കുനോയിൽ നിന്നൊരു സന്തോഷ വാർത്ത! ഇന്ത്യയിലെത്തിയ ചീറ്റ 'ആശ' ഗർഭിണിയെന്ന് സൂചന
മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിലെ ചീറ്റ 'ആശ' ഗർഭിണിയെന്ന് സൂചന. കഴിഞ്ഞ സെപ്റ്റംബർ 17 ന് നമീബിയയില്‍ നിന്ന് ഇന്ത്യയിൽ എത്തിച്ച ചീറ്റകളിൽ ഒന്ന് ഗർഭിണിയാണെന്ന സൂചനയാണ് മൃഗശാലാ അധികൃതർ നൽകിയത്. എഴുപത് വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയിൽ ചീറ്റകുഞ്ഞുങ്ങൾ പിറവിയെടുക്കുന്നത്.1952ലാണ് രാജ്യത്ത് ചീറ്റകളുടെ വംശനാശം സംഭവിച്ചതായി പ്രഖ്യാപിച്ചത്. ഇതിന് ശേഷം ചീറ്റവംശം നിലനിർത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് ആഫ്രിക്കയിൽ നിന്ന് ചീറ്റകളെ എത്തിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 72-ാം ജന്മദിനത്തിൽ ആണ് നമീബിയയിൽ നിന്ന് എട്ട് ചീറ്റകളെ പ്രത്യേകം തയ്യാറാക്കിയ ചാര്‍ട്ടേഡ് വിമാനത്തില്‍ ഇന്ത്യയിൽ എത്തിച്ചത്. അഞ്ച് ആണ്‍ ചീറ്റകളെയും മൂന്ന് പെണ്‍ ചീറ്റകളെയും ആണ് കുനോ ദേശീയ ഉദ്യാനത്തിൽ എത്തിച്ചിരുന്നത്.
ആശ, ഗർഭാവസ്ഥയുടെ എല്ലാ പെരുമാറ്റ, ശാരീരിക, ഹോർമോൺ ലക്ഷണങ്ങളും പ്രകടിപ്പിക്കുന്നുണ്ടെന്നാണ് കുനോയിലെ ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ ഇതുറപ്പിക്കാൻ ഒക്ടോബർ അവസാനം വരെ കാത്തിരിക്കണം.
പ്രധാനമന്ത്രി നാമകരണം ചെയ്ത ആശ, ഗർഭാവസ്ഥയുടെ എല്ലാ പെരുമാറ്റ, ശാരീരിക, ഹോർമോൺ ലക്ഷണങ്ങളും പ്രകടിപ്പിക്കുന്നുണ്ടെന്നാണ് കുനോയിലെ ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ ഇതുറപ്പിക്കാൻ ഒക്ടോബർ അവസാനം വരെ കാത്തിരിക്കണം. 55 ദിവസമാണ് ചീറ്റകളുടെ ഗർഭധാരണം ഉറപ്പാക്കാൻ വേണ്ടത്. വലിയ പ്രതീക്ഷയോടെയാണ് അധികൃതർ വാർത്തയെ വരവേൽക്കുന്നത്.
സാധാരണ സംരക്ഷിതമല്ലാത്ത പ്രദേശങ്ങളെക്കാൾ ദേശീയോദ്യാനങ്ങൾ , വന്യജീവി സംരക്ഷണ കേന്ദ്രങ്ങൾ പോലെയുള്ള സംരക്ഷിത മേഖലകളിൽ ചീറ്റകുട്ടികളുടെ മരണനിരക്ക് കൂടുതലായതിനാൽ ചീറ്റകുഞ്ഞുങ്ങൾക്ക് അധിക സംരക്ഷണം ആവശ്യമാണ്. ഇത്തരം സംരക്ഷണ മേഖലകളിൽ ചീറ്റയുടെ മരണനിരക്ക് 90% വരെയാകാം. ജനിക്കുമ്പോൾ 240 മുതൽ 425 വരെ ഭാരം ഉണ്ടാവുന്ന ചീറ്റക്കുഞ്ഞുങ്ങൾ അന്ധരായിരിക്കും. ജനിച്ച് കുറച്ചുനാളുകൾക്കുള്ളിൽ തന്നെ കുഞ്ഞുങ്ങളെ ഒറ്റക്കാക്കി 'അമ്മ' ഇരതേടി പോവുന്നതിനാൽ കുഞ്ഞുങ്ങൾക്ക് അമ്മയുടെ സംരക്ഷണം അധിക സമയവും ലഭിക്കാതെ പോകുന്നു. അതിനാൽ കുഞ്ഞുങ്ങളുടെ സംരക്ഷണം അധികൃതരെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളികൾ നിറഞ്ഞ ഒന്നാവും.
സംരക്ഷിത മേഖലകളിൽ ചീറ്റകുഞ്ഞുങ്ങളുടെ അതിജീവനം ദുഷ്ക്കരമായതിനാൽ അധികൃതരുടെ അതീവശ്രദ്ധ ആവശ്യമാണ്
ഒന്നര വർഷത്തോളം കുഞ്ഞുങ്ങളെ അമ്മച്ചീറ്റ സംരക്ഷിക്കുന്നതാണ്. ഈ കാലയളവിൽ ഇരതേടാൻ കുഞ്ഞുങ്ങളും അമ്മയോടൊപ്പം യാത്ര ചെയ്യും. കുഞ്ഞു ജനിച്ച് ആദ്യ മാസങ്ങളിൽ ചീറ്റയ്ക്ക് അധിക ദൂരത്തേക്ക് ഇരതേടി പോകാൻ സാധിക്കില്ല. ഈ കാലയളവിലാണ് കുഞ്ഞുചീറ്റകളുടെ മരണനിരക്ക് കൂടുന്നതും. പത്തിൽ ഒന്ന് എന്ന നിരക്കിലാണ് കുഞ്ഞുങ്ങൾ അതിജീവിക്കുക.