ബ്രിക്സ് ഉച്ചകോടി ജോഹന്നാസ്ബർഗിൽ; മോദി - ഷി ജിൻപിങ് ഉഭയകക്ഷി ചർച്ച സാധ്യമാകുമോ?

ബ്രിക്സ് ഉച്ചകോടി ജോഹന്നാസ്ബർഗിൽ; മോദി - ഷി ജിൻപിങ് ഉഭയകക്ഷി ചർച്ച സാധ്യമാകുമോ?

40 വർഷത്തിന് ശേഷം ഗ്രീസ് സന്ദർശിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രിയാകും നരേന്ദ്ര മോദി
Updated on
1 min read

പതിനഞ്ചാമത് ബ്രിക്സ് ഉച്ചകോടി ഇന്ത്യ - ചൈന ഉഭയകക്ഷി ചർച്ചയുടെ വേദി കൂടിയായേക്കും. ചർച്ചയെ കുറിച്ചോ അജണ്ടകളെ കുറിച്ചോയുള്ള വിശദാംശങ്ങൾ വിദേശകാര്യമന്ത്രാലയം ഇതുവരെ പുറത്തുവിട്ടിട്ടില്ല. മോദി - ഷി ജിൻ പിങ് ഉഭയകക്ഷി ചർച്ച സാധ്യമാകുകയാണെങ്കിൽ 2020 മെയ് മുതൽ ഇന്ത്യ - ചൈന അതിർത്തിയിൽ പുകയുന്ന അസ്വസ്ഥതകളാകും പ്രധാന അജണ്ട.

കോവിഡിനെ തുടർന്ന് കഴിഞ്ഞ മൂന്ന് വർഷവും ബ്രിക്സ് ഉച്ചകോടി വിർച്വലായാണ് നടത്തിയിരുന്നത്. അതുകൊണ്ടുതന്നെ ഇത്തവണ നിർണായക ഉഭയകക്ഷി ചർച്ചകളുടെ വേദിയായി കൂടി ബ്രിക്സ് മാറുമെന്നാണ് റിപ്പോർട്ടുകൾ. അംഗരാജ്യങ്ങളായ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ നേതാക്കളെല്ലാം ഉച്ചകോടിയിൽ പങ്കെടുക്കും. റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിന് പകരം വിദേശകാര്യമന്ത്രി സെർജി ലാവ്റോവാകും രാജ്യത്തെ പ്രതിനിധീകരിക്കുക. ബ്രിക്സ് വിപുലീകരണം ആവശ്യമോ, അല്ലയോ എന്നതാകും യോഗത്തിന്റെ പ്രധാന അജണ്ട. ഏകദേശം 23 രാജ്യങ്ങളാണ് ബ്രിക്സ് അംഗത്വത്തിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.

ബ്രിക്സ് അംഗരാജ്യങ്ങളിൽ ഇന്ത്യയും - ചൈനയും തമ്മിൽ മാത്രമാണ് അസ്വസ്ഥത പുകയുന്നത്. 2020 മെയ് മുതൽ അതിർത്തിയിലെ പ്രശ്നങ്ങൾ രൂക്ഷമായതിന് ശേഷം കഴിഞ്ഞ നവംബറിൽ ജി 20 ഉച്ചകോടിക്കിടെ ഇരുനേതാക്കളും കണ്ടിരുന്നു. എന്നാൽ അന്നത്തേത് അത്താഴ വിരുന്നിനിടെയുള്ള അഭിവാദ്യം ചെയ്യൽ മാത്രമായിരുന്നു. എന്നാൽ അതിർത്തിയിലെ വിഷയത്തിൽ പ്രതിരോധമന്ത്രാലയങ്ങൾ നടത്തിയ ചർച്ചയുടെ ബാക്കി ഇരുനേതാക്കളും തമ്മിൽ ജോഹന്നാസ്ബർഗിൽ നടത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. പ്രാദേശിക സൈനിക കമാൻഡർമാരുടെ നേതൃത്വത്തിൽ ഇപ്പോഴും മേഖലയിൽ ചർച്ചകൾ തുടരുന്നുണ്ട്. ഓഗസ്റ്റ് 13, 14 തീയതികളിൽ 19-ാം റൗണ്ട്‌ കമാൻഡർതല ചർച്ചകൾ നടന്നിരുന്നു.

ബ്രിക്സ് ഉച്ചകോടിക്ക് ശേഷം ഓഗസ്റ്റ് 25ന് പ്രധാനമന്ത്രി ഗ്രീസിലെത്തും. 40 വർഷത്തിന് ശേഷം ഗ്രീസ് സന്ദർശിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രിയാകും നരേന്ദ്ര മോദി. ഗ്രീസ് പ്രധാനമന്ത്രി കിരിയാകോസ് മിറ്റ്സോടാക്കിസുമായി മോദി ചർച്ചകൾ നടത്തും. ഗ്രീസിലെ ഇന്ത്യൻ സമൂഹത്തേയും അഭിസംബോധന ചെയ്യും. പ്രതിരോധം, വ്യാപാരം, നിക്ഷേപം തുടങ്ങി വിവിധ വിഷയങ്ങൾ ഇരു രാജ്യങ്ങൾക്കുമിടയിൽ ചർച്ചയാകും.

logo
The Fourth
www.thefourthnews.in