സ്മൃതി ഇറാനി
സ്മൃതി ഇറാനി

ന്യൂനപക്ഷ ഗവേഷക വിദ്യാര്‍ഥികള്‍ക്കുളള മൗലാനാ ആസാദ് റിസര്‍ച്ച് ഫെല്ലോഷിപ്പ് നിര്‍ത്തലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

വിവിധ ഫെല്ലോഷിപ്പുകള്‍ നിലവില്‍ ന്യൂനപക്ഷ ഗവേഷകര്‍ക്ക് ലഭിക്കുന്നതിനാലാണ് എംഎഎന്‍എഫ് നിര്‍ത്തലാക്കുന്നത് എന്നാണ് മന്ത്രിയുടെ വാദം
Updated on
1 min read

രാജ്യത്തെ ന്യൂനപക്ഷ ഗവേഷക വിദ്യാര്‍ത്ഥികള്‍ക്കുളള മൗലാനാ ആസാദ് റിസര്‍ച്ച് ഫെല്ലോഷിപ്പ് (എംഎഎന്‍എഫ്) കേന്ദ്ര സർക്കാർ നിര്‍ത്തലാക്കുന്നു. അടുത്ത അധ്യയന വര്‍ഷം മുതലാണ് തീരുമാനം നിലവില്‍ വരിക. ലോക്‌സഭയില്‍ ടി എന്‍ പ്രതാപന്‍ എംപി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ്, ന്യൂനപക്ഷ മന്ത്രാലയത്തിന്റെ ചുമതലയുളള മന്ത്രി സ്മൃതി ഇറാനി ഇക്കാര്യം അറിയിച്ചത്. 2023മുതല്‍ ഫെല്ലോഷിപ്പ് നിർത്തലാക്കാന്‍ തീരുമാനിച്ചതായി സ്മൃതി ഇറാനി അറിയിച്ചു. വിവിധ ഫെല്ലോഷിപ്പുകള്‍ നിലവില്‍ ന്യൂനപക്ഷ ഗവേഷകര്‍ക്ക് ലഭിക്കുന്നതിനാലാണ് എംഎഎന്‍എഫ് നിര്‍ത്തലാക്കുന്നത് എന്നാണ് മന്ത്രിയുടെ വാദം.

യുജിസിയുടെ കണക്ക് പ്രകാരം 2014-15 നും 2021-22 നും ഇടയില്‍ 6,722 ഗവേഷകരെ സ്‌കീമിന് കീഴില്‍ തിരഞ്ഞെടുത്തിരുന്നു.

അടുത്തിടെ കേന്ദ്രം ന്യൂനപക്ഷ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പും നിര്‍ത്തലാക്കിയിരുന്നു. നിലവില്‍ എംഎഎന്‍എഫ് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ഈ തീരുമാനം ആശങ്കയിലാക്കിയിട്ടുണ്ട്. ''യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ് കമ്മിഷനാണ് മൗലാനാ ആസാദ് സ്‌കോളര്‍ഷിപ്പ് നടപ്പിലാക്കിയത്. യുജിസിയുടെ കണക്ക് പ്രകാരം 2014-15 നും 2021-22 നും ഇടയില്‍ 6,722 ഗവേഷകരെ സ്‌കീമിന് കീഴില്‍ തിരഞ്ഞെടുക്കുകയും 738.85 കോടി രൂപയുടെ ഫെല്ലോഷിപ്പുകള്‍ വിതരണം ചെയുകയും ചെയ്തു''- സ്മൃതി ഇറാനി പറഞ്ഞു. സർക്കാർ നടപ്പിലാക്കുന്ന ഉന്നത വിദ്യാഭ്യാസത്തിനായുള്ള മറ്റ് ഫെല്ലോഷിപ്പ് സ്കീമുകള്‍ ന്യൂനപക്ഷ വിദ്യാർഥികള്‍ക്ക് ലഭിക്കുന്നതിനാല്‍ 2022-23 മുതല്‍ മൗലാനാ ആസാദ് സ്‌കോളര്‍ഷിപ്പ് നിർത്തലാക്കാന്‍ സർക്കാർ തീരുമാനിച്ചുവെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രത്തിന്റെ തീരുമാനം നിലവിൽ സ്‌കോളർഷിപ്പ് ലഭിച്ചുകൊണ്ടിരിക്കുന്ന കുട്ടികളെ ആശങ്കയിലാക്കിയിട്ടുണ്ടെന്ന് ടി എൻ പ്രതാപൻ പറഞ്ഞു. ഇത് അനീതിയാണ്. നിരവധി ഗവേഷകർക്ക് കൂടുതൽ പഠിക്കാനുള്ള അവസരം ഇതുകാരണം നഷ്ടപ്പെടും. വിഷയം വരും ദിവസങ്ങളിൽ പാർലമെന്റിൽ ഉന്നയിക്കുമെന്നും എംപി വ്യക്തമാക്കി.

സ്‌കോളര്‍ഷിപ്പുകള്‍ അപേക്ഷിക്കുന്നതിലെ അപാകതകള്‍ പരിഹരിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു

ഒബിസിയായി പരിഗണിക്കാത്ത മുസ്ലീം, സിഖ്, ക്രിസ്ത്യൻ വിദ്യാർത്ഥികളെ ഈ നീക്കം പ്രതികൂലമായി ബാധിക്കുമെന്ന് ജാമിയ മില്ലിയ ഇസ്ലാമിയയിലെ നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റ് എൻ എസ് അബ്ദുൾ ഹമീദ് പറഞ്ഞു. സ്‌കോളര്‍ഷിപ്പുകള്‍ അപേക്ഷിക്കുന്നതിലെ അപാകതകള്‍ പരിഹരിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു എന്നാല്‍ അപാകതകള്‍ പരിഹരിക്കുന്നതിന് പകരം സ്‌കോളര്‍ഷിപ്പ് പൂര്‍ണമായും നിര്‍ത്തലാക്കുകയാണ് കേന്ദ്രം ചെയ്തത് ഹമീദ് കൂട്ടിച്ചേര്‍ത്തു.

2005ൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗ് രാജ്യത്തെ മുസ്ലീങ്ങളുടെ സാമൂഹികവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായ സ്ഥിതിഗതികൾ പരിശോധിക്കാൻ രൂപീകരിച്ച സച്ചാർ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് മൗലാനാ ആസാദ് സ്‌കോളര്‍ഷിപ്പ് ആരംഭിച്ചത്. ഏഴംഗ സമിതി 2006 നവംബർ 17നാണ് ഇതുസംബന്ധിച്ച അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്.

logo
The Fourth
www.thefourthnews.in