ടിക്കറ്റെടുത്തിട്ടും ജാതിയുടെ പേരിൽ ആദിവാസി കുടുംബത്തിന് പ്രവേശനം നിഷേധിച്ചു; ചെന്നൈയിൽ തിയേറ്ററിനെതിരെ പ്രതിഷേധം

ടിക്കറ്റെടുത്തിട്ടും ജാതിയുടെ പേരിൽ ആദിവാസി കുടുംബത്തിന് പ്രവേശനം നിഷേധിച്ചു; ചെന്നൈയിൽ തിയേറ്ററിനെതിരെ പ്രതിഷേധം

12 വയസിന് താഴയുള്ള കുട്ടികൾ ഉണ്ടായിരുന്നതിനാലാണ് പ്രവേശനം നിഷേധിച്ചതെന്നായിരുന്നു തിയേറ്റർ മാനേജ്മെന്റിന്റെ വാദം
Updated on
1 min read

ചെന്നൈയിൽ സിനിമ കാണാനെത്തിയ ആദിവാസി കുടുംബത്തിന് തിയേറ്ററിനകത്തേക്ക് പ്രവേശനം നിഷേധിച്ചതായി പരാതി. ചെന്നൈയിലെ രോഹിണി തിയേറ്ററിലാണ് സംഭവം. ചിമ്പു നായകനാകുന്ന പത്ത് തല എന്ന ചിത്രം കാണാനെത്തിയ നരിക്കുറവ ആദിവാസി വിഭാഗത്തിൽപെട്ട കുടുംബത്തെയാണ് ടിക്കറ്റ് ഉണ്ടായിട്ടും ജീവനക്കാർ തടഞ്ഞത്. വൻ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ഇവരെ പിന്നീട് തിയേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. തിയേറ്ററിനകത്തേക്ക് കയറാനാകാതെ കുടുംബം വാതിൽക്കൽ നിൽക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ 12 വയസിന് താഴയുള്ള കുട്ടികൾ ഉണ്ടായിരുന്നതിനാലാണ് പ്രവേശനം നിഷേധിച്ചതെന്നായിരുന്നു തിയേറ്റർ മാനേജ്മെന്റിന്റെ വാദം.

മുൻനിര താരങ്ങളുടെ സിനിമകൾ റിലീസ് ചെയ്യുമ്പോൾ രോഹിണി തിയേറ്ററിൽ രാവിലെ പ്രത്യേക ഷോകൾ നടത്താറുണ്ട്. പത്ത് തലയുടെ പ്രത്യേക ഷോ കാണാനാണ് സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുടുംബം എത്തിയത്. തിയേറ്റർ ജീവനക്കാർ ഇവരെ അകത്ത് കടക്കാൻ അനുവദിക്കാതെ വന്നതോടെ സിനിമ കാണാനെത്തിയ മറ്റുള്ളവർ ഇതിനെ ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് ഇവരെ കയറ്റാൻ ജീവനക്കാർ തയ്യാറായത്. ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ആണെന്നും 12 വയസിന് താഴെയുള്ള കുട്ടികൾക്ക് ഇത് കാണാൻ അനുമതിയില്ലാത്തത് കൊണ്ടാണ് പ്രവേശനം നിഷേധിച്ചതെന്നുമാണ് തിയേറ്റർ മാനേജ്മെന്റ് നൽകിയ വിശദീകരണം.

കാര്യം മനസിലാക്കാതെയാണ് ആളുകൾ വിമർശിക്കുന്നതെന്നും അവർ ആരോപിച്ചു. പിന്നീട് കുടുംബം സിനിമ കാണുന്ന ദൃശ്യങ്ങളും ഇവർ പങ്കുവച്ചു. ''നിയമവശങ്ങൾ ഒഴിവാക്കി കുടുംബത്തെ തിയേറ്ററിൽ പ്രവേശിപ്പിച്ചു''-സിനിമ കാണുന്ന കുടുംബത്തിന്റെ വീഡിയോ പങ്കുവച്ച് മാനേജ്മെന്റ് ട്വിറ്ററിൽ കുറിച്ചു. ഇതിനെതിരയും വ്യാപക വിമർശനമാണുയർന്നത്. സംഭവത്തിൽ ക്ഷമ ചോദിക്കാൻ പോലും തയ്യാറാവാതെ മാനേജ്‌മെന്റിന്റെ സമീപനത്തിനെതിരെയും രൂക്ഷ വിമർശനങ്ങൾ ഉയരുന്നുണ്ട്.

സംഗീത സംവിധായകൻ ജിവി പ്രകാശ് അടക്കമുള്ള പ്രമുഖരും തിയേറ്റർ ജീവനക്കാരുടെ നടപടിയെ വിമർശിച്ച് രംഗത്തെത്തി. "കുടുംബത്തെ പിന്നീട് ഹാളിനുള്ളിൽ അനുവദിച്ചുവെന്ന് ഞാൻ മനസിലാക്കുന്നു. എന്നാലും ആദ്യം അവർക്ക് പ്രവേശനം നിഷേധിച്ചത് അപലപനീയമാണ്. കല ആസ്വദിക്കാൻ എല്ലാവർക്കും അവകാശമുണ്ട്." തീയേറ്ററിലെ ദൃശ്യങ്ങൾ പങ്കുവച്ചുകൊണ്ട് ജിവി പ്രകാശ് ട്വീറ്റ് ചെയ്തു. പ്രവേശനം നിഷേധിച്ചതിന് ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഡിഎംകെ എംപി സെന്തിൽകുമാർ അറിയിച്ചു. മാനേജ്മെന്റിനും സംഭവത്തിൽ ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

logo
The Fourth
www.thefourthnews.in