2004 ല്‍ 322 ജീവൻ കവര്‍ന്ന വില്ലന്‍; ഗുജറാത്തിൽ ഭീതിപരത്തി 'ചാന്ദിപുര' വൈറസ്, മരണസംഖ്യ എട്ടായി

2004 ല്‍ 322 ജീവൻ കവര്‍ന്ന വില്ലന്‍; ഗുജറാത്തിൽ ഭീതിപരത്തി 'ചാന്ദിപുര' വൈറസ്, മരണസംഖ്യ എട്ടായി

പ്രധാനമായും കുട്ടികളെ ബാധിക്കുന്ന ഈ വൈറസിനെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഏഷ്യയിലെയും ആഫ്രിക്കയിലെയും മറ്റ് രാജ്യങ്ങളിലും കണ്ടെത്തിയിട്ടുണ്ട്
Updated on
2 min read

രാജ്യത്തെ ആരോഗ്യമേഖലയില്‍ ആശങ്കയുണര്‍ത്തി ഗുജറാത്തില്‍ അപൂര്‍വ വൈറസ് രോഗം. എട്ട് കുട്ടികളുടെ ജീവനെടുത്ത ചാന്ദിപുര വൈറസ് രോഗബാധയ്‌ക്കെതിരെ കരുതല്‍ വേണമെന്ന് ഗുജറാത്ത് സര്‍ക്കാരിന്റെ മുന്നറിയിപ്പ്. ജൂലൈ 10നാണ് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 12 പേർ ചികിത്സയിലാണ്.

Summary

മരുഭൂമി പ്രദേശങ്ങളിൽ സാധാരണയായി കാണപ്പെടുന്ന ചിലയിനം മണൽ ഈച്ചകളും ഈ വൈറസിനെ വഹിക്കുന്നതായി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്

ഗുജറാത്തിലെ സാബർകാന്ത ജില്ലയിലെ ഹിമത്‌നഗർ സിവിൽ ആശുപത്രിയിൽ ചികിത്സയിലുള്ള നാല് കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു. രോഗബാധയുള്ളതായി സംശയിക്കുന്ന ആളുകളുടെ എണ്ണം അനുദിനം വർധിച്ചുവരികയാണ്. ഗുജറാത്തിനു പുറമെ രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ചിലരെയും രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെത്തുടർന്ന് ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

2004 ല്‍ 322 ജീവൻ കവര്‍ന്ന വില്ലന്‍; ഗുജറാത്തിൽ ഭീതിപരത്തി 'ചാന്ദിപുര' വൈറസ്, മരണസംഖ്യ എട്ടായി
പ്രാവുകളുടെ തൂവലും കാഷ്ഠവും സൃഷ്ടിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നം; ചുമയില്‍ തുടങ്ങുന്ന രോഗം പെട്ടെന്ന് വഷളാകാം

എന്താണ് ചാന്ദിപുര വൈറസ്?

പ്രധാനമായും കുട്ടികളെയാണ് ചാന്ദിപുര വൈറസ് ബാധിക്കുന്നത്. പേവിഷബാധയ്ക്കു കാരണമാകുന്ന ലൈസ്സവൈറസിന്റെ കുടുംബത്തിൽ പെടുന്ന റാബ്‌ഡോവിരിഡെ വിഭാഗത്തിൽ പെടുന്ന ചാന്ദിപുര വൈറസിന്റെ ഏറ്റവും പ്രധാനപ്പെട്ട വാഹകർ കൊതുകുകളാണ്. ഈ വൈറസിനെ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) 2017 ൽ അതീവ കരുതൽ വേണ്ട രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി.

മരുപ്രദേശങ്ങളിൽ സാധാരണയായി കാണപ്പെടുന്ന ചിലയിനം മണൽ ഈച്ചകളും വൈറസ് വാഹകരായി പഠനങ്ങൾ വ്യക്തമാക്കുന്നു. പ്രാണികളുടെ ഉമിനീർഗ്രന്ഥിയിൽ വസിക്കുന്ന ഈ വൈറസുകൾ പ്രാണികളുടെ കടിയേൽക്കുന്നതിലൂടെ മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും എത്തുന്നു.

രോഗം ഇന്ത്യയില്‍

1965ൽ മഹാരാഷ്ട്രയിലെ ചാന്ദിപുര ജില്ലയിലാണ് ആദ്യമായി ചാന്ദിപുര വൈറസ് രോഗബാധ കണ്ടെത്തുന്നത്. ഈ വൈറസിനെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഏഷ്യയിലെയും ആഫ്രിക്കയിലെയും മറ്റ് രാജ്യങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. 2003 - 04 കാലഘട്ടത്തിൽ ചാന്ദിപുര വൈറസ് ബാധയെ തുടർന്ന് 322 കുട്ടികളാണ് ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ മരിച്ചത്.

പഠനങ്ങൾ പ്രകാരം മിക്ക രോഗികളുടെയും മരണത്തിന്റെ പ്രാഥമിക കാരണം മസ്തിഷ്ക കോശങ്ങളുടെ നാശത്തിന് കാരണമാകുന്ന എൻസെഫലൈറ്റിസാണ്

രോഗലക്ഷണങ്ങള്‍

കടുത്ത പനി, മലബന്ധം, വയറിളക്കം, ഛർദി, ഹൃദയാഘാതം തുടങ്ങിയവയാണ് ചാന്ദിപുര വൈറസ് ബാധയുടെ പ്രധാന ലക്ഷണങ്ങൾ. കഠിനമായ വൈറൽ അണുബാധ കോമയിലേക്കും മരണത്തിലേക്കും നയിച്ചേക്കാം.

പഠനങ്ങൾ പ്രകാരം മിക്ക രോഗികളുടെയും മരണത്തിന്റെ പ്രാഥമിക കാരണം മസ്തിഷ്കകോശങ്ങളുടെ നാശത്തിന് കാരണമാകുന്ന എൻസെഫലൈറ്റിസാണ്. 15 വയസ്സിനു താഴെയുള്ള കുട്ടികളെയാണ് വൈറൽ അണുബാധ പ്രധാനമായും ബാധിക്കുന്നത്. എൻസെഫലൈറ്റിസിനോടൊപ്പം അതിവേഗം മൂർച്ഛിക്കുന്ന അണുബാധ 24 മുതൽ 48 മണിക്കൂറിനുള്ളിൽ മരണത്തിലേക്കു നയിക്കുന്നു.

2004 ല്‍ 322 ജീവൻ കവര്‍ന്ന വില്ലന്‍; ഗുജറാത്തിൽ ഭീതിപരത്തി 'ചാന്ദിപുര' വൈറസ്, മരണസംഖ്യ എട്ടായി
എന്താണ് നോറോ വൈറസ്? രോഗം ബാധിച്ചാല്‍ എന്ത് ചെയ്യണം? അറിയേണ്ട കാര്യങ്ങള്‍

പ്രതിരോധവും വെല്ലുവിളിയും

ചാന്ദിപുര വൈറസ് ബാധയെ ഫലപ്രദമായി ചെറുക്കാനുള്ള ചികിത്സാ രീതികളോ വാക്‌സിനേഷനുകളോ നിലവില്‍ കണ്ടെത്തിയിട്ടില്ല. രോഗബാധയെ തുടർന്നുണ്ടാകുന്ന മസ്തിഷ്ക മരണത്തെ ചെറുക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയായി തുടരുന്നത്.

കടുത്ത പനിയിൽ തുടങ്ങുന്ന അണുബാധ മിക്ക സാഹചര്യങ്ങളിലും അതിവേഗം തന്നെ വൃക്കകളുടെയും കരളിന്റെയും പ്രവർത്തനത്തെ ബാധിക്കുന്നതായി ശിശുരോഗവിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. ഗ്രാമപ്രദേശങ്ങളിലും ഗോത്രവിഭാഗങ്ങൾ താമസിക്കുന്ന പ്രദേശങ്ങളിലുമാണ് രോഗകാരിയായ വൈറസിന്റെ വാഹകരെ പ്രധാനമായും കണ്ടെത്തിയിട്ടുള്ളത്. ഈ പ്രദേശങ്ങളിൽ മണൽ ഈച്ചകളുടെ പ്രജനനം നടക്കുന്ന സമയങ്ങളിൽ വൈറസ് ബാധ അധികരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

മുൻകരുതൽ നടപടിയെന്ന നിലയിൽ, 26 റെസിഡൻഷ്യൽ സോണുകളിലായി 8,600 വീടുകളിലെ 44,000 പേരെ ഗുജറാത്ത് ആരോഗ്യ അധികൃതർ രോഗബാധയുണ്ടോ എന്നറിയുന്നതിനായി പരിശോധിച്ചിട്ടുണ്ട്. രോഗബാധിത ജില്ലകളിൽ സംസ്ഥാന ആരോഗ്യ വകുപ്പ് തീവ്ര നിരീക്ഷണം നടത്തിയിട്ടുണ്ടെന്നും ചില രോഗലക്ഷണങ്ങളുള്ള സംശയാസ്പദമായ കേസുകൾ ചികിത്സിക്കാൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, ഉപജില്ലാ ആശുപത്രികൾ, മെഡിക്കൽ കോളജുകൾ എന്നിവയ്‌ക്കും പ്രത്യേക നിർദേശം നൽകിയിട്ടുണ്ടെന്നും സംസ്ഥാന ആരോഗ്യമന്ത്രി ഋഷികേശ് പട്ടേൽ പറഞ്ഞു.

logo
The Fourth
www.thefourthnews.in