'വംശഹത്യയെന്ന് പറഞ്ഞിട്ടില്ല, വിമർശിച്ചത് മനുഷ്യത്വരഹിത വിവേചനങ്ങളെ'; സനാതന ധർമ വിവാദത്തിൽ മകനെ പിന്തുണച്ച് സ്റ്റാലിൻ
സനാതന ധർമ പരാമർശത്തില്‍ മകൻ ഉദയനിധി സ്റ്റാലിനെ ന്യായീകരിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. "പട്ടികജാതി-, വർഗ വിഭാഗങ്ങൾക്കും സ്ത്രീകൾക്കുമെതിരെ വിവേചനങ്ങൾ കാണിക്കുന്ന സനാതന ധർമം പ്രബോധനം ചെയ്യുന്ന മനുഷ്യത്വരഹിതമായ തത്വങ്ങളെക്കുറിച്ച് മാത്രമേ ഉദയനിധി സംസാരിച്ചിട്ടിട്ടുള്ളൂവെന്ന് സ്റ്റാലിൻ പറഞ്ഞു.
ഒരു മതത്തെയും വിശ്വാസത്തെയും വ്രണപ്പെടുത്താൻ ഉദയനിധി ശ്രമിച്ചിട്ടില്ല. ഉദയനിധിയുടെ പ്രസ്താവനയെ തെറ്റായി വാഖ്യാനം ചെയ്ത് കഥകൾ മെനഞ്ഞുണ്ടാക്കിയത് ബിജെപി അനുകൂല ശക്തികളാണെന്നും സ്റ്റാലിൻ തമിഴിലും ഇംഗ്ലീഷിലും പുറത്തിറക്കിറക്കിയ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
"അടിച്ചമർത്താൻ ആഹ്വാനം ചെയ്യുന്ന തത്വങ്ങൾക്കെതിരായ ഉദയനിധിയുടെ നിലപാട് സഹിക്കാൻ കഴിയാതെ ബിജെപി അനുകൂല ശക്തികൾ സനാതൻ ചിന്താഗതിക്കാരായ ആളുകളെ വംശഹത്യ നടത്താൻ ഉദയനിധി ആഹ്വാനം ചെയ്തുവെന്ന് ആരോപിച്ച് തെറ്റായ വാർത്ത പ്രചരിപ്പിച്ചു. ബിജെപി വളർത്തിയെടുത്ത സോഷ്യൽ മീഡിയ ആൾക്കൂട്ടം ഈ അസത്യം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ചു. എന്നിരുന്നാലും, ബഹുമാനപ്പെട്ട മന്ത്രി ഉദയനിധി തമിഴിലോ ഇംഗ്ലീഷിലോ വംശഹത്യ എന്ന വാക്ക് ഉപയോഗിച്ചിട്ടില്ല. എന്നിട്ടും അങ്ങനെ അവകാശപ്പെട്ട് നുണകൾ പ്രചരിപ്പിച്ചു," സ്റ്റാലിൻ ചൂണ്ടിക്കാട്ടി.
"സനാതന ധർമ്മം ഉന്മൂലനം ചെയ്യണം" എന്ന ഉദയനിധിയുടെ പരാമർശം അത് പിന്തുടരുന്ന ജനസംഖ്യയുടെ 80 ശതമാനം "വംശഹത്യ"ക്കുള്ള ആഹ്വാനമാണെന്ന ബിജെപി ഐടി വകുപ്പ് തലവൻ അമിത് മാളവ്യയുടെ ട്വീറ്റിന് പിന്നാലെയാണ് സ്റ്റാലിന്റെ പ്രതികരണം.
സനാതന ധർമത്തിനെതിരായ ഉദയനിധിയുടെ പരാമർശങ്ങൾക്ക് കൃത്യമായ മറുപടി നൽകണമെന്ന് പ്രധാനമന്ത്രി തന്റെ മന്ത്രിമാർക്ക് നിർദേശം നൽകിയത് നിരാശാജനകമാണെന്നും സ്റ്റാലിൻ പറഞ്ഞു. ഉദയനിധി എന്താണ് സംസാരിച്ചതെന്നറിയാതെയാണ് പ്രധാനമന്ത്രി അഭിപ്രായം പറയുന്നതെന്നും അത് അനീതിയാണെന്നും അദ്ദേഹം പറഞ്ഞു.
സനാതന ധര്‍മ്മം സാമൂഹ്യ നീതി എന്ന ആശയത്തിന് യോജിച്ചതല്ലെന്നും അത് ഉന്മൂലം ചെയ്യണമെന്ന് താന്‍ വിശ്വസിക്കുന്നതായും യുവജനക്ഷേമ കായിക വികസന മന്ത്രി ഉദയനിധി സ്റ്റാലിന്റെ പരാമർശമാണ് വലിയ വിവാദങ്ങൾക്ക് വഴി വെച്ചത്. നാതന ധര്‍മത്തെ ഡെങ്കു, മലേറിയ തുടങ്ങിയ രോഗങ്ങളുമായാണ് ഉദയനിധി താരതമ്യം ചെയ്തത്.
തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ആർട്ടിസ്റ്റ്സ് അസോസിയേഷന്റെ പരിപാടിയിൽ പങ്കെടുക്കവെയായിരുന്നു ഉദയനിധിയുടെ വിവാദ പരാമർശം. ഉധനനിധിയെ വിമർശിച്ച ബിജെപി ഐടി സെല്‍ മേധാവിക്കും അയോധ്യയിലെ സന്യാസിക്കെതിരെയും തമിഴ്നാട് പോലീസ് നേരത്തെ കേസെടുത്തിരുന്നു.