മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന; ആദ്യഘട്ട സ്ഥാനാര്‍ഥികപട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്
മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥികളുടെ പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. മധ്യപ്രദേശ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി 144 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍ ഛത്തീസ്ഗഡില്‍ 30 സ്ഥാനാര്‍ത്ഥികളെയും അടുത്ത മാസം നടക്കാനിരിക്കുന്ന തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ 55 പേരുടെ പട്ടികയുമാണ് പ്രഖ്യാപിച്ചത്.
മധ്യപ്രദേശില്‍ മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ കമല്‍നാഥ് ചിന്ദ്വാരയില്‍ നിന്നും മുന്‍മുഖ്യമന്ത്രി ദിഗ്വിജയ് സിങ്ങിന്റെ മകന്‍ ജയ്‌വര്‍ധന്‍ സിങ് റാഘിഗത് മണ്ഡലത്തില്‍ നിന്നും ജനവിധി തേടും.
ഛത്തിസ്ഗഡില്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ പതാന്‍ മണ്ഡലത്തില്‍ മത്സരിക്കും. ഉപമുഖ്യമന്ത്രി ടി എസ് സിങ് ദിയോ അംബികാപുര്‍ മണ്ഡലത്തില്‍ നിന്നാകും ജനവിധി തേടുക. തെലങ്കാനയില്‍ സംസ്ഥന അധ്യക്ഷന്‍ അനുമല രേവന്ത് റെഡ്ഡി കോടാങ്ങള്‍ നിയമസഭാ സീറ്റിലും നിയമസഭാകക്ഷി നേതാവ് ഭട്ടി വിക്രമര്‍ക മല്ലു മധിര എസ്സി സീറ്റിലും മത്സരിക്കും.
അതേസമയം, നവംബര്‍ 30 ന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയില്‍ ബിആര്‍എസ് മേധാവിയും മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര്‍ റാവു ഇന്ന് സിദ്ദിപേട്ട് ജില്ലയിലെ ഹുസ്‌നാബാദില്‍ നടക്കുന്ന പൊതുയോഗത്തില്‍ പാര്‍ട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കും. സംസ്ഥാനത്തെ ആകെയുള്ള 119 അസംബ്ലി മണ്ഡലങ്ങളില്‍ 115 എണ്ണത്തിലും കെസിആര്‍ തന്റെ പാര്‍ട്ടി സ്ഥാനാര്‍ഥികളെ ഓഗസ്റ്റ് 21 ന് പ്രഖ്യാപിച്ചിരുന്നു.
ഛത്തീസ്ഗഡില്‍ ആദ്യഘട്ട വോട്ടെടുപ്പ് നവംബര്‍ ഏഴിനും രണ്ടാം ഘട്ടം 17നും നടക്കും. മധ്യപ്രദേശില്‍ നവംബര്‍ 17നും തെലങ്കാനയില്‍ നവംബര്‍ മുപ്പതിനുമാണ് വോട്ടെടുപ്പ് . എല്ലാ സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ ഡിസംബര്‍ മൂന്നിനാണ്.