയറക്ടർ ജനറലിനെഴുതിയ കത്തിൽ ബിപിഇഎ ആവശ്യപ്പെട്ടു. ഈ രണ്ട് യൂണിയനുകളും വർഷങ്ങളായി പ്രത്യേകാവകാശങ്ങൾ ആസ്വദിക്കുന്നത് നിരവധി അവസരങ്ങളിൽ അറിയിച്ചിരുന്നു. തപാൽ അംഗങ്ങൾക്ക് സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാൻ അതുവഴി അനുവദിക്കണമെന്നും കത്തിൽ പറയുന്നു.
ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന യൂണിയനുകളിൽ ഒന്നാണ് എഐപിഇയു. 1920ലാണ് സംഘടനാ രൂപീകരിച്ചത്. അതേസമയം, എഐപിഇയു ഉൾപ്പെടെ എട്ട് വിവിധ എംപ്ലോയീസ് യൂണിയനുകൾ ഭാഗമായുള്ള തപാൽ സർവീസിലെ ഏറ്റവും വലിയ ഫെഡറേഷനാണ് എൻപിഎഫ്ഇ. 2014ൽ നടന്ന ഹിത പരിശോധനയിൽ 75 ശതമാനം ജീവനക്കാരുടെ പിന്തുണ നേടിയ സംഘടനയാണ് എൻപിഎഫ്ഇ.