കുറ്റപത്രം പൊതുരേഖയല്ല; വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് നിര്‍ദേശിക്കാനാവില്ല: സുപ്രീംകോടതി
കേസ് അന്വേഷണത്തിന്റെ ഭാഗമായി ഹാജരാക്കുന്ന കുറ്റപത്രം പൊതുരേഖയല്ലെന്ന് സുപ്രീംകോടതി. പൊതുജനങ്ങള്‍ക്ക് വേഗം പ്രാപ്യമാകുന്ന തരത്തില്‍ കുറ്റപത്രം പൊതു പ്ലാറ്റ്‌ഫോമില്‍ പ്രസിദ്ധപ്പെടുത്താന്‍ പോലീസ്, സിബിഐ, ഇഡി ഉള്‍പ്പെടെ അന്വേഷണ ഏജന്‍സികളോട് നിര്‍ദേശിക്കാനാവില്ല. എഫ്‌ഐആര്‍ പ്രസിദ്ധപ്പെടുത്തുന്നുണ്ടെന്ന കാരണത്താല്‍ മാത്രം കുറ്റപത്രം വെബ്‌സൈറ്റില്‍ ചേര്‍ക്കാനാവില്ലെന്നും ജസ്റ്റിസുമാരായ എം ആര്‍ ഷാ, സി ടി രവികുമാര്‍ ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി. കുറ്റപത്രങ്ങള്‍ അന്വേഷണ ഏജന്‍സികളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണം എന്നാവശ്യപ്പെട്ട് വിവരാവകാശ പ്രവര്‍ത്തകനും മാധ്യമപ്രവര്‍ത്തകനുമായ സൗരവ് ദാസ് നല്‍കിയ പൊതു താത്പര്യ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്.
ബലാത്സംഗം, ലൈംഗികാതിക്രമം ഒഴികെയുള്ള കേസുകളുടെ എഫ്‌ഐആര്‍ 24 മണിക്കൂറിനകം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന 2016ലെ യൂത്ത് ബാര്‍ അസോസിയേഷന്‍ കേസില്‍ സുപ്രീംകോടതി നടത്തിയ വിധിന്യായത്തെ ഉദ്ധരിച്ചുകൊണ്ടായിരുന്നു ഹര്‍ജി. എന്നാല്‍ യൂത്ത് ബാര്‍ അസോസിയേഷന്‍ കേസിലെ വിധിയെ കുറ്റപത്രവുമായി ബന്ധപ്പെടുത്താനാകില്ലെന്ന് കോടതി വ്യക്തമാക്കി. നിരപരാധികളായ പ്രതികള്‍ ഉപദ്രവിക്കപ്പെടാതിരിക്കാനും യോഗ്യതയുള്ളവര്‍ക്ക് കോടതികളില്‍നിന്ന് ഇളവ് തേടാനും സഹായകമാകുന്നതിനാണ് എഫ്‌ഐആര്‍ അപ്‌ലോഡ് ചെയ്യാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്. എഫ്‌ഐആര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതിനെ കുറ്റപത്രത്തിന്റെ കാര്യത്തില്‍ സമീകരിക്കാനാവില്ല. ആരോപണവിധേയരുടെയും ഇരയുടെയും അന്വേഷണ ഏജന്‍സികളുടെപോലും അവകാശങ്ങളെ അത് ഹനിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, കുറ്റപത്രം പൊതുരേഖയാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. കുറ്റപത്രം ഫയല്‍ ചെയ്യുന്നത് ഒരു പൊതു ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ ഉള്‍പ്പെടുന്നതിനാല്‍, 1872ലെ എവിഡന്‍സ് ആക്ടിലെ സെക്ഷന്‍ 74ല്‍ പറയുന്ന പൊതുരേഖകളുടെ പരിധിയില്‍ വരുന്നു. പൊതു ഉദ്യോഗസ്ഥന്‍ കൈകാര്യം ചെയ്യുന്ന ഏതൊരു പൊതു രേഖയും വെളിപ്പെടുത്താമെന്ന എവിഡന്‍സ് ആക്ടിലെ സെക്ഷന്‍ 76 പ്രകാരം പോലീസ് അല്ലെങ്കില്‍ അന്വേഷണ ഏജന്‍സി സമര്‍പ്പിച്ച കുറ്റപത്രം പൊതുവില്‍ വെളിപ്പെടുത്താമെന്ന വാദമാണ് ഹര്‍ജിക്കാരന്‍ മുന്നോട്ടുവെച്ചത്.
എന്നാല്‍ ഹര്‍ജിക്കാരന്റെ വാദം കോടതി തള്ളി. എവിഡന്‍സ് ആക്ടിന്റെ സെക്ഷന്‍ 74ല്‍ പറയുന്നത് മാത്രമാണ് പൊതുരേഖകള്‍. അവയുടെ അംഗീകൃത പകര്‍പ്പുകള്‍ കേസുമായി ബന്ധപ്പെട്ടവര്‍ക്കും പൊതുസമൂഹത്തിനും ലഭ്യമാക്കാം. എന്നാല്‍, കുറ്റപത്രത്തിന്റെ പകര്‍പ്പുകള്‍ ആക്ടിന്റെ കീഴില്‍ പൊതുരേഖയില്‍ ഉള്‍പ്പെടുന്നില്ലെന്നും കോടതി വ്യക്തമാക്കി.