വിചാരണത്തടവുകാരുടെ മോചനം വേഗത്തിലാക്കണമെന്ന് പ്രധാനമന്ത്രി; ജുഡീഷ്യറി സാധാരണക്കാര്‍ക്ക് അപ്രാപ്യമെന്ന് ചീഫ് ജസ്റ്റിസ്

വിചാരണത്തടവുകാരുടെ മോചനം വേഗത്തിലാക്കണമെന്ന് പ്രധാനമന്ത്രി; ജുഡീഷ്യറി സാധാരണക്കാര്‍ക്ക് അപ്രാപ്യമെന്ന് ചീഫ് ജസ്റ്റിസ്

അനായാസമായി നീതി ലഭ്യമാവുന്ന സാഹചര്യം രാജ്യത്തുണ്ടാവണമെന്നും പ്രധാനമന്ത്രി
Updated on
2 min read

രാജ്യത്തെ നിയമ സംവിധാനങ്ങളുടെ കരുത്തും പോരായ്മകളും തുറന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദിയും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണയും. ഡല്‍ഹിയില്‍ നടന്ന പ്രഥമ അഖിലേന്ത്യ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റികളുടെ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് ഇരുവരും ജൂഡീഷ്യല്‍ സംവിധാനത്തെ കുറിച്ചുള്ള ആശങ്കകളും പ്രതീക്ഷകളും വിമര്‍ശനങ്ങളും ഉന്നയിച്ചത്.

നിയമസഹായം കാത്ത് വിവിധ ജയിലുകളില്‍ കഴിയുന്ന വിചാരണ തടവുകാരുടെ മോചനം വേഗത്തിലാക്കണമെന്നായിരുന്നു ജുഡീഷ്യറിയുടെ കാലതാമസത്തെ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശം. അനായാസമായി നീതി ലഭ്യമാവുന്ന സാഹചര്യം രാജ്യത്തുണ്ടാവണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

രാജ്യത്ത് ജീവിക്കാനും ബിസിനസ്സ് ചെയ്യാനും സാധിക്കുന്ന തരത്തില്‍ നീതി അനായാസം ലഭ്യമാകുകയെന്നത് പ്രധാനമാണ്. നിയമ സഹായം ലഭ്യമാകാതെ നിരവധി പേര്‍ വിചാരണ തടവുകാരായി ജയിലുകളില്‍ കഴിയുന്നുണ്ട്. ഇത്തരത്തില്‍ തടവുകാരായി കഴിയുന്നവര്‍ക്ക് നിയമ സഹായം ലഭ്യമാക്കുന്നതിന് ജില്ലാ തലങ്ങളിലുള്ള ലീഗല്‍ സര്‍വീസ് അതോറിറ്റികള്‍ തയ്യാറാവണം.

ജില്ലാതല അണ്ടര്‍ ട്രയല്‍ റിവ്യൂ കമ്മിറ്റികളുടെ ചെയര്‍പേഴ്സന്‍മാര്‍ എന്ന നിലയില്‍ വിചാരണത്തടവുകാരെ മോചിപ്പിക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ജില്ലാ ജഡ്ജിമാര്‍ പ്രവര്‍ത്തിക്കണമെന്നും കോണ്‍ഫറന്‍സില്‍ പങ്കെടുത്ത ജില്ലാ ജഡ്ജിമാരോട് മോദി അഭ്യര്‍ത്ഥിച്ചു. ഈ വിഷയത്തില്‍ നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റി ഒരു കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. ഇത്തരം നടപടികളുമായി അഭിഭാഷകരെകൂടി ഭാഗമാക്കാന്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

രാജ്യത്തെ ജയിലുകളില്‍ വിചാരണ തടവുകാരുടെ എണ്ണം വളരെ കൂടുതലാണെന്നും, ജാമ്യാപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനുള്ള സമയപരിധി നിശ്ചയിക്കാന്‍ നിയമ നിര്‍മാണം നടത്തണമെന്നുമുള്ള സുപ്രീം കോടതി നിര്‍ദേശം ചര്‍ച്ചയായിരുന്നു. ജാമ്യം അനുവദിക്കുന്നത് സുഗമമാക്കുന്നതിന് 'ബെയില്‍ ആക്ടിന്റെ' സ്വഭാവത്തില്‍ പ്രത്യേക നിയമം കൊണ്ടുവരണം എന്നായിരുന്നു ജൂലൈ 12 സുപ്രീം കോടതി നിര്‍ദേശിച്ചത്. ഈ സാഹചര്യത്തില്‍ ഏറെ പ്രാധാന്യമുള്ളതാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

രാജ്യത്തെ നിയമ സംവിധാനങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ ചടങ്ങില്‍ സംസാരിച്ചത്. പൗരന്‍മാര്‍ക്ക് മെച്ചപ്പെട്ട സാഹചര്യങ്ങള്‍ ഒരുക്കണമെങ്കില്‍ ജുഡീഷ്യറിയെ ബാധിച്ചിട്ടുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതുണ്ട്. ഇതിനര്‍ത്ഥം പ്രശ്‌നങ്ങള്‍ മറച്ച് പിടിക്കുക എന്നതല്ലെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടുന്നു. ജൂഡീഷ്യല്‍ സംവിധാനങ്ങള്‍ നേരിടുന്ന വിഷയങ്ങള്‍ അഭിസംബോധന ചെയ്തില്ലെങ്കില്‍ വ്യവസ്ഥിതി തന്നെ തകരാറിലാകും. സാമൂഹ്യനീതി എന്ന ഭരണഘടനാപരമായ കര്‍ത്തവ്യം നിറവേറ്റാന്‍ കഴിയാതെ വരുമെന്ന് ഭയപ്പെടുന്നതായും അദ്ദേഹം പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

രാജ്യത്തെ സാധാരണക്കാരില്‍ ഭൂരിഭാഗത്തിനും നിയമ സംവിധാനങ്ങള്‍ അപ്രാപ്യമാണെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ഭരണ ഘടന ഒരോ പൗരനും വാഗ്ദാനം ചെയ്യുന്ന തുല്യനീതി എല്ലാവര്‍ക്കും ലഭിക്കണം. ജനസംഖ്യയുടെ ഒരു ചെറിയ ശതമാനം മാത്രമെ ആവശ്യമുള്ളപ്പോള്‍ നീതിന്യായ വ്യവസ്ഥയെ സമീപിക്കാന്‍ സാധിക്കുന്നൊള്ളു. വലിയൊരു ജനവിഭാഗം വ്യക്തമായ ധാരണയും മാര്‍ഗങ്ങളുമില്ലാതെ കഷ്ടപ്പെടുന്ന നിലയാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തെ ജില്ലാ തലങ്ങളിലുള്ള ജുഡീഷ്യല്‍ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ചീഫ് ജസ്റ്റിസ് രമണ പറഞ്ഞു. ജനങ്ങളുമായും നേരിട്ട് ബന്ധപ്പെടാനുള്ള ആദ്യ പടിയാണ് ജില്ലാ തലത്തിലുള്ള കോടതികള്‍. ജുഡീഷ്യറിയെക്കുറിച്ചുള്ള പൊതുജനാഭിപ്രായം രൂപം കൊള്ളുന്നത് ജില്ലാ ജുഡീഷ്യല്‍ ഓഫീസര്‍മാരുമായുള്ള ജനങ്ങളുടെ അനുഭവങ്ങളെ അടിസ്ഥാനമാക്കിയാണ്. ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയുടെ നട്ടെല്ലാണ് ജില്ലാ ജുഡീഷ്യറി. ജനങ്ങളുടെ പ്രശ്നങ്ങളും സാമൂഹിക പ്രശ്നങ്ങളും മനസിലാക്കാന്‍ കഴിയണം. ഇന്ത്യയിലെ നിയമസഹായ പ്രസ്ഥാനത്തിന് പിന്നിലെ പ്രേരകശക്തിയാണ് ജില്ലാ കോടതികളെന്നും സിജെഐ പറഞ്ഞു.

പ്രധാനമന്ത്രിക്കും, ചീഫ് ജസ്റ്റിസിനും പുറമെ, കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു, ജസ്റ്റിസുമാരായ യു യു ലളിത്, ഡിവൈ ചന്ദ്രചൂഢ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

logo
The Fourth
www.thefourthnews.in