'തെളിവില്ല, പോക്സോ കേസ് ഒഴിവാക്കണം'; ബ്രിജ് ഭൂഷണെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു
ലൈംഗികാതിക്രമ കേസില്‍ ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എം പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ഡൽഹി പോലീസ് കുറ്റപത്രം സമർപ്പിച്ചു. 1000 പേജുള്ള കുറ്റപത്രമാണ് ഡല്‍ഹി പാട്യാല ഹൗസ് കോടതിയില്‍ സമർപ്പിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് സ്ഥിരീകരിക്കുന്ന തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി പോക്സോ കേസ് റദ്ദാക്കാനുള്ള അപേക്ഷയും പോലീസ് നല്‍കി. അപേക്ഷയിൽ ജൂലൈ 4ന് കോടതി അടുത്ത വാദം കേൾക്കും.
"പോക്സോ വിഷയത്തിൽ, അന്വേഷണം പൂർത്തിയാക്കിയ ശേഷം, പരാതിക്കാരന്റെ അതായത് ഇരയുടെ പിതാവിന്റെയും ഇരയുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് റദ്ദാക്കാൻ അഭ്യർത്ഥിച്ച് 173 ക്രിമിനല്‍ നടപടി ചട്ട പ്രകാരം പോലീസ് റിപ്പോർട്ട് സമർപ്പിച്ചു," ഡൽഹി പോലീസ് പ്രസ്താവനയിൽ വ്യക്തമാക്കി.
ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ സെക്ഷൻ 354, 354 എ, 354 ഡി ഐപിസി പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഐപിസി 109/ 354/354 എ /506 സെക്ഷൻ പ്രകാരമുള്ള കുറ്റങ്ങളാണ് ഗുസ്തി ഫെഡറേഷൻ മുൻ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് ടോമാറിനെതിരെ ചുമത്തിയിട്ടുള്ളത്.
കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായി ബ്രിജ് ഭൂഷന്റെ ഡൽഹിയിലെ വസതിക്ക് പുറത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. പ്രതിയായ ബ്രിജ് ഭൂഷണിനെതിരെ 25 പേർ മൊഴി രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം ഒരു വനിതാ ഗുസ്തി താരത്തെ ബ്രിജ് ഭൂഷണിന്റെ ഓഫീസിൽ എത്തിച്ച് തെളിവെടുത്തിരുന്നു.
കേസുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് അഞ്ച് രാജ്യങ്ങളിലെ ഗുസ്തി ഫെഡറേഷനുകൾക്ക് കത്തയച്ചെങ്കിലും ഇതുവരെ പ്രതികരണങ്ങളൊന്നും ലഭിച്ചിട്ടില്ല.
ടൂർണമെന്റുകളിൽ നിന്നുള്ള ഫോട്ടോകളും വീഡിയോകളും സിസിടിവി ദൃശ്യങ്ങളും താരങ്ങൾ മത്സരങ്ങൾക്ക് വേണ്ടി താമസിച്ച സ്ഥലങ്ങളിലും സംഘം അന്വേഷിക്കുന്നുണ്ട്. ഈ വിവരങ്ങള്‍ ലഭിച്ചാൽ അനുബന്ധ കുറ്റപത്രം കൂടി സമർപ്പിക്കും. ബ്രിജ് ഭൂഷണിനെതിരെ മൊഴി നൽകിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പിന്നീട് മൊഴി പിൻവലിച്ച് ആരോപണങ്ങൾ നിഷേധിച്ചിരുന്നു.