വൈ എസ് ആറിനു പകരം എന്‍ ടി ആര്‍! പദ്ധതികളെല്ലാം ഭാര്യാപിതാവിന്റെ പേരിലെഴുതി ചന്ദ്രബാബു നായിഡു
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി പദത്തിലെത്തിയതിന് പിന്നാലെ പെൻഷൻ പദ്ധതിയുടെ പേരിൽ നിന്ന് വൈഎസ്ആറിനെ പുറത്താക്കി എൻ. ചന്ദ്രബാബു നായിഡു. പകരം തെലുങ്ക് ദേശം പാർട്ടിയുടെ (ടിഡിപി) സ്ഥാപക പ്രസിഡൻ്റും മുൻ മുഖ്യമന്ത്രിയുമായ എൻ.ടി. രാമറാവുവിന്റെ പേര് പുനഃസ്ഥാപിച്ചു. കഴിഞ്ഞ വ്യാഴാഴ്ച അധികാരമേറ്റതിന് തൊട്ടുപിന്നാലെ ഒപ്പുവെച്ച ആദ്യത്തെ അഞ്ച് ഫയലുകളിൽ ഒന്നിലാണ് പാവപ്പെട്ടവർക്കുള്ള സാമൂഹ്യ സുരക്ഷാ പെൻഷന്റെ പേര് മാറ്റാൻ അനുമതി നൽകിയത്. വൈഎസ്ആർ ഭറോസ എന്നറിയപ്പെട്ടിരുന്ന പദ്ധതിയുടെ പേര് എൻടിആർ ഭറോസ എന്നാക്കിയാണ് മാറ്റിയത്.
2014 മുതൽ 2019 വരെയുള്ള ടിഡിപി ഭരണകാലത്ത് പ്രചാരത്തിൽ ഉണ്ടായിരുന്ന പദ്ധതി നേരത്തെ എൻടിആറിന്റെ പേരിലായിരുന്നു. എന്നാൽ പദ്ധതിയിൽ ചെറിയ മാറ്റങ്ങൾ വരുത്തുകയും തുക വർധിപ്പിക്കുകയും ചെയ്താണ് ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി വൈഎസ് ജഗൻമോഹൻ റെഡ്ഡി പിതാവ് വൈഎസ് രാജശേഖര റെഡ്ഡിയുടെ (വൈഎസ്ആർ) പേരിലേക്ക് പദ്ധതി മാറ്റിയത്. ചന്ദ്ര ബാബു നായിഡുവിന്റെ ഭാര്യാ പിതാവ് കൂടിയാണ് എൻടിആർ എന്നറിയപ്പെടുന്ന എന്‍ താരക രാമറാവു.
സംസ്ഥാനത്തുടനീളം 200 ഇടങ്ങളിൽ അഞ്ച് രൂപയ്ക്ക് പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും അത്താഴവും വിൽക്കുന്ന 'അണ്ണാ കാൻ്റീനുകൾ' പുനരുജ്ജീവിപ്പിക്കുന്നതിനും നായിഡു അംഗീകാരം നൽകി. ജനങ്ങൾക്കിടയിൽ എൻടിആർ സ്നേഹപൂർവ്വം 'അണ്ണാ' എന്നാണ് അറിയപ്പെട്ടിരുന്നത്. ജഗൻ സർക്കാർ ഈ പദ്ധതി പിരിച്ചുവിടുകയും സർക്കാർ ഓഫീസുകൾ സ്ഥാപിക്കാൻ കെട്ടിടങ്ങൾ ഉപയോഗിക്കുകയും ചെയ്തു. ചൂടുള്ളതും വൃത്തിയുള്ളതുമായ ഭക്ഷണം നൽകുന്നതിനുള്ള ആവി പാചക യന്ത്രങ്ങളുള്ള ഈ കെട്ടിടങ്ങളിൽ പലതും ഉപേക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. ഈ രണ്ട് പദ്ധതികൾ പുനഃസ്ഥാപിക്കുന്നത് ഒരു ആരംഭം മാത്രമാവുമെന്നാണ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. എൻടിആറിന്റെ പ്രതിച്ഛായ പുനഃസ്ഥാപിക്കാനായി ഈ പദ്ധതികൾക്ക് പുറമെ മറ്റ് പദ്ധതികളുടെയും പേര് മാറ്റാൻ സർക്കാർ തയാറെടുക്കുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ട്.
വിജയവാഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന വൈഎസ്ആർ ഹെൽത്ത് സയൻസസ് യൂണിവേഴ്സിറ്റിയുടെ പെരുമാറ്റുമെന്ന ഊഹാപോഹങ്ങൾ ഇതിനോടകം തന്നെ ശക്തമാണ്. 1986ൽ മുഖ്യമന്ത്രിയായിരിക്കെ മെഡിക്കൽ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി ആരോഗ്യത്തിന് മാത്രമായി ഒരു സർവ്വകലാശാല സ്ഥാപിക്കുന്നതിന് മുൻ കൈ എടുത്തത് എൻടിആർ തന്നെയാണ്
വിജയവാഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന വൈഎസ്ആർ ഹെൽത്ത് സയൻസസ് യൂണിവേഴ്സിറ്റിയുടെ പേര് മാറ്റുമെന്ന ഊഹാപോഹങ്ങൾ ഇതിനോടകം തന്നെ ശക്തമാണ്. 1986-ൽ മുഖ്യമന്ത്രിയായിരിക്കെ മെഡിക്കൽ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി ആരോഗ്യത്തിന് മാത്രമായി ഒരു സർവകലാശാല സ്ഥാപിക്കുന്നതിന് മുൻ കൈ എടുത്തത് എൻടിആർ തന്നെയാണ്.
എന്നാൽ ജഗൻ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം സർവകലാശാലയുടെ പേര് മാറ്റുകയായിരുന്നു. നാടകീയ സംഭവങ്ങൾക്കൊടുവിലായിരുന്നു ജഗൻ സർക്കാരിന്റെ നടപടി. ഒറ്റരാത്രികൊണ്ട് അദ്ദേഹം തീരുമാനമെടുത്ത് ഒരു ഓൺലൈൻ മന്ത്രിസഭാ യോഗം വിളിച്ചുചേർത്ത് കരട് ബില്ലിന് അംഗീകാരം നൽകി. സ്പീക്കറുടെ പോഡിയത്തിൽ കയറുകയും കടലാസുകൾ കീറുകയും കഷണങ്ങൾ വലിച്ചെറിയുകയും ചെയ്ത ടിഡിപി അംഗങ്ങളുടെ കടുത്ത പ്രതിഷേധത്തിനിടയിൽ മണിക്കൂറുകൾക്കകം ബിൽ നിയമസഭ പാസാക്കുകയും ചെയ്തു. പിന്നാലെ സംസ്ഥാനത്ത് വിഷയത്തെ ചൊല്ലി പല സംഘർഷങ്ങളും ഉണ്ടായിരുന്നു.
വയോജനങ്ങൾ (ഒഎപി), വിധവകൾ, നെയ്ത്തുകാർ, കള്ള് ചെത്തുതൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, അവിവാഹിതരായ സ്ത്രീകൾ, പരമ്പരാഗത ചെല്ലുത്തൊഴിലാളികൾ, ട്രാൻസ്‌ജെൻഡർമാർ, ഡാപ്പു കലാകാരന്മാർ, കലാകാരന്മാർ തുടങ്ങിയവർക്കുള്ള പെൻഷൻ തുക നിലവിലുള്ള 3,000 രൂപയിൽ നിന്ന് പ്രതിമാസം 4,000 രൂപയായി ഉയർത്താനും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.