'എതിരാളികള്‍ മുതലെടുക്കുന്നത് രാജ്യത്തെ ആഭ്യന്തര പ്രശ്നങ്ങള്‍' - ചൈന വിഷയം പരാമര്‍ശിച്ച് രാഹുല്‍ ഗാന്ധി
രാജ്യത്തെ ആഭ്യന്തര പ്രശ്നങ്ങളാണ് എതിരാളികള്‍ മുതലെടുക്കുന്നതെന്ന് ചൈന അതിര്‍ത്തി തര്‍ക്കം പരാമര്‍ശിച്ച് രാഹുല്‍ ഗാന്ധി. കമല്‍ഹാസനുമായുള്ള അഭിമുഖത്തിലാണ് രാഹുലിന്റെ പരാമര്‍ശം. സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ച, തൊഴിലില്ലായ്മ, ആഭ്യന്തര കലഹങ്ങള്‍ തുടങ്ങിയവയെല്ലാം എതിരാളികള്‍ക്ക് അവസരം മുതലെടുക്കാന്‍ പറ്റിയ സാഹചര്യമാണെന്നും രാഹുല്‍ പറഞ്ഞു. '' നമ്മള്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്ത് ആശയക്കുഴപ്പത്തിലാണെന്ന് ചൈനയ്ക്കറിയാം. ഇന്ത്യയിലെ ഐക്യമില്ലായ്മ അവര്‍ മുതലെടുക്കുന്നു. അവര്‍ക്ക് ആവശ്യമായതെല്ലാം ചെയ്യുന്നു - രാഹുല്‍ വ്യക്തമാക്കി.
കമല്‍ഹാസനുമായി നടത്തിയ ചര്‍ച്ചയുടെ വീഡിയോ രാഹുല്‍ ട്വിറ്ററില്‍ പങ്കുവെച്ചു.
''ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ സുരക്ഷയെക്കുറിച്ച് ഇന്ത്യയ്ക്ക് സമഗ്രമായ കാഴ്ചപ്പാടാണ് ആവശ്യം. അവിടെ നമ്മുടെ സര്‍ക്കാരിന്റെ കണക്കുകൂട്ടൽ തെറ്റിയിരിക്കുന്നു. അതിർത്തിയിൽ എന്താണ് നടക്കുന്നതെന്ന് നമ്മൾ നിരന്തരം കേൾക്കുന്നുണ്ട്. എന്നാല്‍ നമ്മുടെ 2,000 കിലോമീറ്ററിലേറെ ചൈന കൈയ്യേറിക്കഴിഞ്ഞു എന്നതാണ് വസ്തുത. അവർ നമ്മുടെ പ്രദേശത്തു കയറിയെന്ന് സൈന്യം വ്യക്തമാക്കിയിട്ടും ആരും അതിക്രമിച്ച് കയറിയിട്ടില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഇത് ഇന്ത്യയുടെ നിലപാടുകളെ മുഴുവന്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ്" - രാഹുൽ ഗാന്ധി പറഞ്ഞു.
'സംഘര്‍ഷങ്ങളും തര്‍ക്കങ്ങളുമെന്നതിന്റെ അര്‍ത്ഥം തന്നെ ഇപ്പോള്‍ മാറിയിരിക്കുന്നു. നേരത്തെ അതിര്‍ത്തിയില്‍ മാത്രമായിരുന്നു സംഘര്‍ഷങ്ങളെങ്കില്‍ ഇപ്പോള്‍ രാജ്യത്തെല്ലായിടത്തും അതുണ്ടെന്ന് രാഹുല്‍ വിശദീകരിക്കുന്നു. '' പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് ചൈനയെ നേരിടാന്‍ സാധിച്ചേക്കില്ല. എന്നാല്‍ ഇന്ത്യയ്ക്ക് അതിന് സാധിക്കും. ആള്‍ബലം, വിദ്യാഭ്യാസവും ഊര്‍ജവുമുള്ള ജനത എന്നിവയാണ് ഇന്ത്യയുടെ അനുകൂല ഘടകം'' . - അദ്ദേഹം ഓര്‍മിപ്പിച്ചു.