മഞ്ഞുരുകുമോ? പതിറ്റാണ്ടിന് ശേഷം ആന്ധ്ര-തെലങ്കാന മുഖ്യമന്ത്രിമാര്‍ തമ്മില്‍ കാണുമ്പോള്‍
ആന്ധപ്രദേശ് വിഭജനം നടന്ന് പത്ത് വര്‍ഷം പിന്നിടുമ്പോള്‍ ചരിത്രം കുറിച്ച് ആന്ധ്ര-തെലങ്കാന മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ച. ഒരു ദശാബ്ദത്തിനിടെ ഇതാദ്യമായാണ് ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ തമ്മില്‍ ഔദ്യോഗിക കൂടിക്കാഴ്ച നടത്തുന്നത്.
ഇരുസംസ്ഥാനങ്ങളിലും അടുത്തിടെ ഉണ്ടായ നിര്‍ണായ രാഷ്ട്രീയ മാറ്റങ്ങള്‍ രാഷ്ട്രീയ വൈര്യത്തിന് അപ്പുറം സംസ്ഥാനങ്ങളുടെ ക്ഷേമത്തിന് വഴിയൊരുക്കുമോ എന്നതാണ് രാജ്യം ഉറ്റുനോക്കുന്ന മറ്റൊരു വിഷയം
ഹൈദരാബാദിലെ ബേഗംപേട്ടിലെ ജ്യോതിറാവു ഫുലേ ഭവനില്‍ ശനിയാഴ്ചയായിരുന്നു നിര്‍ണായക കൂടിക്കാഴ്ച. യോഗത്തിനെത്തിയ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും ആന്ധ്ര മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവും തമ്മില്‍ നടത്തിയ ആലിംഗനം ഇരു സംസ്ഥാനങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കവിഷയങ്ങളില്‍ പരിഹാരത്തിനുള്ള വഴിതുറക്കുമെന്നാണ് പ്രതീക്ഷ. നിലവിലുള്ള തര്‍ക്കവിഷയങ്ങള്‍ക്ക് പുറമെ ഇരുസംസ്ഥാനങ്ങളുടെയും ഭാവിക്ക് നിര്‍ണായകമായ വിഷയങ്ങളും ചര്‍ച്ചയായെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആന്ധ്ര വിഭജനത്തിന് ശേഷം ഇരു സംസ്ഥാനങ്ങളും തമ്മില്‍ നിരവധി വിഷയങ്ങളില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇരു സംസ്ഥാനങ്ങളും പരസ്പരം നല്‍കേണ്ട വൈദ്യുതി കുടിശ്ശിക തീര്‍ക്കുക, 91 സ്ഥാപനങ്ങളുടെ വിഭജനം, ക്യാഷ് ബാലന്‍സ്, ബാങ്ക് നിക്ഷേപം എന്നിവയുടെ വിഭജനം എന്നിവ ഉള്‍പ്പെടെ പതിനാലോളം വിഷയങ്ങളാണ് നിലവിലുള്ളത്. പണത്തിന്റെയും ആസ്തികളുടെയും ഫലപ്രദമായ വിഭജനം പൂര്‍ത്തിയായാല്‍ രണ്ട് സംസ്ഥാനങ്ങള്‍ക്കും ആവശ്യമായ ഫണ്ടുകള്‍ ലഭ്യമാകുന്ന നിലയുണ്ടാകും. ഇതിന് പുറമെ തെലങ്കാനയുടെ പരിധിയില്‍ ഉള്‍പ്പെടെ ചില ഗ്രാമങ്ങള്‍ ആന്ധ്രയിലേക്ക് തിരികെ കൊണ്ടുവരാന്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ആവശ്യവും ശക്തമാണ്. വിവിധ വിഷയങ്ങളില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കാട്ടി ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എഴുതിയ കത്താണ് ഇന്നലത്തെ കൂടിക്കാഴ്ചയ്ക്ക് വഴി തുറന്നത്. നായിഡുവിന്റെ നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്ത രേവന്ത് റെഡ്ഡി ജൂലൈ ആറിന് കൂടിക്കാഴ്ച നിശ്ചയിക്കുകയായിരുന്നു.
ഇരുസംസ്ഥാനങ്ങളിലും അടുത്തിടെ ഉണ്ടായ നിര്‍ണായക രാഷ്ട്രീയ മാറ്റങ്ങള്‍ രാഷ്ട്രീയ വൈര്യത്തിന് അപ്പുറം സംസ്ഥാനങ്ങളുടെ ക്ഷേമത്തിന് വഴിയൊരുക്കുമോ എന്നതാണ് രാജ്യം ഉറ്റുനോക്കുന്ന മറ്റൊരു വിഷയം. മുന്‍ സഹപ്രവര്‍ത്തകര്‍ എന്ന നിലയില്‍ ഇരു നേതാക്കള്‍ തമ്മിലുള്ള അടുപ്പം ഗുണം ചെയ്യുമോ എന്ന നിലയിലും ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. കോണ്‍ഗ്രസില്‍ ചേരുന്നതിന് മുന്‍പ് ടിഡിപിയുടെ തെലങ്കാന ഘടകത്തിന്റെ വര്‍ക്കിംഗ് പ്രസിഡന്റായിരുന്നു രേവന്ത് റെഡ്ഡി. 2009ലും 2014ലും ടിഡിപി ടിക്കറ്റില്‍ രണ്ട് തവണ നിയമസഭയില്‍ എത്തിയിട്ടുണ്ട് അദ്ദേഹം. 2017 ഒക്ടോബറില്‍ രാജിവെച്ച് കോണ്‍ഗ്രസില്‍ ചേരുന്നതിന് മുന്‍പ് വരെ നായിഡുവിന്റെ അടുത്ത അനുയായിരുന്നു അദ്ദേഹം.
അതേസമയം, ഇരുസംസ്ഥാനങ്ങളിലും നിലവിലുള്ള പ്രാദേശിക വാദം ചര്‍ച്ചകള്‍ അത്ര എളുപ്പമാക്കില്ലെന്ന സൂചനയും നല്‍കുന്നു. ഏതെങ്കിലും ഒരു വിഷയത്തില്‍ ഇരു നേതാക്കളും വിട്ടുവീഴ്ചയ്ക്ക് തയ്യാറായാല്‍ അത് സംസ്ഥാന താത്പര്യങ്ങള്‍ ബലികഴിച്ചെന്ന ആക്ഷേപത്തിന് ഇടയാക്കും. ഈ വിഷയത്തില്‍ തട്ടിയായിരുന്നു ആന്ധ്ര മുന്‍ മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിക്കും മുന്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനും ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാതിരുന്നതും. ഈ വിഷയം പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായ ഉന്നയിച്ചേക്കുമെന്നതും ശ്രദ്ധേയമാണ്.
2014 മുതല്‍ 2019 വരെ ആന്ധ്രയില്‍ ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിസ്ഥാനത്തുണ്ടായിരുന്ന സമയത്തും അക്കാലത്ത് ( 2014 മുതല്‍ 2023 വരെ ) തെലങ്കാനയില്‍ അധികാരത്തിലിരുന്ന കെ ചന്ദ്രശേഖര റാവുവും തമ്മില്‍ ചര്‍ച്ചകള്‍ ഒന്നും നടന്നില്ല. 2019-ല്‍ ജഗന്‍മോഹന്‍ റെഡ്ഡി അധികാരത്തിലെത്തിയപ്പോള്‍, കെ ചന്ദ്രശേഖര റാവു അദ്ദേഹത്തെ ചര്‍ച്ചകള്‍ക്ക് ക്ഷണിച്ചു. തുടര്‍ന്ന് രണ്ട് സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥര്‍ തമ്മില്‍ നിരവധി കൂടിക്കാഴ്ചകളും നടത്തി. എന്നാല്‍ പരസ്പരം വിട്ടുവീഴ്ചകള്‍ക്ക് വിസമ്മതിച്ചതോടെ ചര്‍ച്ചകള്‍ മുന്നോട്ട് പോയിരുന്നില്ല.
പഴയ സുഹൃത്തുക്കളെങ്കിലും ദേശീയ തലത്തില്‍ ഇരു രാഷ്ട്രീയ ചേരികളില്‍ ആണ് നായിഡുവും റെഡ്ഡിയും എന്നതും ചര്‍ച്ചകള്‍ക്ക് ദേശീയ ശ്രദ്ധ നല്‍കുന്നു. നിലവില്‍ എന്‍ഡിഎയുടെ ശക്തരായ സഖ്യകക്ഷിയാണ് ടിഡിപി. രേവന്ത് റെഡ്ഡി ഇന്ത്യ മുന്നണിയുടെ ദക്ഷിണേന്ത്യയിലെ പ്രമുഖ നേതാവാണ്.