ഡൽഹി മദ്യനയം: കുറ്റപത്രത്തിൽ ചന്ദ്രശേഖർ റാവുവിന്റെ മകളും
ഡൽഹി മദ്യനയ അഴിമതി ആരോപണക്കേസിൽ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ കവിതയേയും കുറ്റപത്രത്തിൽ ഉൾപ്പെടുത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസിൽ ഉൾപ്പെട്ട മദ്യക്കമ്പനിയായ ഇൻഡോസ്പിരിറ്റ്‌സിൽ കവിതയ്ക്കും പങ്കാളിക്കും 65 ശതമാനം ഓഹരിയുണ്ടെന്നാണ് ഇഡിയുടെ ആരോപണം.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതിയായ ഇൻഡോസ്പിരിറ്റ്‌സ് എം ഡി സമീർ മഹേന്ദ്രുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കവിതയെ പ്രതി ചേർത്തത്. ആം ആദ്മി പാർട്ടി നേതാക്കൾക്ക് 100 കോടി രൂപ കൈക്കൂലി നൽകിയ സൗത്ത് ഗ്രൂപ്പിൽ അംഗമാണ് കവിതയെന്നാണ് കുറ്റപത്രത്തിലെ ആരോപണം. പ്രത്യേക കോടതിയിൽ ഇ ഡി സമർപ്പിച്ച കുറ്റപത്രം ഇന്നലെ പരിഗണിക്കുകയും കേസ് ജനുവരി 5 ന് വാദം കേൾക്കാൻ മാറ്റുകയും ചെയ്തു.
എങ്ങനെയാണ് തട്ടിപ്പ് നടത്തിയത് എന്നതിന്റെ വിശദമായ വിവരണമാണ് കുറ്റപത്രത്തിൽ നൽകിയിരിക്കുന്നത്. എഎപി കമ്മ്യൂണിക്കേഷൻ ഇൻ ചാർജ് വിജയ് നായർ തനിക്കൊരു മൊത്ത വ്യാപാര ബിസിനസ് വാഗ്ദാനം ചെയ്തിരുന്നു. തുടർന്നങ്ങോട്ട് സൗത്ത് ഗ്രൂപ്പുമായുള്ള ബന്ധം ഊട്ടി ഉറപ്പിച്ചത് കവിതയുമായുള്ള ഫോൺ കോളുകളും മെസ്സേജുകളുമാണ്. മൊഴി പ്രകാരം സൗത്ത് ഗ്രൂപ്പിൽ അംഗമായ അരുൺ പിള്ളയെ വിജയ് നായരാണ് പരിചയപ്പെടുത്തുന്നത്.
ഡൽഹി ബിസിനസിൽ നിക്ഷേപം നടത്താൻ അരുണിന് താൽപ്പര്യമുണ്ടെന്നും അരവിന്ദ് കെജ്രിവാളുമായി സൗഹൃദമുള്ള വ്യക്തിയാണെന്നും വിജയ്, മഹേന്ദ്രുവിനോട് പറഞ്ഞിരുന്നു. എന്നാൽ ഈ കൂട്ടുകെട്ടിൽ പങ്കുചേരാൻ മഹേന്ദ്രു തയ്യാറായില്ല. ബിസിനസ്സിൽ നിക്ഷേപിക്കാൻ തയ്യാറാവാതെ ഓഹരി ആവശ്യപ്പെട്ടു എന്നുള്ളതാണ് കാരണമെന്നും കുറ്റപത്രത്തിൽ പറയുന്നു. തുടർന്ന് കവിതയ്ക്കു വേണ്ടിയാണ് അരുൺ കമ്പനിയിൽ താല്പര്യം കാണിച്ചതെന്ന് അയാൾ മഹേന്ദ്രുവിനോട് പറഞ്ഞിരുന്നു എന്നും മൊഴിയിലുണ്ട്.
2022 ൽ ഹൈദരാബാദിലെ വസതിയിൽ വച്ചാണ് കവിത മഹേന്ദ്രുവുമായി നേരിൽ കാണുന്നത്. അവിടെ വച്ച് ഈ ബിസിനസ് മറ്റു സംസ്ഥാനങ്ങളിലേക്കും വിപുലീകരിക്കണമെന്ന് കവിത പറഞ്ഞതായി കുറ്റപത്രത്തിൽ പറയുന്നു. എന്നാൽ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും അന്വേഷണ ഏജൻസികൾ ബിജെപിയുടെ നിർദേശപ്രകാരമാണ് പ്രവർത്തിക്കുന്നതെന്നുമാണ് എഎപി വാദം.
ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉള്‍പ്പടെ 15 പേര്‍ക്കെതിരേ കേസിൽ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. സിസോദിയയ്ക്കു പുറമേ ഉയര്‍ന്ന എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവരാണ് പട്ടികയിലുണ്ടായിരുന്നത്. ക്രിമിനല്‍ ഗൂഡാലോചന, കൃത്രിമ രേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് ചാര്‍ജ് ചെയ്തിരുന്നത്. കേസുമായി ബന്ധപ്പെട്ട് സിസോദിയ ഉള്‍പ്പടെയുള്ളവരുടെ വസതികളിൽ റെയ്ഡ് നടത്തിയിരുന്നു.