ജോഷിമഠില്‍ ദീർഘകാല പുനർനിർമാണ പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ കേന്ദ്രം; ഭൂകമ്പ നിരീക്ഷണം കാര്യക്ഷമമാക്കും
ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ ഭൂമി ഇടിഞ്ഞുതാഴുന്നതിനെ മറികടക്കാനുള്ള നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. ജോഷിമഠില്‍ ദീർഘകാല പുനർ നിർമ്മാണ പദ്ധതികള്‍ ആസൂത്രണം ചെയ്യാനാണ് കേന്ദ്രനീക്കം. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പ്രദേശത്ത് തുടർച്ചയായി ഭൂകമ്പ നിരീക്ഷണം നടത്താനും തീരുമാനമായി. ദേശീയ ദുരന്ത നിവാരണ സേന അംഗങ്ങളും മേഖലയില്‍ ക്യാമ്പ് ചെയ്യും. ജോഷിമഠിലും പരിസരങ്ങളിലുമായി നടക്കുന്ന ജലവൈദ്യുത പദ്ധതികളുടേത് ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.
പ്രദേശത്ത് ദേശീയ ദുരന്തനിവാരണ സേനയുടെയും സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും നാല് സംഘങ്ങള്‍ വീതം
ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ച മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനായി ചില മാനദണ്ഡങ്ങളിൽ ഇളവ് വരുത്താൻ നിര്‍ദേശിക്കുകയും ചെയ്തു. ദുരിതബാധിതരായ കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
ഹൈദരാബാദിലെ നാഷണൽ റിമോട്ട് സെൻസിങ് സെന്ററിനോടും, ഡെറാഡൂണിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിങ്ങിനോടും സാറ്റലൈറ്റ് ഇമേജറിയിലൂടെ ജോഷിമഠിനെ കുറിച്ച് പഠനം നടത്തി ഫോട്ടോകൾ സഹിതം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി കെ മിശ്ര, ക്യാബിനറ്റ് സെക്രട്ടറി, കേന്ദ്ര സര്‍ക്കാരിലെ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ദേശീയ ദുരന്ത നിവാരണ അതോറിറ്റി അംഗങ്ങള്‍ എന്നിവർ അവലോകന യോഗത്തില്‍ പങ്കെടുത്തു. ജോഷിമഠിലെ ജില്ലാ ഉദ്യോഗസ്ഥരും ഉത്തരാഖണ്ഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ യോഗത്തില്‍ പങ്കെടുത്തു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളിലൊന്നാണ് ജോഷിമഠ്
ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ പ്രദേശമായ ജോഷിമഠിലും പരിസരത്തുമുള്ള എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും, ചാർധാം ഓൾ-വെതർ റോഡ് (ഹെലാംഗ്-മാർവാരി ബൈപാസ്), എൻടിപിസിയുടെ ഹൈഡൽ പദ്ധതി തുടങ്ങിയ മെഗാ പ്രോജക്ടുകൾ ഉൾപ്പെടെയുള്ളവയെല്ലാം പുതിയ സാഹചര്യത്തില്‍ നിർത്തിവെച്ചിരിക്കുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളിലൊന്നാണ് ജോഷിമഠ്.
ചമോലി ജില്ലയില്‍ സമുദ്രനിരപ്പില്‍ നിന്ന് 6000 അടി ഉയരത്തിലാണ് ജോഷിമഠ് നഗരം. ഡിസംബര്‍ 24 മുതലാണ് ഭൂമിയില്‍ വിള്ളല്‍ വീണുതുടങ്ങിയത് പ്രകടമായത്. ജനുവരി ആദ്യ ദിവസങ്ങളില്‍ വീടുകള്‍ക്ക് വിള്ളല്‍ വീണുതുടങ്ങിയതോടെയാണ് ആശങ്കയേറിയത്. ഇതിനകം അഞ്ഞൂറിലധികം വീടുകള്‍ക്ക് കേടുപാടുകളുണ്ടായി. വിദഗ്ധരുടെ മുന്നറിയിപ്പുകള്‍ അവഗണിച്ചതിനാലാണ് അപകടമുണ്ടായതെന്നാണ് ഉയരുന്ന ആക്ഷേപം.