തൊഴിലുറപ്പ് പദ്ധതിയില്‍ ഉഴപ്പി കേന്ദ്രം; സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ളത് 6,366 കോടി രൂപ
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (എംജിഎൻആർഇജിഎസ്) വേതനത്തിൽ കീഴിൽ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകാനുള്ളത് 6,366 കോടി രൂപ. 18 സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമായാണ് ഈ ഭീമമായ തുക കുടിശ്ശികയുള്ളത്. ചൊവ്വാഴ്ച പാർലമെന്റിന് മുമ്പാകെ സമര്‍പ്പിച്ച കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
പശ്ചിമ ബംഗാളിന് മാത്രം 2,770 കോടി രൂപയാണ് കേന്ദ്രം നൽകാനുണ്ട്. കോൺഗ്രസ് ലോക്സഭാ അംഗം രമ്യ ഹരിദാസിന്റെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രം കുടിശ്ശിക വരുത്തിയ തുകയുടെ കണക്ക് പങ്കുവച്ചത്.
പശ്ചിമ ബംഗാൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വേതനം ലഭിക്കാനുള്ളത് കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലാണ്, മൊത്തം 979 കോടി രൂപ. ജെഡിയു-ആർജെഡി സഖ്യം ഭരിക്കുന്ന ബീഹാറിന് 669 കോടി രൂപ നൽകാനുണ്ട്
പശ്ചിമ ബംഗാളില്‍ ഒഴികെയുള്ള മറ്റൊരു സംസ്ഥാനത്തും എംജിഎൻആർഇജിഎസ് വേതന വിതരണത്തിൽ അഞ്ച് മാസത്തിൽ കൂടുതൽ കുടിശ്ശികയില്ലെന്നായിരുന്നു സർക്കാരിന്റെ മറുപടി. പശ്ചിമ ബംഗാൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വേതനം ലഭിക്കാനുള്ളത് കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലാണ്, മൊത്തം 979 കോടി രൂപ. ജെഡിയു-ആർജെഡി സഖ്യം ഭരിക്കുന്ന ബീഹാറിന് 669 കോടി രൂപ നൽകാനുണ്ട്. ഇങ്ങനെ മൊത്തം 18 സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വേതന ഘടകത്തിന് കീഴിലുള്ള പേയ്മെന്റുകൾ കേന്ദ്രം നൽകാനുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
മെറ്റീരിയൽ ഘടകത്തിൽ കേന്ദ്രം പശ്ചിമ ബംഗാളിന് 2,813 കോടി രൂപയും ഉത്തർപ്രദേശിന് 777 കോടി രൂപയും കർണാടകയ്ക്ക് 634 കോടി രൂപയും നൽകാനുണ്ട്
കൂടാതെ, 30 സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി മെറ്റീരിയൽ ഘടകത്തിൽ 6266 കോടി രൂപയുടെ ബാധ്യതയും കേന്ദ്രത്തിനുണ്ട്. തൊഴിലുറപ്പ് ജോലികൾക്കായി ഉപയോഗിക്കുന്ന വസ്തുക്കളുടെ വിലയുടെ 60% ഇത് വഹിക്കുന്നു. ബാക്കി 40% സംസ്ഥാന സർക്കാരുകളാണ് നല്‍കുന്നത്. ഈ ഇനത്തിൽ കേന്ദ്രം പശ്ചിമ ബംഗാളിന് 2,813 കോടി രൂപയും ഉത്തർപ്രദേശിന് 777 കോടി രൂപയും കർണാടകയ്ക്ക് 634 കോടി രൂപയും നൽകാനുണ്ട്. മെറ്റീരിയൽ ഘടകത്തിലെ കാലതാമസം ഭാവി പദ്ധതികളെ ബാധിക്കും. ഇത് തുടർച്ചയാകുമ്പോൾ, അസംസ്കൃത വസ്തുക്കൾ വിതരണം ചെയ്യുന്ന പ്രാദേശിക കച്ചവടക്കാർ സാധനങ്ങൾ നല്‍കാന്‍ വിമുഖത കാണിക്കുകയും ഇത് പദ്ധതിയെ സാരമായി ബാധിക്കുകയും ചെയ്യും.
രാജ്യത്താകെ, 14 കോടിയിലധികം തൊഴിലാളികളാണ് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്ളത്. ഇതിൽ അധികവും സ്ത്രീകളാണ്. ഇവരിൽ പലരും തൊഴിലുറപ്പിനെ മാത്രം ആശ്രയിച്ച് കഴിയുന്നവരുമാണ്. എംജിഎൻആർഇജിഎയുടെ സെക്ഷൻ 3 (3) പ്രകാരം, പ്രതിവാര അടിസ്ഥാനത്തിലോ അല്ലെങ്കിൽ ജോലി ചെയ്ത തീയതിക്ക് രണ്ടാഴ്ചയ്ക്കുള്ളിലോ നല്‍കിയിരിക്കണം എന്നാണ് നിബന്ധന. എന്നാൽ, ഇത്തരത്തിൽ കേന്ദ്രം ഉണ്ടാക്കുന്ന കുടിശ്ശികയും വേതന വിതരണത്തിലെ കാലതാമസവും തൊഴിലാളികളെയും വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്.