കഫ് സിറപ്പില്‍ വിഷാംശം; ഉസ്ബെക്കിസ്ഥാനില്‍ കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഇന്ത്യൻ കമ്പനിയുടെ ലൈസൻസ് റദ്ദാക്കും

കഫ് സിറപ്പില്‍ വിഷാംശം; ഉസ്ബെക്കിസ്ഥാനില്‍ കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഇന്ത്യൻ കമ്പനിയുടെ ലൈസൻസ് റദ്ദാക്കും

36 സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയിതില്‍ 22 എണ്ണത്തിലും എഥിലിന്‍ ഗ്ലൈക്കോളിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു
Updated on
1 min read

ഉസ്‌ബെക്കിസ്ഥാനില്‍ ഇന്ത്യന്‍ നിര്‍മിത കഫ് സിറപ്പ് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവത്തില്‍ കമ്പനിക്കെതിരെ നടപടിയെടുക്കാൻ കേന്ദ്ര സർക്കാർ നിർദേശം. നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറപ്പ് നിര്‍മാണ കമ്പനി മരിയോണ്‍ ബയോടെക്കിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ ഉത്തർപ്രദേശ് സംസ്ഥാന ഡ്രഗ് കൺട്രോള്‍ അതോറിറ്റിക്ക് സർക്കാർ നിർദേശം നല്‍കി. ചുമ സിറപ്പിന്റെ 36 സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയതില്‍ 22 എണ്ണത്തിലും കഫ് സിറപ്പില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത പദാര്‍ഥമായ എഥിലിന്‍ ഗ്ലൈക്കോളിന്റെ സാന്നിധ്യം കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.

മരിച്ചവരെല്ലാം ഗുരുതര ശ്വാസകോശ അസുഖങ്ങൾ ബാധിച്ചവരായിരുന്നെന്ന് ഉസ്‌ബെക്കിസ്ഥാനിലെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു

ഉസ്‌ബെക്കിസ്‍ഥാനില്‍ 18 കുട്ടികള്‍ മരിച്ച സംഭവത്തെത്തുടര്‍ന്ന് ഡോക് -1 മാക്സ് എന്ന ചുമ മരുന്നിന്റെ ഉത്പാദനം കമ്പനി നിര്‍ത്തി വച്ചിരുന്നു. മരിയോണ്‍ ബയോടെക് നിര്‍മിക്കുന്ന രണ്ട് കഫ് സിറപ്പുകള്‍ ഉസ്ബെക്കിസ്ഥാനിലെ കുട്ടികള്‍ക്ക് നല്‍കരുതെന്ന് ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നല്‍കിയിരുന്നു. ആംബ്രോണോള്‍ സിറപ്പ്, ഡോക്ക്-1 മാക്സ് സിറപ്പ് എന്നീ കഫ് സിറപ്പുകള്‍ നല്‍കരുതെന്നായിരുന്നു നിർദേശം. നേരത്തെ ഇന്ത്യന്‍ നിര്‍മിത കഫ് സിറപ്പ് കഴിച്ച് ഗാംബിയയില്‍ 70 ഓളം കുട്ടികള്‍ മരിച്ചിരുന്നു. ഹരിയാന ആസ്ഥാനമായ മെയ്ഡന്‍ ഫാര്‍മയില്‍ നിര്‍മിച്ച കഫ് സിറപ്പാണ് അന്ന് വില്ലനായത്. ഇതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യയിലെ തന്നെ മറ്റൊരു കമ്പനിക്കെതിരെ ആരോപണം ഉയർന്നത്. 

കഫ് സിറപ്പില്‍ വിഷാംശം; ഉസ്ബെക്കിസ്ഥാനില്‍ കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഇന്ത്യൻ കമ്പനിയുടെ ലൈസൻസ് റദ്ദാക്കും
'ഗുണനിലവാരമില്ല'; ഈ രണ്ട് ഇന്ത്യൻ നിർമിത കഫ് സിറപ്പുകൾ ഉപയോഗിക്കരുത്, ഉസ്‌ബെക്കിസ്ഥാന് മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

നിയമലംഘനം നടത്തിയതിന് മഹാരാഷ്ട്രയിലും കഫ് സിറപ്പ് നിര്‍മാണ കമ്പനികളുടെ ലൈസന്‍സ് ഇന്ന് റദ്ദാക്കിയിരുന്നു. സംസ്ഥാനത്തെ 108 കഫ് സിറപ്പ് നിര്‍മാതാക്കളില്‍ 84 എണ്ണത്തിനെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു. ഇതില്‍ ആറ് കമ്പനികളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. നാലെണ്ണത്തിന് ഉത്പാദനം നിര്‍ത്താന്‍ നിര്‍ദേശം നല്‍കി. ചട്ടങ്ങള്‍ ലംഘിച്ചതിന് 17 കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു.

കഫ് സിറപ്പില്‍ വിഷാംശം; ഉസ്ബെക്കിസ്ഥാനില്‍ കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഇന്ത്യൻ കമ്പനിയുടെ ലൈസൻസ് റദ്ദാക്കും
'ഇന്ത്യന്‍ മരുന്ന് വ്യവസായത്തിന് കളങ്കം'; കഫ് സിറപ്പ് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവത്തില്‍ കമ്പനിക്കെതിരെ നടപടി

മരിയോണ്‍ ബയോടെക് നിർമിച്ച കഫ് സിറപ്പ് ഉപയോഗിച്ച കഴിച്ച 21 കുട്ടികളിൽ 18 പേരാണ് ഉസ്ബെക്കിസ്ഥാനില്‍ മരിച്ചത്. മരിച്ചവരെല്ലാം ഗുരുതര ശ്വാസകോശ അസുഖങ്ങൾ ബാധിച്ചവരായിരുന്നെന്നും ഉസ്‌ബെക്കിസ്ഥാനിലെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. പിന്നാലെ മരുന്ന് നിര്‍മാണ കമ്പനിക്കെതിരെ പരാതി ഉന്നയിച്ച് ഉസ്ബെകിസ്ഥാൻ സർക്കാർ രംഗത്തെത്തുകയായിരുന്നു.

logo
The Fourth
www.thefourthnews.in