മദ്യവും മയക്കുമരുന്നും പ്രോത്സാഹിപ്പിക്കുന്ന പരിപാടികള്‍ നിർത്തണം; എഫ് എം റേഡിയോ ചാനലുകള്‍ക്ക് കേന്ദ്ര സർക്കാർ നിർദേശം

മദ്യവും മയക്കുമരുന്നും പ്രോത്സാഹിപ്പിക്കുന്ന പരിപാടികള്‍ നിർത്തണം; എഫ് എം റേഡിയോ ചാനലുകള്‍ക്ക് കേന്ദ്ര സർക്കാർ നിർദേശം

മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ പ്രക്ഷേപണത്തിനുള്ള അനുമതി റദ്ദാക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കും
Updated on
1 min read

മയക്കുമരുന്ന്, മദ്യം, മാരകായുധങ്ങള്‍ എന്നിവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കമുള്ള പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നത് നിര്‍ത്തണമെന്ന് എഫ്എം റേഡിയോ ചാനലുകളോട് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം. മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ പ്രക്ഷേപണത്തിനുള്ള അനുമതി റദ്ദാക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

ചില എഫ്എം റേഡിയോ ചാനലുകള്‍ മദ്യം,മയക്കുമരുന്ന് തുടങ്ങിയവയെ മഹത്വവത്ക്കരിക്കുന്ന പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി. പഞ്ചാബ്, ഹരിയാന ഹൈക്കോടതി ഇത്തരം വിഷയങ്ങളിലുള്ള പ്രക്ഷേപണങ്ങള്‍ കുട്ടികളെ ബാധിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് മന്ത്രാലയത്തിന്റെ നിർദേശം.

കേന്ദ്രത്തിന്റെയോ ഓള്‍ ഇന്ത്യ റേഡിയോയുടെയോ മാനദണ്ഡങ്ങള്‍ തന്നെ പിന്തുടരണമെന്നാണ് നിർദേശം

കേന്ദ്രം മുന്നോട്ട് വയ്ക്കുന്നതോ അല്ലെങ്കില്‍ ഓള്‍ ഇന്ത്യ റേഡിയോ (എഐആര്‍) പിന്തുടരുന്ന അതേ പരസ്യങ്ങളും പ്രോഗ്രാം കോഡുകളും ഉപയോഗിക്കണമെന്ന മാനദണ്ഡമാണ് കേന്ദ്ര വാര്‍ത്താ വിക്ഷേപണ മന്ത്രാലയം പുറത്തിറക്കിയത്. ഓള്‍ ഇന്ത്യ റേഡിയോയുടെ നിലവിലെ പ്രക്ഷേപണ നിയമങ്ങളെ ലംഘിക്കുന്നതാണ് ഇത്തരം പരിപാടികളെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്.

എഫ്എം റേഡിയോ നിയമങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ പ്രക്ഷേപണത്തിനുള്ള അനുമതി താത്കാലികമായി നിര്‍ത്തിവയ്ക്കാനും പ്രക്ഷേപണം നിരോധിക്കുന്നതിനും മന്ത്രാലയത്തിന് അവകാശമുണ്ടെന്നുമാണ് മുന്നറിയിപ്പ്. മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് നിലവില്‍ ഏകദേശം 381 സ്വകാര്യ എഫ്എം റേഡിയോ സ്റ്റേഷനുകൾ നൂറിലധികം നഗരങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്.

ഈയിടെ ടെലിവിഷന്‍ ചാനലുകള്‍ക്കുള്ള പുതുക്കിയ മാർഗ നിർദേശം കേന്ദ്ര സർക്കാർ പുറത്തിറക്കിയിരുന്നു. എല്ലാ ദിവസവും അരമണിക്കൂർ ദേശീയ, തുതാൽപ്പര്യം മുൻനിർത്തിയുള്ള പരിപാടികൾ സംപ്രേഷണം ചെയ്യണമെന്നായിരുന്നു നിർദേശം. കൃഷി, സ്ത്രീ ശാക്തീകരണം, അധ്യാപനം തുടങ്ങിയ വിഷയങ്ങള്‍ക്ക് തുല്യ പ്രാധാന്യം നൽകണമെന്നും നിർദേശിച്ചിരുന്നു.

logo
The Fourth
www.thefourthnews.in