മഹാദേവ് ആപ്പും ആലസ്യവും ബാഗേലിനും കോണ്‍ഗ്രസിനും വിനയാകുമോ? ഛത്തീസ്ഗഢില്‍ ഇഞ്ചോടിഞ്ച്

മഹാദേവ് ആപ്പും ആലസ്യവും ബാഗേലിനും കോണ്‍ഗ്രസിനും വിനയാകുമോ? ഛത്തീസ്ഗഢില്‍ ഇഞ്ചോടിഞ്ച്

ചെറിയ പാർട്ടികളുടെ സാന്നിധ്യം കോൺഗ്രസിനും ബിജെപിയ്ക്കും പ്രശ്നങ്ങൾ സൃഷ്ടിക്കും
Updated on
3 min read

മൂന്നരക്കോടിക്കടുത്ത് മാത്രം ജനസംഖ്യയുള്ള ചെറിയ സംസ്ഥാനമാണ് ഛത്തീസ്ഗഢ്. 90 മണ്ഡലങ്ങള്‍, 1181 സ്ഥാനാര്‍ത്ഥികള്‍. 15 കൊല്ലം തുടര്‍ച്ചയായി ബിജെപി ഭരിച്ചിരുന്ന സംസ്ഥാനത്ത് 2018ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തിരിച്ച് അധികാരത്തിലെത്തി. നടന്ന അഞ്ച് നിയമസഭ തെരഞ്ഞെടുപ്പുകളില്‍ മൂന്ന് തവണയും ബിജെപി ജയിച്ചെങ്കില്‍ പോലും ഛത്തീസ്ഗഢിനെ ഇന്നും കോണ്‍ഗ്രസ് കോട്ടയായി തന്നെയാണ് കണക്കാക്കുന്നത്. കാരണം ഛത്തീസ്ഗഢിന്റെ കോണ്‍ഗ്രസ് ചരിത്രം തന്നെ. അവിഭക്ത മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് വേരുണ്ടാക്കി നല്‍കിയത് തന്നെ ഛത്തീസ്ഗഡ് മേഖലയാണെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

2018 ലെ ജയത്തിന്റെ ആത്മവിശ്വാസം

2018 ല്‍ മിന്നുന്ന ജയമാണ് ഭൂപേഷ് ബഗേലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേടിയത്. 90ല്‍ 68 സീറ്റ് അന്ന് കോണ്‍ഗ്രസ് നേടി. ഇതില്‍ ഏതാണ്ട് മുപ്പത് സീറ്റുകളില്‍ അമ്പത് ശതമാനം വോട്ടാണ് കോണ്‍ഗ്രസിന് ലഭിച്ചത്. അന്ന് ബിജെപി കടുത്ത ഭരണവിരുദ്ധ വികാരം നേരിട്ടിരുന്നുവെങ്കിലും ഇത്രയും വലിയ ജയം കോണ്‍ഗ്രസ് പോലും പ്രതീക്ഷിച്ചില്ലെന്നതാണ് സത്യം. 2018ലെ വിജയത്തിന്റെ ഊര്‍ജ്ജത്തിലും ആത്മവിശ്വാസത്തിലുമാകണം ഇത്തവണ 75 സീറ്റുകള്‍ നേടുമെന്നാണ് മുഖ്യമന്ത്രി ഭൂപേഷ് ബഗേല്‍ അവകാശപ്പെടുന്നത്.

വാഗ്ദാന പെരുമഴയുമായി ബിജെപിയും കോണ്‍ഗ്രസും

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ സ്ത്രീകള്‍ക്ക് വര്‍ഷത്തില്‍ 15000 രൂപ ധനസഹായം നല്‍കുമെന്ന് ബഗേലിന്റെ വാഗ്ദാനവും വോട്ടര്‍മാരെ സ്വാധീനിച്ചേക്കുമെന്ന് പ്രാദേശിക പത്രപ്രവര്‍ത്തകര്‍ പറയുന്നു. അതേസമയം ബിജെപിയും വാഗ്ദാനങ്ങള്‍ കുറച്ചിട്ടില്ല. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് 500 രൂപയ്ക്ക് സിലിണ്ടര്‍ നല്‍കുന്നതും, സംസ്ഥാനത്തെ വലിയ വിഭാഗം വരുമാനത്തിനായി ആശ്രയിക്കുന്ന ടെണ്ടു ഇലകള്‍ക്ക് 4500 രൂപ ബോണസ് നല്‍കുന്നതടക്കം നിരവധി പ്രഖ്യാപനങ്ങളുണ്ട്.

''രണ്ടാം ഘട്ടത്തില്‍ ഇഞ്ചോടിഞ്ച്''

രണ്ടാം ഘട്ടത്തില്‍ ഒരു പാര്‍ട്ടിക്കും എളുപ്പം ജയിച്ചു പോരാനാകില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. ഇരു കൂട്ടര്‍ക്കും മുന്നില്‍ ഒരേ സാധ്യകളാണ് ഉള്ളത്. കര്‍ഷകരുടേയും ആദിവാസികളുടേയും വോട്ടുകളെ സ്വാധീനിക്കാനായാല്‍ ഭരണം കയ്യിലിരിക്കും. കര്‍ഷകരുടെ വായ്പ എഴുതിത്തളിയതടക്കം പല നടപടികളും ബഗേലിന് ഈ മേഖലയില്‍ പിന്തുണ കൂട്ടിയിട്ടുണ്ട്. കര്‍ഷകര്‍ കൂട്ടമായി തന്നെ ബഗേലിന് വോട്ട് ചെയ്‌തേക്കാം. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ സ്ത്രീകള്‍ക്ക് വര്‍ഷത്തില്‍ 15000 രൂപ ധനസഹായം നല്‍കുമെന്ന് ബഗേലിന്റെ വാഗ്ദാനവും വോട്ടര്‍മാരെ സ്വാധീനിച്ചേക്കുമെന്ന് പ്രാദേശിക പത്രപ്രവര്‍ത്തകര്‍ പറയുന്നു. അതേസമയം ബിജെപിയും വാഗ്ദാനങ്ങള്‍ കുറച്ചിട്ടില്ല. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് 500 രൂപയ്ക്ക് സിലിണ്ടര്‍ നല്‍കുന്നതും, സംസ്ഥാനത്തെ വലിയ വിഭാഗം വരുമാനത്തിനായി ആശ്രയിക്കുന്ന ടെണ്ടു ഇലകള്‍ക്ക് 4500 രൂപ ബോണസ് നല്‍കുന്നതടക്കം നിരവധി പ്രഖ്യാപനങ്ങളുണ്ട്. ഇതിനെല്ലാമുപരി 15 വര്‍ഷം തുടര്‍ച്ചയായി ഭരിക്കാന്‍ കഴിഞ്ഞ മണ്ണ് എന്നത് തന്നെയാണ് ബിജെപിക്ക് പ്രതീക്ഷ നല്‍കുന്ന പ്രധാന ഘടകം.

''അവര്‍ക്ക് വേണ്ടത് സൗജന്യങ്ങളല്ല''

ഈ സൗജന്യങ്ങള്‍ കൊണ്ട് മാത്രം കാര്യമില്ലെന്നാണ് ഛത്തീസ്ഗഢില്‍ ജനിച്ചു വളര്‍ന്ന മലയാളിയും ഹിതവാദ പത്രത്തിന്റെ എഡിറ്ററുമായ ഇ വി മുരളി പറയുന്നത്. ''വികസനത്തിന് പകരം സൗജന്യങ്ങള്‍ നല്‍കുന്നതിനാണ് ഇരു പാര്‍ട്ടികളും പ്രകടന പത്രികയില്‍ പ്രാധാന്യം നല്‍കിയത്. സാധാരണക്കാര്‍ക്ക് വേണ്ടത് കൃഷിക്ക് ആവശ്യമായ സൗകര്യങ്ങളും നല്ല റോഡുകളും അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് നല്ല വിപണിയുമൊക്കെയാണ്. അത് നല്‍കാത്തതില്‍ ജനങ്ങള്‍ക്കിടയില്‍ വലിയ നിരാശയുണ്ട്''.

''പൊതുവില്‍ സമാധാന പ്രിയരാണ് ഛത്തീസ്ഗഢുകാര്‍. പ്രകോപനപരമായ രാഷ്ട്രീയം അവര്‍ക്ക് താല്‍പര്യമില്ല. ഒരുപക്ഷേ രമണ്‍ സിംഗിന്റെ ശാന്തമായ രീതികള്‍ തന്നെയാകാം അദ്ദേഹത്തെ പതിനഞ്ച് കൊല്ലം ഭരിക്കാന്‍ സഹായിച്ചത്. ഭൂപേഷ് ബഗേലിന് ഈ ശാന്തത ഇല്ല. അതൊരു തിരിച്ചടിയാകാന്‍ സാധ്യതയുണ്ടെന്നും മുരളി അഭിപ്രായപ്പെട്ടു.

''ഈ അഴിമതി ആരോപണങ്ങളൊന്നും കോണ്‍ഗ്രസിനെ ബാധിക്കുകയേയില്ല . എന്റെ അഭിപ്രായത്തില്‍ കോണ്‍ഗ്രസിന് വിനയാകാന്‍ പോകുന്നത് കോണ്‍ഗ്രസ് തന്നെയാണ്.

സുള്‍ഫിക്കര്‍ അലി , എന്‍ഡിടിവി

ജയം ബഗേലിനും നിര്‍ണായകം

അഞ്ച് വര്‍ഷത്തിനിടെ ബഗേല്‍ സര്‍ക്കാര്‍ നടപ്പാക്കിയ പല പദ്ധതികളും സര്‍ക്കാരിന്റെ ജനപിന്തുണ കൂട്ടാന്‍ ഉതകുന്നതായിരുന്നു. മുപ്പത്തിയഞ്ച് കിലോ സൗജന്യ റേഷന്‍, സ്ത്രീ സഹകരണ സംഘങ്ങള്‍ക്ക് നല്‍കിയ സഹായങ്ങള്‍, സൗജന്യ വിദ്യാഭ്യാസം, വൈദ്യുതി, തുടങ്ങി നിരവധി പദ്ധതികളുണ്ട് ബഗേലിന് എണ്ണി പറയാന്‍. ഛത്തീസ്ഗഢിലെ തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന് മാത്രമല്ല ഭൂപേഷ് ബഗേലിനും അഗ്‌നി പരീക്ഷയാണ്.

ഒരുപക്ഷെ കോണ്‍ഗ്രസിനേക്കാള്‍ ഈ വിജയം ബഗേലിന്റെ ആവശ്യമാണെന്ന് പറയാം. പതിനഞ്ച് വര്‍ഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ചതിന് തുടര്‍ച്ചയായി രണ്ടാം തവണയും ഭരണം നിലനിര്‍ത്തുക എന്നത് , യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായി രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച ബഗേലെന്ന നേതാവിന് വളരെ പ്രധാനമാണ്. ബഗേലിന്റെ പ്രസംഗങ്ങളിലും പ്രസ്താവനകളിലും സംസ്ഥാന നേതാക്കളെയല്ല പ്രധാനമന്ത്രിയെ നേരിട്ടാണ് ആക്രമിക്കുന്നത് എന്നതും കൗതുകകരമാണ്.

അഴിമതി ആരോപണം വിനയാകുമോ, ആദ്യഘട്ട തെരഞ്ഞെടുപ്പിന് ശേഷം ഉയര്‍ന്നു വന്ന മഹാദേവ ആപ്പ്.

കഴിഞ്ഞ രണ്ട് മാസമായി ഛത്തീസ്ഗഡിലെ വിവിധ കോണ്‍ഗ്രസ് നേതാക്കളുടെ ഓഫീസുകളിലും വീടുകളിലുമായി മാരത്തണ്‍ റെയ്ഡ് നടത്തുകയാണ് ഇഡി അടക്കമുള്ള ഏജന്‍സികള്‍. ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ് മഹാദേവ ആപ്പ് കേസ്. മഹാദേവ് എന്ന വാതുവെപ്പ് ആപ്പിന്റെ നിര്‍മ്മാതാക്കളില്‍ നിന്നും 508 കോടി രൂപ മുഖ്യമന്ത്രി ഭൂപേഷ് ബഗേല്‍ കൈപ്പറ്റി എന്നതാണ് ആരോപണം. ഒരു വര്‍ഷത്തോളമായി ഛത്തീസ്ഗഡിലെ പ്രാദേശിക മാധ്യമങ്ങള്‍ മഹാദേവ് ആപ്പിലെ തട്ടിപ്പുകള്‍ സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തു വിട്ടിരുന്നെങ്കിലും കൃത്യ സമയത്ത് അത് സര്‍ക്കാരിനെതിരെ തിരിക്കുകയായിരുന്നു ബിജെപി.

പ്രധാനമന്ത്രി മുതല്‍ കേന്ദ്രമന്ത്രിമാരായ അനുരാഗ് ഠാക്കൂറും, സ്മൃതി ഇറാനിയും വരെ പ്രചാരണ വേദികളില്‍ ഇത് പ്രധാന ആയുധമാക്കി. എന്നാല്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ പാര്‍ട്ടികളെ ഭീഷണിപ്പെടുത്തുന്ന സ്ഥിരം ബിജെപി നമ്പര്‍ മാത്രമാണ് ഇത് എന്നാണ് ബഗേലിന്റെ മറുപടി. എന്ത്‌കൊണ്ട് രണ്ട് വര്‍ഷമായി പ്രധാനമന്ത്രി ഉള്‍പ്പടെയുള്ളവര്‍ ഈ ആപ്പിനെതിരെ സംസാരിച്ചില്ല. എന്ത് കൊണ്ട് കേന്ദ്രം ആപ്പ് നിരോധിച്ചില്ല തുടങ്ങിയ ചോദ്യങ്ങളും ബഗേല്‍ ഉയര്‍ത്തുന്നു.

''വിനയാവുക ആലസ്യം''

''ഈ അഴിമതി ആരോപണങ്ങളൊന്നും കോണ്‍ഗ്രസിനെ ബാധിക്കുകയേയില്ല എന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ടര്‍ സുള്‍ഫിക്കര്‍ അലി പറയുന്നത്. ' എന്റെ അഭിപ്രായത്തില്‍ കോണ്‍ഗ്രസിന് വിനയാകാന്‍ പോകുന്നത് കോണ്‍ഗ്രസ് തന്നെയാണ്. ആദ്യ ഘട്ടത്തിന് ശേഷം കോണ്‍ഗ്രസ് ക്യാമ്പ് പാടെ പിന്നിലായി. പ്രവര്‍ത്തകരെ പലയിടത്തും കാണാന്‍ പോലുമില്ല. അതേസമയം ബിജെപിയുടെ കേഡര്‍ സംവിധാനം ശക്തമായി തന്നെ പ്രവര്‍ത്തിക്കുന്നുമുണ്ട്. ബഗേലിന്റെ പ്രഖ്യാപനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ പ്രവര്‍ത്തകരില്ല എന്നതാണ് കോണ്‍ഗ്രസിന്റെ പ്രധാന വെല്ലുവിളി.

ഛത്തീസ്ഗഡിലെ ആദിവാസി കൂട്ടായ്മയായ സര്‍വ്വ ആദിവാസി സമാജ് രൂപീകരിച്ച പാര്‍ട്ടിയാണ് ഹമര്‍ രാജ് പാര്‍ട്ടി. തൊണ്ണൂറില്‍ അമ്പത് സീറ്റുകളില്‍ പാര്‍ട്ടി മത്സരിക്കുന്നുണ്ട്. മുന്‍ കേന്ദ്ര മന്ത്രി അര്‍വിന്ദ് നേതം ഉള്‍പ്പടെയുള്ളവരാണ് പാര്‍ട്ടിക്ക് പിന്നില്‍. ആദിവാസി മേഖലയിലെ ഒരു വലിയ വിഭാഗം വോട്ടുകള്‍ തീര്‍ച്ചയായും ഹമര്‍ രാജ് പാര്‍ട്ടിക്ക് ലഭിക്കും. ഇത് കൂടാതെ ആംആദ്മി പാര്‍ട്ടി, അമിത് അജിത് ജോഗിയുടെ ജനത കോണ്‍ഗ്രസ് ഛത്തീസ്ഗഢ് എന്നിങ്ങനെ തീരെ ചെറുതല്ലാത്ത പല പാര്‍ട്ടികളുമുണ്ട്

ചെറുപാര്‍ട്ടികള്‍ വോട്ട് ഭിന്നിപ്പിക്കും

ഛത്തീസ്ഗഡിലെ തൊണ്ണൂറില്‍ 29 സീറ്റുകള്‍ എസ്ടി വിഭാഗത്തിനായി സംവരണം ചെയ്തവയാണ്. 2018ല്‍ ഇതില്‍ 25 സീറ്റും നേടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നു. എന്നാല്‍ ഇത്തവണ അത് എളുപ്പമായിക്കൊള്ളണമെന്നില്ല. ക്രൈസ്തവ വിശ്വാസികളായ ആദിവാസി വിഭാഗവും, അതല്ലാത്ത വിഭാഗവും ഉണ്ട് ഛത്തീസ്ഗഡില്‍. ഇവര്‍ക്കിടയില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ പല തരത്തിലുള്ള കലഹങ്ങള്‍ ഉണ്ടായിട്ടുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാരിന് കീഴില്‍ ആദിവാസികള്‍ സുരക്ഷിതരല്ലെന്ന ഒരു വിമര്‍ശനത്തിലേക്ക് ഇത് നയിച്ചിട്ടുണ്ട്. ഹമര്‍ രാജ് പാര്‍ട്ടി ഛത്തീസ്ഗഢിലെ ആദിവാസി കൂട്ടായ്മയായ സര്‍വ്വ ആദിവാസി സമാജ് രൂപീകരിച്ച പാര്‍ട്ടിയാണ് ഹമര്‍ രാജ് പാര്‍ട്ടി. തൊണ്ണൂറില്‍ അമ്പത് സീറ്റുകളില്‍ പാര്‍ട്ടി മത്സരിക്കുന്നുണ്ട്. മുന്‍ കേന്ദ്ര മന്ത്രി അര്‍വിന്ദ് നേതം ഉള്‍പ്പടെയുള്ളവരാണ് പാര്‍ട്ടിക്ക് പിന്നില്‍. ആദിവാസി മേഖലയിലെ ഒരു വലിയ വിഭാഗം വോട്ടുകള്‍ തീര്‍ച്ചയായും ഹമര്‍ രാജ് പാര്‍ട്ടിക്ക് ലഭിക്കും. ഇത് കൂടാതെ ആംആദ്മി പാര്‍ട്ടി, അമിത് അജിത് ജോഗിയുടെ ജനത കോണ്‍ഗ്രസ് ഛത്തീസ്ഗഡ് എന്നിങ്ങനെ തീരെ ചെറുതല്ലാത്ത പല പാര്‍ട്ടികളുമുണ്ട് രംഗത്ത്. സീറ്റ് നേടുമോ എന്നുറപ്പില്ലെങ്കിലും ജയിക്കുന്നതാരെന്ന് തീരുമാനിക്കുന്നതില്‍ ഇവരുടെ പങ്കും നിര്‍ണായകമാവും

logo
The Fourth
www.thefourthnews.in