വീഡിയോ വിവാദം: ഛണ്ഡീഗഡ് സര്‍വകലാശാല  24 വരെ അടച്ചിടും; വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം അവസാനിപ്പിച്ചു

വീഡിയോ വിവാദം: ഛണ്ഡീഗഡ് സര്‍വകലാശാല 24 വരെ അടച്ചിടും; വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം അവസാനിപ്പിച്ചു

ഹോസ്റ്റല്‍ വാര്‍ഡനെ സ്ഥലം മാറ്റി, രണ്ട് പേര്‍ അറസ്റ്റില്‍
Updated on
1 min read

ഛണ്ഡീഗഡ് സര്‍വകലാശാലയുടെ വനിതാ ഹോസ്റ്റലിലെ ശുചിമുറിദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ പ്രതിഷേധം അവസാനിപ്പിച്ച് വിദ്യാര്‍ത്ഥികള്‍. നീതിയുക്തമായ അന്വേഷണം നടത്തുമെന്ന ഉറപ്പിന്‍മേലാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം അവസാനിപ്പിച്ചത്. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന് ജില്ലാ ഭരണകൂടവും സര്‍വകലാശാല അധികൃതരും ഉറപ്പു നല്‍കിയതിനെത്തുടര്‍ന്നാണ് പുലര്‍ച്ചെ രണ്ട് മണിയോടെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം അവസാനിപ്പിച്ച് മൂന്നരയോടെ മടങ്ങിയത്.

അതേസമയം സംഭവത്തെത്തുടര്‍ന്ന് സര്‍വകലാശാല സെപ്റ്റംബര്‍ 24 വരെ അടച്ചിടാന്‍ തീരുമാനമായി. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ഹോസ്റ്റല്‍ വാര്‍ഡനെ സ്ഥലം മാറ്റുകയും ചെയ്തു. സംഭവത്തെത്തുടര്‍ന്ന് വലിയ പ്രതിഷേധമാണ് സര്‍വകലാശാലയില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയത്. എഫ്‌ഐആറിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടും കേസില്‍ നീതിയുക്തമായ അന്വേഷണം വേണമെന്നുമാവശ്യപ്പെട്ടായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം.

എന്നാല്‍ വീഡിയോ ചിത്രീകരിച്ച പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ മാത്രമാണ് അയച്ചു നല്‍കിയതെന്നും മറ്റുള്ളവരുടെ ദൃശ്യങ്ങള്‍ പെണ്‍കുട്ടി ചിത്രീകരിച്ചിരുന്നില്ലെന്നുമാണ് പൊലീസ് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്. പെണ്‍കുട്ടി കാമുകന് സ്വയം ദൃശ്യങ്ങള്‍ അയച്ചു നല്‍കുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. സര്‍വകലാശാല അധികൃതരും ഇക്കാര്യം തന്നെയാണ് വ്യക്തമാക്കുന്നത്. എന്നാല്‍ ഫൊറന്‍സിക് റിപ്പോര്‍ട്ട് ഇല്ലാതെ ഇക്കാര്യം ഉറപ്പാക്കാന്‍ അധികൃതര്‍ക്ക് എങ്ങനെ സാധിക്കുമെന്നാണ് വിദ്യാര്‍ത്ഥികളുടെ ചോദ്യം.

അതേസമയം സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ കൂടി അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി വീഡിയോ അയച്ചുകൊടുത്ത ആണ്‍സുഹൃത്തും മറ്റൊരു യുവാവുമാണ് പിടിയിലായത്. വീഡിയോ ചിത്രീകരിച്ച് സുഹൃത്തിന് അയച്ചു കൊടുത്ത പെണ്‍കുട്ടിയെ ഇന്നലെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in