'ആരുമായും ചർച്ചനടത്തിയിട്ടില്ല',  ബിജെപിയിലേക്കില്ലെന്ന് ചംപയ് സോറൻ, ഇനിയെന്ത്?

'ആരുമായും ചർച്ചനടത്തിയിട്ടില്ല', ബിജെപിയിലേക്കില്ലെന്ന് ചംപയ് സോറൻ, ഇനിയെന്ത്?

ആരാണ് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് അറിയില്ലെന്നും ചംപയ് സോറൻ
Updated on
1 min read

ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ തള്ളി ഝാർഖണ്ഡ് മുൻമുഖ്യമന്ത്രി ചംപയ് സോറൻ. ഡൽഹിലെത്തി ബിജെപി നേതാക്കളുമായി ചർച്ചകൾ നടത്തിയിട്ടില്ലെന്നും ആരാണ് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് അറിയില്ലെന്നുമാണ് ചംപയ് സോറന്റെ പ്രതികരണം. ഭൂമിതട്ടിപ്പു കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്ത ഝാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നേതാവും മുഖ്യമന്ത്രിയുമായ ഹേമന്ത് സോറൻ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയപ്പോഴാണ്, അറസ്റ്റിനു ശേഷം മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത ചംപയ് സോറൻ രാജിവയ്ക്കുന്നത്.

താൻ പാർട്ടിയിൽ നിന്നും അവഹേളിക്കപ്പെട്ടുവെന്ന് കഴിഞ്ഞ ദിവസമാണ് ചംപയ് സോറൻ എക്‌സിൽ എഴുതിയത്. ജൂലൈ മൂന്നിനാണ് ചംപയ് സോറൻ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജിവയ്ക്കുന്നത്. അതിനും മൂന്നു ദിവസം മുമ്പ് തന്നെ മുഖ്യമന്ത്രി എന്ന രീതിയിലുള്ള തന്റെ ഔദ്യോഗിക പരിപാടികൾ പാർട്ടി റദ്ദാക്കിയിരുന്നു എന്നും മുഖ്യമന്ത്രി സ്ഥാനത്തു നിന്നും തന്നെ പുറത്തക്കുകയാണെന്ന് അറിയിച്ചില്ലെന്നും ചംപയ് സോറൻ കുറിപ്പിൽ പറയുന്നു.

ജൂലൈ മൂന്നാം തീയ്യതി ജെഎംഎം എംഎൽഎമാരും മറ്റ് ഇന്ത്യ സഖ്യ നേതാക്കളും ചേർന്ന് നടത്തിയ യോഗത്തിൽ പങ്കെടുക്കുമ്പോൾ മാത്രമാണ് യോഗത്തിന്റെ അജണ്ട മനസിലാകുന്നതെന്നും ആ യോഗത്തിൽ തന്നോട് രാജി ആവശ്യപ്പെടുമെന്നറിയുന്നതെന്നും ചംപയ് സോറൻ കുറിപ്പിൽ പറയുന്നു. തന്റെ ആത്മാഭിമാനത്തിനു ക്ഷതമേറ്റെന്നും, ഒരുകാലത്തും അധികാരത്തോട് അമിതാസക്തിയുണ്ടാകാതിരുന്ന തന്നെ സഹപ്രവർത്തകർ വേദനിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

'ആരുമായും ചർച്ചനടത്തിയിട്ടില്ല',  ബിജെപിയിലേക്കില്ലെന്ന് ചംപയ് സോറൻ, ഇനിയെന്ത്?
'പാര്‍ട്ടി നടപടികളില്‍ ഉള്ളുപൊട്ടി, ഞാന്‍ ഇല്ലാതായതുപോലെ തോന്നി, അത്രകണ്ട് അപമാനിച്ചു'; ബിജെപി പ്രവേശന വാർത്തകൾക്കിടയിൽ ചംപയ് സോറന്റെ വെളിപ്പെടുത്തൽ

ബിജെപി നേതാക്കളുമായി ചംപയ് സോറൻ കൂടിക്കാഴ്ച നടത്തിയെന്നും ബിജെപിയിലേക്ക് പോകാനുള്ള സാധ്യതകളുണ്ടെന്നുമുള്ള വാർത്തകൾ പുറത്തുവരുന്ന സാഹചര്യത്തിലാണ് ചംപയ് സോറൻ കുറിപ്പെഴുതുന്നത്. അദ്ദേഹത്തിന്റെ അടുത്ത നീക്കമെന്തെന്ന ആകാംക്ഷയാണ് കുറിപ്പ് ബാക്കിവച്ചത്. എന്നാൽ ചംപയ് സൊറാനുമായി യാതൊരു ചർച്ചയും നടന്നിട്ടില്ലെന്ന് ഝാർഖണ്ഡ് ബിജെപി അധ്യക്ഷൻ ബാബുലാന്‍ മറാണ്ടിയും പറഞ്ഞിരുന്നു. ഏറ്റവുമൊടുവിൽ ചംപയ് സോറൻ തന്നെ എല്ലാവിധ അഭ്യുഹങ്ങളെയും തള്ളി രംഗത്തെത്തിയിരിക്കുന്നു.

'ആരുമായും ചർച്ചനടത്തിയിട്ടില്ല',  ബിജെപിയിലേക്കില്ലെന്ന് ചംപയ് സോറൻ, ഇനിയെന്ത്?
കൊല്‍ക്കത്ത ബലാത്സംഗക്കൊല: ഡോക്ടർമാരുടെ സുരക്ഷയ്ക്ക് ദേശീയ ദൗത്യസേന, അന്വേഷണ പുരോഗതി അറിയിക്കാൻ സിബിഐക്ക് സുപ്രീംകോടതി നിർദേശം

ഇനി തന്റെ മുന്നിൽ മൂന്നു വഴികളാണ് ഉള്ളതെന്നാണ് കുറിപ്പിൽ ചംപയ് സോറൻ പറഞ്ഞിരുന്നത്. "ഒന്ന് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുക, രണ്ട് മറ്റൊരു രാഷ്ട്രീയ സംഘടന ആരംഭിക്കുക, മൂന്ന് ഇനിയുള്ള യാത്രയിൽ പുതിയ സഹയാത്രികരെ കണ്ടെത്തുക." ഈ വരികൾ ബിജെപി പ്രവേശനം സൂചിപ്പിക്കുന്നു എന്ന വിലയിരുത്തലുകളുണ്ടായിരുന്നു. എന്നാൽ താൻ ബിജെപിയിലേക്കില്ല എന്ന് അസന്നിഗ്ധമായി പ്രഖ്യാപിപ്പിച്ചിരിക്കുകയാണ് ചംപയ് സോറൻ.

logo
The Fourth
www.thefourthnews.in