ന്യായാധിപർ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടവരല്ല, പക്ഷെ ജനങ്ങളോട് ഉത്തരവാദിത്തമുണ്ട്: ഡി വൈ ചന്ദ്രചൂഡ്

ന്യായാധിപർ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടവരല്ല, പക്ഷെ ജനങ്ങളോട് ഉത്തരവാദിത്തമുണ്ട്: ഡി വൈ ചന്ദ്രചൂഡ്

വിഭവങ്ങളുടെ വിതരണം നീതിയുക്തമായാണ് നടക്കുന്നതെന്ന് ഉറപ്പുവരുത്തുകയാണ് കോടതിയുടെ ഉത്തരവാദിത്തമെന്നും ചീഫ് ജസ്റ്റിസ്
Updated on
1 min read

ന്യായാധിപന്മാർ ഭരണഘടനയ്ക്കനുസൃതമായാണ് പ്രവർത്തിക്കുന്നതെന്നും ന്യായമായ വിചാരണയും പൗരന്മാരുടെ ജനാധിപത്യാവകാശം സംരക്ഷിക്കുകയുമാണ് തങ്ങളുടെ ഉത്തരവാദിത്തമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെടാത്തവരായതിനാൽ ന്യായാധിപർക്ക് ജനങ്ങളോട് ഉത്തരവാദിത്തമില്ലെന്ന കാലങ്ങളായി നീതിന്യായ വ്യവസ്ഥിതിക്കുമുകളിൽ നിലനിൽക്കുന്ന വിമർശനത്തിന് മറുപടി പറയുകയായിരുന്നു ചീഫ് ജസ്റ്റിസ്.

രാഷ്ട്രീയ നേതാക്കളല്ലെങ്കിലും ന്യായാധിപർക്ക് ജനങ്ങളോട് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചെർത്തു. ഭൂട്ടാനിലെ വാങ്‌ചുക്കിൽ നടക്കുന്ന സിഗ്മേ സിങ്‌യെ പ്രഭാഷണപരമ്പരയുടെ ഭാഗമായി സംസാരിക്കവെയാണ് ചന്ദ്രചൂഡ് ഈ കാര്യങ്ങൾ പറഞ്ഞത്.

ജനപ്രതിനിധികൾക്കും ന്യായാധിപർക്കും സർക്കാരുകൾക്കും ജനങ്ങളോട് ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് ഉള്ളതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. നീതീന്യായ സംവിധാനത്തിൽ ജനങ്ങളുടെ വിശ്വാസവും പിന്തുണയും അവിഭാജ്യഘടകമാണെന്നും, ആ വിശ്വാസ്യതയാണ് കോടതികളെ സ്വതന്ത്രമായി നിൽക്കാൻ പ്രാപ്തമാക്കുന്നതെന്നും ചീഫ് ജസ്റ്റിസ് പറയുന്നു.

ജനങ്ങൾ നേരിട്ട് തിരഞ്ഞെടുത്ത എക്സിക്യൂട്ടീവ് ആണ് വിഭവങ്ങളുടെ വിതരണം നടത്തുന്നത്. ആ വിതരണം നീതിയുക്തമായാണ് നടക്കുന്നത് എന്ന് ഉറപ്പുവരുത്തുകയാണ് കോടതിയുടെ ഉത്തരവാദിത്തം. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളല്ലാത്തതുകൊണ്ടുതന്നെ ജനങ്ങളുടെ വിശ്വാസം ലഭിക്കുക എന്നത് രാഷ്ട്രീയ നേതാക്കളിൽ നിന്ന് വ്യത്യസ്തമായാണ് തങ്ങൾക്ക് ബാധകമാകുന്നതെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചെർക്കുന്നു.

ന്യായാധിപർ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടവരല്ല, പക്ഷെ ജനങ്ങളോട് ഉത്തരവാദിത്തമുണ്ട്: ഡി വൈ ചന്ദ്രചൂഡ്
'ബംഗ്ലാദേശിലെ സംഭവങ്ങള്‍ പാഠം, ഹിന്ദുക്കള്‍ ജാതിക്കതീതമായി ഒന്നിക്കണം'; സാംസ്കാരികമൂല്യങ്ങളെ തകർക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്ന് മോഹൻ ഭാഗവത്

യുപിഎ ഭരണകാലത്ത് 2ജി സ്പെക്ട്രം വിതരണം ചെയ്തത് കോടതി ഇടപെട്ട് റദ്ദാക്കിയപ്പോഴും, എൻഡിഎ കാലത്ത് നാഷണൽ ജുഡീഷ്യൽ അപ്പോയിന്മെന്റ്സ് കമ്മിറ്റി (എൻജെഎസി) വഴി ജഡ്ജിമാരെ നിയമിക്കാൻ തീരുമാനിച്ചത് തള്ളിയപ്പോഴും ജനങ്ങളോട് നീതിന്യായ വ്യവസ്ഥിതിക്ക് ഉത്തരവാദിത്തമില്ലെന്ന വിമർശനം ഉയർന്നിരുന്നു. പിൽക്കാലത്തും തുടർന്ന ഈ വിമർശനത്തിന് ആദ്യമായി ചീഫ് ജസ്റ്റിസ് മറുപടി പറയുകയായിരുന്നു. ജനങ്ങളുടെ വിശ്വാസ്യത നീതിന്യായ വ്യവസ്ഥിതിയുടെ നിലനിൽപ്പിന് അത്യന്താപേക്ഷിതമായ കാര്യമാണെന്നാണ് ചീഫ് ജസ്റ്റിസ് ആവർത്തിച്ചു പറഞ്ഞ കാര്യം.

പ്രഭാഷണപരമ്പരയ്ക്കായെത്തിയ ചന്ദ്രചൂഡ് ഭൂട്ടാൻ ചീഫ് ജസ്റ്റിസ് ല്യോൻപോ ചൊഗ്യാൽ ദാഗോ റിഗ്‌സിനുമായി കൂടിക്കാഴ്ചനടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള നീതിന്യായ സഹകരണത്തെ കുറിച്ച് ചർച്ചചെയ്യുകയും നാല് ധാരണാപത്രത്തിൽ ഒപ്പുവയ്ക്കുകയും ചെയ്തു.

logo
The Fourth
www.thefourthnews.in