കോയമ്പത്തൂർ ഉക്കടം കാർ സ്ഫോടനക്കേസ് എന്‍ഐഎ അന്വേഷിക്കും
കോയമ്പത്തൂർ ഉക്കടം കാർ സ്ഫോടനക്കേസ് ദേശീയ അന്വേഷണ ഏജൻസിയായ എന്‍ഐഎ അന്വേഷിക്കും. കേസില്‍ എന്‍ഐഎ അന്വേഷണത്തിന് തമിഴ്നാട് സര്‍ക്കാര്‍ ശുപാര്‍ശ കൈമാറിയതോടെയാണ് കേന്ദ്രസർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടത്. സ്ഫോടനക്കേസില്‍ അന്തര്‍ സംസ്ഥാന, രാജ്യാന്തര ബന്ധമുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത്. കൊല്ലപ്പെട്ട ജമേഷ മുബീന്‍ ചാവേറാക്രമണത്തിന് പദ്ധതിയിട്ടിരുന്നെന്ന് തമിഴ്നാട് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയതിന്റെ കൂടി അടിസ്ഥാനത്തിലാണ് അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് കൈമാറുന്നത്.
ഫിറോസ് ഇസ്മയിൽ, മുഹമ്മദ് തൽക, മുഹമ്മദ് റിയാസ്, മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവരാണ് കേസില്‍ ഇതുവരെ അറസ്റ്റിലായത്. കൊല്ലപ്പെട്ട ജമേഷ മുബീനും പ്രതികളും തമ്മിലുള്ള ബന്ധം വ്യക്തമായതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പ്രതികള്‍ക്കെതിരെ പോലീസ് യുഎപിഎ ചുമത്തിയിരുന്നു. സ്ഫോടന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കാന്‍ ബുധനാഴ്ച ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. ഇതിനായി തമിഴ്നാട് പോലീസ് സേനയില്‍ പ്രത്യേക വിഭാഗം തന്നെ രൂപീകരിക്കും.
ഒക്ടോബർ 23ന് പുലർച്ച നാലുമണിയോടെയാണ് കോയമ്പത്തൂർ ഉക്കടം കോട്ടമേടിലെ ഈശ്വരൻ കോവിൽ വീഥിയിലെ സംഗമേശ്വരർ ക്ഷേത്രത്തിന് സമീപം കാർ പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിൽ കാർ ഡ്രൈവറായിരുന്ന ഉക്കടം ജിഎം നഗർ ജമേഷ മുബിൻ കൊല്ലപ്പെട്ടിരുന്നു. എഞ്ചിനീയറിംഗ് ബിരുദധാരിയായ മുബിനെ 2019ൽ തീവ്രവാദ ബന്ധത്തിന്റെ പേരിൽ എൻഐഎ ചോദ്യം ചെയ്തിട്ടുണ്ട് .