ഛത്തീസ്ഗഡിൽ പള്ളിക്ക് നേരെ ആക്രമണം; പോലീസുദ്യോഗസ്ഥന് പരുക്ക്
ഛത്തീസ്ഗഡിൽ നാരായൺപൂർ നഗരത്തിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം. സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥന് പരുക്കേറ്റു. പ്രതിഷേധം നിയന്ത്രിക്കാനെത്തിയ നാരായൺപൂർ പോലീസ് സൂപ്രണ്ട് സദാനന്ദ് കുമാറിന്റെ തലയ്ക്കാണ് പരുക്കേറ്റത്. മതപരിവർത്തനം നടത്തുന്നെന്നും പള്ളികൾ പണിയാൻ ശ്രമിക്കുന്നെന്നും ആരോപിച്ചാണ് ഒരു കൂട്ടമാളുകൾ അക്രമം അഴിച്ചു വിട്ടത്. സർവ ആദിവാസി സമാജം എന്ന സംഘടനയാണ് ആക്രമണത്തിന് പിന്നലെന്നാണ് റിപ്പോർട്ടുകൾ.
സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പോലീസിന് ഒരുമണിക്കൂറോളം സമയം വേണ്ടി വന്നു. കലാപം അഴിച്ചു വിട്ട ആളുകൾക്കെതിരെ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി. കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തില്‍ പ്രതിഷേധം, സമാധാനപരമായി മുന്നോട്ട് കൊണ്ടുപോകാൻ ആവശ്യപ്പെട്ടെങ്കിലും ഇത് വകവെയ്ക്കാതെ ആക്രമണം അഴിച്ചുവിട്ടെന്ന് എസ്പി സദാനന്ദ് മാധ്യമങ്ങളോട് പറഞ്ഞു.
യോഗത്തിന് മുൻപ് സംസാരിച്ചപ്പോൾ പ്രതിഷേധം സമാധാനപരമായി മുന്നോട്ട് കൊണ്ടുപോകുമെന്നാണ് നേതാക്കൾ ഉറപ്പു നൽകിയിരുന്നതെന്ന് ജില്ലാ കളക്ടർ അജീത് വസന്ത് വ്യക്തമാക്കി. സർവ ആദിവാസി സമാജം എന്ന സംഘടനയുടെ നേതൃത്വത്തിൽ യോഗത്തില്‍ പരാതി നൽകുകയായിരുന്നു ലക്ഷ്യം. മതപരിവർത്തനം നടത്തുന്നെന്ന് ആരോപിച്ച് ഇതേ സംഘടന മുൻപും പള്ളിക്കെതിരെ പരാതിയുമായി രംഗത്തുവന്നിരുന്നെന്നും കളക്ടർ പറഞ്ഞു.