'ചംപയ് സോറനെ നിരീക്ഷിക്കാൻ ഝാർഖണ്ഡ് പോലീസ്?' ആരോപണവുമായി ഹിമന്ത ബിശ്വ ശർമ

'ചംപയ് സോറനെ നിരീക്ഷിക്കാൻ ഝാർഖണ്ഡ് പോലീസ്?' ആരോപണവുമായി ഹിമന്ത ബിശ്വ ശർമ

കഴിഞ്ഞ പത്തു ദിവസമായി ചംപയ് സോറൻ നിരീക്ഷണത്തിലായിരുന്നു എന്നാണ് ഹിമന്ത ബിശ്വ ശർമ്മയുടെ ആരോപണം
Updated on
2 min read

ബിജെപി പ്രവേശനം പ്രഖ്യാപിച്ച ഝാർഖണ്ഡ് മുൻമുഖ്യമന്ത്രി ചംപയ് സോറൻ കഴിഞ്ഞ പത്തു ദിവസമായി സംസ്ഥാന പോലീസിന്റെ നിരീക്ഷണത്തിലാണെന്ന ആരോപണവുമായി ബിജെപി. ഝാർഖണ്ഡിന്റെ ചുമതലയുള്ള ബിജെപി നേതാവായ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമയാണ് ആരോപണവുമായി രംഗത്തെത്തിയത്. ഓഗസ്റ്റ് 30ന് ബിജെപിയിൽ ചേരാനിരിക്കുന്ന ചംപയ് സോറനെ അതിനു മുമ്പ് ഡൽഹിയിലെത്തിയപ്പോൾ ഝാർഖണ്ഡ് പൊലീസിലെ രണ്ട് സബ്ഇൻസ്‌പെക്ടർമാർ നിരീക്ഷണത്തിന്റെ ഭാഗമായി പിന്തുടർന്നു എന്നാണ് ആരോപണം.

കഴിഞ്ഞ പത്തു ദിവസമായി ചംപയ് സോറൻ നിരീക്ഷണത്തിലായിരുന്നു എന്നാണ് ഹിമന്ത ബിശ്വ ശർമ്മ ഗുവാഹത്തിയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞത്. കഴിഞ്ഞയാഴ്ച്ച ഡൽഹിയിലെത്തിയ ചംപയ് സോറൻ താമസിച്ചിരുന്ന താജ് ഹോട്ടലിൽ മാധ്യമപ്രവർത്തകർ എന്ന വ്യാജേന രണ്ട് പോലീസ് ഉദ്യോഗസ്ഥർ സോറന്റെ ചിത്രങ്ങൾ പകർത്തിയതായി അദ്ദേഹത്തിനൊപ്പമുള്ളവർ സാക്ഷ്യപ്പെടുത്തിയെന്നും ഇതുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഹിമന്ത ബിശ്വ ശർമ്മ പറയുന്നു. എന്നാൽ അങ്ങനെ ഒരു പരാതി നൽകിയതായോ എഫ്ഐആർ രജിസ്റ്റർ ചെയ്തതായോ ചംപയ് സോറാനോ ഡൽഹി പൊലീസോ സ്ഥിരീകരിച്ചിട്ടില്ല.

'ചംപയ് സോറനെ നിരീക്ഷിക്കാൻ ഝാർഖണ്ഡ് പോലീസ്?' ആരോപണവുമായി ഹിമന്ത ബിശ്വ ശർമ
ഒടുവില്‍ പ്രഖ്യാപനം; ചംപയ് സോറന്റെ പുതിയ രാഷ്ട്രീയ അധ്യായം ബിജെപിയ്ക്ക് ഒപ്പം

ആദ്യം മാധ്യമപ്രവർത്തകാരാണെന്നു പരിചയപ്പെടുത്തിയ ഉദ്യോഗസ്ഥർ പിന്നീട് ചംപയ് സോറനുമായി ബന്ധപ്പെട്ടവരുടെ ചോദ്യംചെയ്യലിനെ തുടർന്ന് ഝാർഖണ്ഡ് പൊലീസിലെ സബ് ഇൻസ്‌പെക്ടർമാരാണെന്ന് സമ്മതിക്കുകയായിരുന്നെന്നും ഹിമന്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

രണ്ട് ഉദ്യോഗസ്ഥരെയും ഡൽഹി പോലീസിന് കൈമാറിയെന്നാണ് ഹിമന്ത ബിശ്വ ശർമ അവകാശപ്പെടുന്നത്. സ്പെഷ്യൽ ബ്രാഞ്ചിലെ ഉദ്യോഗസ്ഥരായ ഇവർ കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി തന്നെ ചംപയ് സോറനെ പിന്തുടരുന്നുണ്ടെന്നു സമ്മതിച്ചെന്നും തങ്ങൾക്ക് സ്‌പെഷ്യൽ ബ്രാഞ്ച് ഐജി പ്രഭാത് കുമാർ നൽകിയ നിർദേശത്തെ തുടർന്നാണ് നിരീക്ഷണം നടത്തിയതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നതെന്നും ഹിമന്ത ബിശ്വ ശർമ്മ പറയുന്നു.

ചംപയ് സോറന്‍, ഹിമന്ത ബിശ്വ ശര്‍മ തുടങ്ങിയവര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍
ചംപയ് സോറന്‍, ഹിമന്ത ബിശ്വ ശര്‍മ തുടങ്ങിയവര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

സംഭവത്തിൽ ഝാർഖണ്ഡ് പോലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും ഐജി പ്രഭാത് കുമാറും എഡിജിപി അനുരാഗ് ഗുപ്തയും മൗനം തുടരുകയാണെന്നുമാണ് ഹിമന്ത ബിശ്വശർമയുടെ ആരോപണം.

എന്നാൽ ഝാർഖണ്ഡ് പൊലീസിലെ രണ്ട് സബ് ഇൻസ്പെക്ടർമാരെ തങ്ങൾ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിട്ടുണ്ടെന്ന് ഡൽഹി പോലീസുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ ക്യാബിനറ്റ് പദവിയുള്ള മന്ത്രിമാരുൾപ്പെടെയുള്ളവർ രാജ്യത്തിനകത്ത് സഞ്ചരിക്കുമ്പോൾ സ്വീകരിക്കുന്ന സ്വാഭാവികമായ നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണിതെന്നുമാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

'ചംപയ് സോറനെ നിരീക്ഷിക്കാൻ ഝാർഖണ്ഡ് പോലീസ്?' ആരോപണവുമായി ഹിമന്ത ബിശ്വ ശർമ
'ബലാത്സംഗക്കേസുകളില്‍ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കും'; പ്രത്യേക നിയമം പത്തു ദിവസത്തിനുള്ളിൽ പാസാക്കുമെന്ന് മമത ബാനര്‍ജി

ബിജെപിയിൽ ചേരുമെന്ന വിവരങ്ങൾ പുറത്തു വന്നെങ്കിലും ചംപയ് സോറൻ ഇതുവരെ ഝാർഖണ്ഡ് മുക്തി മോർച്ചയിൽ (ജെഎംഎം) നിന്നോ സംസ്ഥാന കാബിനറ്റിൽ നിന്നോ രാജിവച്ചിട്ടില്ല. തങ്ങളുടെ ക്യാബിനെറ്റിലെ ഒരു മന്ത്രിയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ ഒരു സർക്കാർ പോലീസിനെ ചുമതലപ്പെടുത്തുന്നത് ആദ്യമായാണ് കേൾക്കുന്നത് എന്നാണ് ഹിമന്ത ബിശ്വ ശർമ്മ പരിഹസിക്കുന്നത്. പഞ്ചനക്ഷത്ര ഹോട്ടലിൽ താമസസൗകര്യമുൾപ്പെടെ നൽകിയാണ് ഈ ഉദ്യോഗസ്ഥരെ നിരീക്ഷണത്തിനായി നിയോഗിച്ചതെന്നും ഫോൺ ചോർത്തൽ ഉൾപ്പെടെ നടന്നിരിക്കാനുള്ള സാധ്യതയുള്ളതായും ഹിമന്ത ബിശ്വ ശർമ്മ പറയുന്നു.

logo
The Fourth
www.thefourthnews.in