ഇ-കൊമേഴ്സ് വെബ്സൈറ്റുകളിലെ വ്യാജ റിവ്യൂകള്‍ക്ക് പിടിവീഴും: പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടുവരാന്‍ കേന്ദ്രം
രാജ്യത്തെ ഇ -കൊമേഴ്സ് സൈറ്റുകളിലെ വ്യാജ റിവ്യൂകള്‍ക്ക് തടയിടാന്‍ കേന്ദ്ര സര്‍ക്കാര്‍. വ്യാജ റിവ്യൂകള്‍ക്ക് പിടിവീഴുന്ന വിധം ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് തയ്യാറാക്കിയ പുതിയ മാനദണ്ഡം നവംബര്‍ 21ന് കേന്ദ്രം പുറത്തുവിട്ടു. പുതിയ മാനദണ്ഡമനുസരിച്ച് നവംബര്‍ 25 മുതല്‍ റിവ്യൂകള്‍ക്ക് കര്‍ശന മേല്‍നോട്ടമുണ്ടാകും. ഉത്പന്നങ്ങളേയും സേവനങ്ങളെയും സംബന്ധിച്ച് പണം നല്‍കി പരസ്യമായി ചേര്‍ക്കുന്ന റിവ്യൂകള്‍ ഇത്തരം വെബ്സൈറ്റുകള്‍ സ്വമേധയാ പരസ്യപ്പെടുത്തണം. കൃത്രിമ റിവ്യൂകളും യഥാര്‍ഥ റിവ്യൂകളും വേര്‍തിരിക്കുന്നതിനാകും ഇടപെടല്‍. ഇതിന് പുറമെ കൃത്രിമ റിവ്യൂ തയ്യാറാക്കുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാനടപടികളിലേക്ക് കടക്കാനും പുതിയ മാര്‍ഗനിര്‍ദേശത്തില്‍ നടപടികളുണ്ടാകും. വ്യാജ റിവ്യൂ പോസ്റ്റ് ചെയ്യുന്നവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത് വരെ ആലോചനയിലുണ്ട്.
ബിഐഎസ് തയ്യാറാക്കിയ മാനദണ്ഡം പാലിക്കാതിരിക്കുന്നത് തെറ്റായ വ്യാപാര സമ്പ്രദായത്തിന് കാരണമാകുമെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ സെക്രട്ടറി രോഹിത് കുമാര്‍ സിംഗ് പറയുന്നു. അത്തരം സ്ഥാപനങ്ങള്‍ക്കെതിരെ ഉപഭോക്തൃ സംരക്ഷണ നിയമം അനുസരിച്ച് നടപടി സ്വീകരിക്കും. വാണിജ്യ മേഖലയെ തകര്‍ക്കാനായിരിക്കില്ല കേന്ദ്ര ഇടപെടലെന്നും അദ്ദേഹം പറയുന്നു. ആദ്യഘട്ടത്തില്‍ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ കമ്പനികള്‍ക്ക് തന്നെ അവസരം നല്‍കും. ഇതിന് ശേഷവും കൃത്രിമ ഇടപെടലുകള്‍ തുടര്‍ന്നാല്‍ കടുത്ത നടപടികളാകും വെബ്സൈറ്റുകള്‍ നേരിടേണ്ടി വരിക.
ബിഐഎസ് മാനദണ്ഡം തയ്യാറാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിനോട് മെറ്റാ, ഗൂഗിള്‍ തുടങ്ങിയ സാങ്കേതിക പ്രമുഖരും വന്‍കിട കമ്പനികളുടെ പ്രതിനിധികളും സഹകരിച്ചു. വ്യാജ റിവ്യൂകള്‍ വ്യാപാരത്തെ ദോഷമായി ബാധിക്കുന്നതിനാല്‍ നിയന്ത്രണം അനിവാര്യമാണെന്നാണ് ഇവരുടേയും നിലപാട്. പുതിയ മാര്‍ഗ നിര്‍ദേശം പ്രാബല്യത്തില്‍ വരുന്നതോടെ ഇത്തരത്തില്‍ നിയന്ത്രണം കൊണ്ടുവരുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറും.
റിവ്യൂകള്‍ പോസ്റ്റ് ചെയ്യുന്ന വെബ്സൈറ്റുകളെ വിലയിരുത്തുന്നതിനായി 15 ദിവസത്തിനകം കേന്ദ്രം പുതിയ സ്കീം അവതരിപ്പിക്കും. ഉപഭോക്താക്കളിലേക്ക് വിവരങ്ങളെത്തിക്കുന്നതിനായി ബിഐഎസില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിക്കും.
ഓണ്‍ലൈന്‍ റിവ്യൂകള്‍ക്ക് വലിയ സ്വാധീനമുള്ള ട്രാവല്‍, റെസ്റ്റോറന്‍റ്, തുണിത്തരങ്ങള്‍, ഇലക്ട്രോണിക്സ് , മേക്കപ്പ് തുടങ്ങിയവ വെബ്സൈറ്റുകളിലെല്ലാം പുതിയ മാനദണ്ഡ പ്രകാരം റിവ്യൂ വേര്‍തിരിക്കും. റിവ്യൂ പോസ്റ്റ് ചെയ്യുന്നയാള്‍ക്ക് അത് പിന്‍വലിക്കാനും അവസരമുണ്ടാകും.