ചന്ദ്രബാബു നായിഡുവിന് വീണ്ടും തിരിച്ചടി; ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന് ആവശ്യം, പോയിട്ട് നാളെ വരാന്‍ സുപ്രീംകോടതി

ചന്ദ്രബാബു നായിഡുവിന് വീണ്ടും തിരിച്ചടി; ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന് ആവശ്യം, പോയിട്ട് നാളെ വരാന്‍ സുപ്രീംകോടതി

മാനദണ്ഡങ്ങൾ പാലിച്ചതിന് ശേഷം ഹർജിയിൽ വാദം കേൾക്കാനുള്ള തീയതി ആവശ്യപ്പെട്ടാല്‍ മതിയെന്ന് സുപ്രീംകോടതി
Updated on
1 min read

അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന തെലുഗ് ദേശം പാർട്ടി നേതാവും ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ എൻ ചന്ദ്രബാബു നായിഡുവിന് സുപ്രീംകോടതിയിലും തിരിച്ചടി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി നേരത്തെ പരിഗണിക്കണമെന്ന നായിഡുവിന്റെ ആവശ്യം ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് തള്ളി. ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ് (സിഐഡി) ചന്ദ്രബാബു നായിഡുവിനെതിരെ രജിസ്റ്റർ ചെയ്ത 371 കോടി രൂപയുടെ അഴിമതി കേസ് ഔട്ട് ഓഫ് ടേൺ (ഊഴമെത്തും മുൻപേ) പരിഗണിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ മാനദണ്ഡങ്ങൾ പാലിച്ചതിന് ശേഷം ഹർജിയിൽ വാദം കേൾക്കാനുള്ള തീയതി ആവശ്യപ്പെട്ടാല്‍ മതിയെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഇന്നു പരിഗണിക്കേണ്ട വിഷയങ്ങളുടെ പട്ടികയിൽ ഹർജി ഉൾപ്പെട്ടിട്ടില്ലാത്തതിനാൽ പരിഗണിക്കാനാകില്ലെന്നും സുപ്രീംകോടതിയുടെ നടപടിക്രമങ്ങൾ അനുസരിച്ച്, രജിസ്ട്രാർ തയ്യാറാക്കിയ പട്ടികയിൽ ഉൾപ്പെട്ടാൽ മാത്രമേ ഒരു കേസിന്റെ ഹിയറിങ് തീയതി നിശ്ചയിക്കുയെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

തനിക്കെതിരായ എഫ്ഐആർ റദ്ദാക്കാൻ ആവശ്യപ്പെട്ട് നായിഡു ശനിയാഴ്ച ആന്ധ്രാ ഹൈക്കോടതിയെ സമീപിച്ചിരുന്നു. രാഷ്ട്രീയ വേട്ടയാടലാണെന്ന് അദ്ദേഹം വാദിച്ചെങ്കിലും കേസ് റദ്ദാക്കാൻ കോടതി തയ്യാറായില്ല. അന്വേഷണം അവസാനഘട്ടത്തിലാണെന്നും നായിഡുവിന്റെ മേൽ ആരോപിക്കപ്പെടുന്ന പങ്ക് അന്വേഷിക്കാൻ മുൻ‌കൂർ അനുമതി ആവശ്യമില്ലെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.

ചന്ദ്രബാബു നായിഡുവിന് വീണ്ടും തിരിച്ചടി; ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന് ആവശ്യം, പോയിട്ട് നാളെ വരാന്‍ സുപ്രീംകോടതി
അഴിമതി കേസ്: ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡു അറസ്റ്റിൽ

21 മാസം മുൻപ് രജിസ്റ്റർ ചെയ്ത എഫ് ഐ ആരിൽ തന്റെ പേര് പെട്ടെന്നാണ് കൂട്ടിച്ചേർത്തതെന്ന് ചന്ദ്രബാബു നായിഡു സുപ്രീംകോടതിയിൽ നൽകിയ അപ്പീലിൽ ചൂണ്ടിക്കാട്ടിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ റാലികളും ജനസമ്പർക്ക പരിപാടികളും സംഘടിപ്പിച്ചതിന്റെ പേരിലാണ് നായിഡുവിനെ എഫ്‌ഐആറിൽ നിയമവിരുദ്ധമായി ഉൾപ്പെടുത്തി കസ്റ്റഡിയിലെടുത്തത്, “ഭരണകൂടത്തിന്റെ ആസൂത്രിത പ്രചാരണത്തിലൂടെ സംസ്ഥാനത്തെ ഏറ്റവും വലിയ പ്രതിപക്ഷമായ ടിഡിപിയെ അട്ടിമറിക്കാനുമുള്ള” പദ്ധതിയാണ് നടക്കുന്നതെന്നും സുപ്രീംകോടതിയിൽ നൽകിയ അപേക്ഷയിൽ അദ്ദേഹം വാദിച്ചു.

നൈപുണ്യ വികസന പദ്ധതിക്കായുള്ള സർക്കാർ ഫണ്ട് വകമാറ്റി ഉപയോഗിച്ചുവെന്നാണ് നായിഡുവിനെതിരായ കേസ്. വ്യാജ ഇൻവോയ്‌സുകളിലൂടെ ഷെൽ കമ്പനികളിലേക്ക് ഫണ്ട് മാറ്റുകയായിരുന്നു. ഈ കേസിൽ അറസ്റ്റിലായ നായിഡുവിന്റെ സെപ്റ്റംബർ പത്തിന് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. മുൻ മുഖ്യമന്ത്രിയുടെ ആരോപണവിധേയമായ പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ ഔദ്യോഗിക ചുമതലകളുമായോ പ്രവർത്തനങ്ങളുമായോ ബന്ധമില്ലാത്തതിനാൽ, കേസെടുക്കാൻ സെക്ഷൻ 17-എ പ്രകാരം മുൻകൂർ അനുമതിയുടെ ആവശ്യകത ബാധകമല്ലെന്നും കോടതി പറഞ്ഞിരുന്നു.

logo
The Fourth
www.thefourthnews.in