ഇന്ത്യ- ചൈന സംഘര്‍ഷം: അവിചാരിതമോ അതോ ആസൂത്രിതമോ?

ഇന്ത്യ- ചൈന സംഘര്‍ഷം: അവിചാരിതമോ അതോ ആസൂത്രിതമോ?

ബുദ്ധമത കേന്ദ്രമായ തവാങ്ങിന് മേല്‍ അവകാശവാദം ഉന്നയിച്ചുകൊണ്ടാണ് അരുണാചലിനെ ചൈന ലക്ഷ്യം വെക്കുന്നത്
Updated on
2 min read

ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങളും കടന്നുകയറ്റങ്ങളും അതേത്തുടര്‍ന്നുണ്ടാകുന്ന സൈനിക സംഘര്‍ഷങ്ങളും ഒരിടവേളയ്ക്ക് ശേഷം വീണ്ടും രൂക്ഷമാകുകയാണ്. 2020 ജൂണ്‍ മാസത്തില്‍ കിഴക്കന്‍ ലഡാക്കില്‍ നടന്ന സംഘര്‍ഷത്തിന്റെ മുറിവുണങ്ങിത്തുടങ്ങിയപ്പോഴാണ് രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം ഈ മാസം 9ന് അരുണാചല്‍ പ്രദേശിലെ നിയന്ത്രണ രേഖയില്‍ സൈനികര്‍ ഏറ്റുമുട്ടിയതും ഇരു വിഭാഗത്തുമുള്ള സൈനികര്‍ക്ക് പരുക്കേല്‍ക്കുന്നതും. അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ അരുണാചല്‍ പ്രദേശും, നിയന്ത്രണരേഖയും, ഒപ്പം അതിര്‍ത്തി തർക്കത്തിൻ്റെ അടിവേരുകൾ തേടിയുള്ള ചർച്ചകളും സജീവമാകുകയാണ്.

അതിര്‍ത്തിയിലെ ക്രമസമാധാനം തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്തരത്തില്‍ ചൈന പ്രകോപനം സൃഷ്ടിക്കുന്നതെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങും പാര്‍ലമെന്റില്‍ അറിയിച്ചു

ഇരുവശത്തെയും സൈനികര്‍ ഏറ്റുമുട്ടിയത് ഇപ്പോഴാണെങ്കിലും അരുണാചല്‍ പ്രദേശില്‍ പലതരത്തിലുള്ള ചൈനീസ് പ്രകോപനം ആരംഭിച്ചിട്ട് നാളുകളേറെയായി.

''സ്ഥിതിഗതികള്‍ നിലവില്‍ ശാന്തമാണ്, പ്രവചനാതീതവും. ഏതു സാഹചര്യത്തെയും നേരിടാന്‍ സൈന്യം തയ്യാറായിരിക്കണം'' എന്നാണ് സൈനിക മേധാവി ജനറല്‍ മനോജ് പാണ്ഡെ 2022 നവംബറില്‍ ചൈനീസ് അതിര്‍ത്തിയെപ്പറ്റി പരാമര്‍ശിച്ചത്. എപ്പോള്‍ വേണമെങ്കിലും ചൈനീസ് ആക്രമണം ഉണ്ടായേക്കാമെന്നും സ്ഥിതിഗതികള്‍ വഷളാകുമെന്നും മുന്‍കൂട്ടിക്കണ്ടായിരുന്നു മനോജ് പാണ്ഡെയുടെ വാക്കുകള്‍.

ഏതാണ്ട് ഒരു മാസത്തിനുശേഷം, ഡിസംബര്‍ 9 ന് പുലര്‍ച്ചെയാണ് അരുണാചല്‍ പ്രദേശിലെ തവാങ്ങില്‍ യാങ്ത്സെ പ്രദേശത്തുള്ള ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോളിലെ ഇന്ത്യന്‍ പോസ്റ്റിന് സമീപം ഇന്ത്യ-ചൈനീസ് സൈന്യം ഏറ്റുമുട്ടിയത്. അതിര്‍ത്തിയിലെ ക്രമസമാധാനം തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്തരത്തില്‍ ചൈന പ്രകോപനം സൃഷ്ടിക്കുന്നതെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങും പാര്‍ലമെന്റില്‍ അറിയിച്ചു

നിയന്ത്രണരേഖയുടെ മൂന്നിലൊന്ന് ഭാഗവും കൃത്യമായി പറഞ്ഞാല്‍ 1346 കിലോമീറ്റര്‍ഭാഗവും സ്ഥിതിചെയ്യുന്നത് കിഴക്കന്‍ മേഖലയിലാണ്. കിഴക്കന്‍ ലഡാക്കില്‍ ഉണ്ടായ പ്രശ്‌നങ്ങളുടെ തുടര്‍ച്ച മറ്റ് സംസ്ഥാനങ്ങളിലെ അതിര്‍ത്തികളിലും പ്രതിഫലിക്കുമെന്നും ഏതു വിധേനയും ക്രമസമാധാനം തകര്‍ക്കാനുള്ള നീക്കങ്ങള്‍ ചൈനയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നുമുള്ള സംശയങ്ങളും ഉടലെടുത്തിരുന്നു.

ടിബറ്റന്‍ ബുദ്ധിസ്റ്റുകളുടെ പ്രധാന കേന്ദ്രമായ തവാങ്ങിന് മേല്‍ അവകാശം ഉന്നയിച്ചുകൊണ്ടാണ് അരുണാചലിനെ ചൈന ലക്ഷ്യം വെക്കുന്നത്. അരുണാചല്‍ പ്രദേശിലെ 15 ഗ്രാമങ്ങള്‍ക്ക് പുതിയ പേര് നിശ്ചയിച്ചുകൊണ്ട് 2021ഡിസംബറിലും ചൈന പ്രകോപനം സൃഷ്ടിച്ചിരുന്നു. നിയന്ത്രണരേഖകള്‍ക്ക് സമീപം ക്യാമ്പുകള്‍ സ്ഥാപിച്ചും ചൈന കടന്നുകയറ്റം തുടര്‍ന്നുകൊണ്ടേയിരുന്നു. ഇന്ത്യ- ചൈന നിയന്ത്രണ രേഖയെക്കുറിച്ച് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഭിന്ന അഭിപ്രായങ്ങളാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. 2020ല്‍ ഗോഗ്ര, ഹോട്ട് സ്പ്രിംഗ്‌സ്, ഗാല്‍വന്‍ എന്നീ പ്രദേശങ്ങളിലും ചൈന കടന്നുകയറ്റം നടത്തിയിരുന്നു.

കിഴക്കന്‍ മേഖലയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചില പ്രദേശങ്ങളില്‍ ചൈനീസ് സൈന്യം പട്രോളിങ്ങ് വര്‍ധിപ്പിക്കുകയും നിയന്ത്രണരേഖയ്ക്ക് സമീപം ക്യാമ്പുകള്‍ കെട്ടി സൈനികരുടെ എണ്ണം കൂട്ടുകയും ചെയ്തുവെന്ന് കിഴക്കന്‍ കമാന്‍ഡിലെ കമാന്‍ഡിങ് ചീഫ് കഴിഞ്ഞ വര്‍ഷം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. അതായത് നിയന്ത്രണരേഖയില്‍ പ്രകോപനം സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമം ചൈനയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നുവെന്നും ഇന്ത്യ അത് തിരിച്ചറിഞ്ഞിരുന്നുവെന്നും വേണം കരുതാന്‍.

പടിഞ്ഞാറ് തവാങ്ങില്‍ നിന്ന് കിഴക്ക് അരുണാചലിലെ വിജയനഗര്‍ വരെ ചൈനയുമായുള്ള സംസ്ഥാനത്തിന്റെ അതിര്‍ത്തിയിലൂടെയാകും ഹൈവേ കടന്നുപോകുക

സൈന്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഇരുരാജ്യങ്ങളും നിരവധി നടപടികള്‍ മുന്‍ വര്‍ഷങ്ങളില്‍ കൈക്കൊണ്ടിട്ടുണ്ട്. 2023 ജനുവരിയോടെ തയ്യാറാകുന്ന ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്റെ സേല പാസ് ടണല്‍ പദ്ധതിയിലൂടെ ആസാമിലെ തേസ്പൂരിനും തവാങ്ങിനുമിടയില്‍ ഏത് കാലാവസ്ഥയിലും വ്യക്തമായ കണക്റ്റിവിറ്റി ഉണ്ടാകും. അരുണാചലിലെ അതിര്‍ത്തിക്കു സമീപം 1,500 കിലോമീറ്റര്‍ ഫ്രണ്ടിയര്‍ ഹൈവേ പദ്ധതിയും സൈനികനീക്കത്തിന് കരുത്തുപകരും. പടിഞ്ഞാറ് തവാങ്ങില്‍ നിന്ന് കിഴക്ക് അരുണാചലിലെ വിജയനഗര്‍ വരെ ചൈനയുമായുള്ള അതിര്‍ത്തിയിലൂടെയാകും ഹൈവേ കടന്നുപോകുക. വ്യോമയാനം, റോഡ് , ലോജിസ്റ്റിക്സ്, സുരക്ഷ എന്നിവയിലൂന്നിയ അടിസ്ഥാന സൗകര്യ വികസനമാണ് നടക്കുന്നതെന്ന് സൈനിക വൃത്തങ്ങള്‍ വിശദീകരിച്ചിരുന്നു.

ഇന്ത്യയുടെ ഭാഗത്ത് മാത്രമല്ല ചൈനയും ഏതു സാഹചര്യത്തെയും നേരിടാനുള്ള തയ്യാറെടുപ്പുകളാണ് സൈനിക രംഗത്ത് നടത്തുന്നത്. അതിര്‍ത്തി നിരീക്ഷണത്തിനായുള്ള സംവിധാനങ്ങള്‍ വര്‍ധിപ്പിച്ചത് തുടരെ പ്രകോപനം സൃഷ്ടിക്കാനുള്ള നീക്കമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സാധാരണ സാറ്റലൈറ്റ് ചിത്രങ്ങള്‍ക്കു പുറമേ, രാത്രി കാഴ്ച ശേഷിയുള്ള ഭൂഗര്‍ഭ ക്യാമറകള്‍, നിരീക്ഷണ ഡ്രോണുകള്‍, ദീര്‍ഘദൂര നിരീക്ഷണ യുഎവികള്‍, മികച്ച ആശയവിനിമയ സംവിധാനങ്ങള്‍ എന്നിവ ചൈന ഉപയോഗിക്കുന്നുണ്ട് . ഇവയില്‍ നിന്നുള്ള എല്ലാ വിവരങ്ങളും അരുണാചല്‍ പ്രദേശിലെ റുപായിലുള്ള നിരീക്ഷണ കേന്ദ്രത്തിലേക്ക് കൈമാറുകയും മുഴുവന്‍ സമയവും അവ നിരീക്ഷിക്കപ്പെടുകയും ചെയ്യുന്നു.

തവാങ് പിടിച്ചടക്കി ടിബറ്റിനു മേല്‍ ആധിപത്യം സ്ഥാപിക്കുകയെന്നതാണ് ചൈനയുടെ ഗൂഢലക്ഷ്യം

അരുണാചല്‍ പ്രദേശ് ടിബറ്റിന്റെ ഭാഗമാണെന്നും അതിനാല്‍ പ്രദേശത്തിന്റെ പൂര്‍ണാധികാരം തങ്ങള്‍ക്കാണെന്നുമുള്ള വാദമാണ് കാലാകാലങ്ങളായി ചൈന ഉന്നയിക്കുന്നത്. ബുദ്ധമതകേന്ദ്രമായ ഈ പ്രദേശം കൈയ്യടക്കിയാല്‍ ഇന്ത്യയിലേക്കുള്ള കടന്നുകയറ്റം കൂടുതല്‍ ശക്തമാക്കാന്‍ ചൈനയ്ക്ക് സാധിക്കും. ബീജിങ്ങിലെ സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് 2017ല്‍ ബുദ്ധമതവിശ്വാസികളുടെ ആത്മീയ നേതാവായ ദലൈലാമ ഒരു മാസത്തിലധികം അരുണാചല്‍ പ്രദേശിലെ തവാങ്ങില്‍ താമസമാക്കിയിരുന്നു. തവാങ് പിടിച്ചടക്കി ടിബറ്റിനു മേല്‍ ആധിപത്യം സ്ഥാപിക്കുകയെന്നതാണ് ചൈനയുടെ ഗൂഢലക്ഷ്യം.

തവാങ്ങിന്റെയും അരുണാചലിന്റെയും തര്‍ക്കം മക്മോഹന്‍ ലൈനുമായി ബന്ധപ്പെട്ടതാണ്. ഇന്ത്യന്‍ രേഖകള്‍ പ്രകാരം ഭൂട്ടാനിലെ കിഴക്കന്‍ ട്രൈജംഗ്ഷന്‍ മുതല്‍ മ്യാന്‍മര്‍ ട്രൈജംഗ്ഷന്‍ വരെയാണ് കിഴക്കന്‍ സെക്ടറിലെ അതിര്‍ത്തി. എന്നാല്‍ 1914ല്‍ ടിബറ്റുമായുള്ള ഉടമ്പടി പ്രകാരം ബ്രിട്ടീഷ് ഭരണകൂടം സൃഷ്ടിച്ച കൊളോണിയല്‍ അതിര്‍ത്തി മാത്രമാണ് ഇതെന്നാണ് ചൈനയുടെ പക്ഷം. അതുകൊണ്ടു തന്നെ ഇന്ത്യക്ക് തവാങ്ങിന് മേല്‍ അധികാരമില്ലെന്നും ചൈന വാദിക്കുന്നു. അരുണാചലിലെ ചൈനയുടെ 90,000 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം ഇന്ത്യ കൈയടക്കി വെച്ചിരിയ്ക്കുന്നുവെന്ന ആരോപണവും ചൈന ഉന്നയിക്കുന്നുണ്ട്.

1985-ല്‍ തവാങ് തങ്ങള്‍ക്ക് വിട്ടുനല്‍കണമെന്ന ആവശ്യവും ചൈന മുന്നോട്ടുവെച്ചിരുന്നു

1959-ല്‍, ചൈനീസ് സൈനിക മേധാവി പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന് കത്തെഴുതുകയും ചൈനീസ് സൈന്യം പിടിച്ചടക്കിയ നിയന്ത്രണരേഖ, ലൈന്‍ ഓഫ് കണ്ട്രോള്‍ എന്ന് വിളിക്കപ്പെടുന്ന പ്രദേശത്തുനിന്നും 20 കിലോമീറ്റര്‍ പിന്മാറണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നുവെന്നാണ് ചരിത്രം.1962ലെ യുദ്ധത്തില്‍, ഇന്ത്യ കനത്ത തിരിച്ചടി ഏറ്റുവാങ്ങിയ സ്ഥലമാണ് തവാങ്, അത്തരത്തില്‍ വൈകാരികമായ മുറിവുകളും ഇന്ത്യന്‍ സൈന്യം പേറുന്നുണ്ട്. ഇനിയും അത്തരത്തില്‍ തവാങ് പിടിച്ചടക്കാനുള്ള ചൈനയുടെ നീക്കങ്ങളെ ചെറുക്കാന്‍ ഇന്ത്യന്‍ സൈന്യവും ശ്രമിക്കുകയാണ്.

logo
The Fourth
www.thefourthnews.in