'ചൈന യുദ്ധത്തിനൊരുങ്ങുന്നു, മോദി സർക്കാർ ഉറങ്ങുകയാണ്'- രാഹുല്‍ ഗാന്ധി
ചൈന ഇന്ത്യയുമായി യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്നും മോദി സർക്കാർ അത് അവഗണിക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു. അരുണാചല്‍പ്രദേശിലെ തവാങ് സെക്ടറിലെ യാങ്സേ മേഖലയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായ പശ്ചാത്തലത്തിലാണ് രാഹുലിന്റെ പരാമർശം. ലഡാക്കിലും അരുണാചലിലും അവർ സായുധ ആക്രമണത്തിന് ഒരുങ്ങുകയാണ്. ആ സമയം, സർക്കാർ ഉറങ്ങുകയാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. ഭാരത് ജോഡോ യാത്ര 100 ദിവസം പൂർത്തിയായതിന്റെ ഭാഗമായി രാജസ്ഥാനില്‍ വാർത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയെ കോൺഗ്രസ് അധികാരത്തില്‍ നിന്ന് താഴെയിറക്കും. കോൺഗ്രസിനെ വില കുറച്ച് കാണരുത്. തന്റെ വാക്കുകള്‍ കുറിച്ചുവെച്ചോളൂ
രാഹുല്‍ ഗാന്ധി
ബിജെപിയെ കോൺഗ്രസ് അധികാരത്തില്‍ നിന്ന് താഴെയിറക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കോൺഗ്രസിനെ വില കുറച്ച് കാണരുത്. തന്റെ വാക്കുകള്‍ കുറിച്ചുവെച്ചോളൂവെന്ന മുന്നറിയിപ്പും രാഹുല്‍ നല്‍കി. രാജസ്ഥാന്‍ തർക്കത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അത് മല്ലികാർജുൻ ഖാർഗെയോടോ ചോദിക്കൂ എന്ന് അദ്ദേഹം മറുപടി നല്‍കി. താൻ കോൺഗ്രസ് അധ്യക്ഷനല്ല എന്നായിരുന്നു പ്രതികരണം.
തനിക്കും പാർട്ടിക്കുമെതിരെ അപകീര്‍ത്തികരമായ പ്രചാരണം നടക്കുന്നുണ്ട്. അത് തികച്ചും ആസൂത്രിതമാണെന്നും, അതിന് പിന്നില്‍ ബിജെപിയാണ്. പ്രത്യയ ശാസ്ത്രത്തില്‍ ഊന്നി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതിനാല്‍ ബിജെപിയുമായി യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭാരത് ജോഡോ യാത്ര ഹിന്ദി മേഖലകളിൽ വിജയിക്കില്ലെന്ന് പലരും വിമർശനമുന്നയിച്ചെങ്കിലും ജനങ്ങൾ ഇത് തള്ളിക്കളഞ്ഞു
രാഹുല്‍ ഗാന്ധി
ഭാരത് ജോഡോ യാത്ര ഹിന്ദി മേഖലകളിൽ വിജയിക്കില്ലെന്ന് പലരും വിമർശനമുന്നയിച്ചെങ്കിലും ജനങ്ങൾ ഇത് തള്ളിക്കളഞ്ഞെന്നും രാഹുൽ പറഞ്ഞു. മഹാരാഷ്ട്രയിലും മധ്യപ്രദേശിലും രാജസ്ഥാനിലും വലിയ ജനാവലിയാണ് യാത്രയെ സ്വീകരിച്ചത്. കേരളവും കർണാടകയും ഭാരത് ജോഡോ യാത്രയ്ക്ക് വലിയ ജനപിന്തുണ നല്‍കി. പാർട്ടി ഭരണത്തിൽ ഇല്ലാത്ത മധ്യപ്രദേശിലും യാത്രയ്ക്ക് വലിയ പിന്തുണ ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.