പ്രത്യേക സമ്മേളനത്തിന്റെ അജണ്ട പുറത്തിറക്കി; നാല് ബില്ലുകളും പാര്‍ലമെന്റിന്റെ 75 വര്‍ഷത്തെ ചരിത്രവും ചര്‍ച്ച ചെയ്യും
പാര്‍ലമെന്റ് പ്രത്യേക സമ്മേളനത്തിന്റെ അജണ്ട പുറത്തിറക്കി. സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ നടക്കുന്ന പാര്‍ലമെന്റ് പ്രത്യേക സമ്മേളനത്തിന്റെ അജണ്ടയുടെ താല്‍ക്കാലിക പട്ടികയാണ് ഇന്ന് ലോക്‌സഭ സെക്രട്ടറിയേറ്റ് പുറത്തിറക്കിയത്.
നാല് ബില്ലുകള്‍ ചര്‍ച്ച ചെയ്യുമെന്ന് അജണ്ടയില്‍ സൂചിപ്പിക്കുന്നു. അഭിഭാഷക ഭേദഗതി ബില്ല് 2023, പ്രസ് ആന്റ് രജിസ്‌ട്രേഷന്‍ ഓഫ് പിരിയോഡിക്കല്‍സ് ബില്ല് 2023 എന്നീ ബില്ലുകള്‍ ലോക്‌സഭയില്‍ അവതരിപ്പിക്കും. ഈ ബില്ലുകള്‍ ഓഗസ്റ്റ് മൂന്നിന് രാജ്യസഭയില്‍ പാസാക്കിയിരുന്നു. പോസ്റ്റ് ഓഫീസ് ബില്‍ 2023, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ- മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ബിൽ 2023 എന്നീ ബില്ലുകളും രാജ്യസഭ ചര്‍ച്ച ചെയ്യും. ഈ ബില്ലുകള്‍ ഓഗസ്റ്റ് 10ന് രാജ്യസഭയില്‍ അവതരിപ്പിച്ചിരുന്നു.
കൂടാതെ പാര്‍ലമെന്റിന്റെ 75 വര്‍ഷത്തെ ചരിത്രവും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. 'സംവിധാന്‍ സഭയില്‍ നിന്ന് ആരംഭിച്ച 75 വര്‍ഷത്തെ യാത്ര-നേട്ടങ്ങള്‍, അനുഭവങ്ങള്‍, ഓര്‍മകള്‍, പാഠങ്ങള്‍' എന്ന വിഷയത്തിലാകും ചര്‍ച്ച നടക്കുക. പ്രത്യേക സമ്മേളനം വിളിച്ച് ചേര്‍ക്കുന്നത് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് പാസാക്കാനാണെന്ന അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. എന്നാല്‍ ഇന്ന് പുറത്തിറക്കിയ അജണ്ടയില്‍ ഈ ബില്ലിനെ കുറിച്ചുള്ള സൂചനയില്ല.
അതേസമയം സമ്മേളനത്തിന് മുന്നോടിയായി സെപ്റ്റംബര്‍ 17ന് സര്‍ക്കാര്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടെയും യോഗം ചേരാന്‍ വിളിച്ച് ചേര്‍ത്തിട്ടുണ്ട്. യോഗത്തില്‍ പങ്കെടുക്കാന്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെയും ഇമെയില്‍ വഴി ക്ഷണിച്ചിട്ടുണ്ടെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി പ്രള്‍ഹാദ് ജോഷി അറിയിച്ചു.
പ്രത്യേക സമ്മേളനം പഴയ പാര്‍ലമെന്റ് മന്ദിരത്തില്‍ തന്നെ ആരംഭിക്കുമെന്നും രണ്ടാം ദിവസം മുതല്‍ സമ്മേളനം പുതിയ മന്ദിരത്തിലായിരിക്കുമെന്നും ഉദ്യോഗസ്ഥര്‍ നേരത്തെ അറിയിച്ചിരുന്നു. ഗണേഷ ചതുര്‍ത്ഥി ദിവസമായ സെപ്റ്റംബര്‍ 19നാണ് പുതിയ മന്ദിരത്തേലക്കുള്ള മാറ്റം തീരുമാനിച്ചിരിക്കുന്നത്.