ഇന്ത്യന്‍ മഹാസമുദ്രം വഴി ഇന്ത്യയെ ലക്ഷ്യമിട്ട് ചൈന: ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്
ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയില്‍ ചൈന നിര്‍മിച്ച പ്രതിരോധ നാവിക താവളം പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാണെന്ന് സ്ഥിരീകരിക്കുന്ന ഉപഗ്രഹചിത്രങ്ങള്‍ എന്‍ഡിടിവി പുറത്ത് വിട്ടു. ഇന്ത്യന്‍ മഹാസമുദ്രം വഴി ഇന്ത്യയെ ലക്ഷ്യം വയ്ക്കുന്ന ചൈനീസ് പ്രതിരോധ നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
2016 ലാണ് നാവിക താവളത്തിന്റെ നിര്‍മാണത്തിന് ചൈന തുടക്കമിട്ടത്
ഏദന്‍ ഉള്‍ക്കടലിനെയും ചെങ്കടലിനെയും വേര്‍തിരിക്കുന്ന ബാബാ എല്‍ മണ്ടേബ് കടലിടുക്കിലാണ് ജിബൂട്ടി സൈനിക താവളം സ്ഥിതി ചെയ്യുന്നത്. ഇന്ത്യന്‍ സമുദ്ര മേഖലയിലുള്ള ചൈനയുടെ ഏക സൈനിക താവളവുമാണിത്.അന്താരാഷ്ട്ര വാണിജ്യത്തിന്റെ ഏറ്റവും തന്ത്രപ്രധാന പാതയായ സൂയസ് കനാലിലേയ്ക്കുള്ള ചൈനയുടെ ആദ്യത്തെ ചുവടുവയ്പുമായിരിക്കും ഇത്. 590 മില്യണ്‍ ഡോളര്‍ ചെലവില്‍ 2016 ലാണ് നാവിക താവളത്തിന്റെ നിര്‍മാണത്തിന് ചൈന തുടക്കമിട്ടത്. ചൈനയുടെ ആദ്യ വിദേശ സൈനിക താവളമാണ് ജിബൂട്ടിയിലേത്.
ജിബൂട്ടിയിലെ നാവിക താവളം കൊളോണിയല്‍ കോട്ടയ്ക്ക് സമാനമായ പ്രതിരോധ പാളികളോടെയാണ് ചൈന നിര്‍മിച്ചിരിക്കുന്നത്. നേരിട്ടുള്ള ആക്രമത്തെ ശക്തമായി പ്രതിരോധിക്കാന്‍ തരത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തതെന്നാണ് വിദഗധര്‍ വിലയിരുത്തുന്നത്. കൂടുതല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെങ്കിലും സൈനിക താവളം നിലവില്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാണ്.
ആക്രമത്തെ ശക്തമായി പ്രതിരോധിക്കാനാവും വിധമാണ് താവളത്തിന്റെ രൂപകല്‍പ്പന
ചൈനീസ് പ്രതിരോധമേഖലയുടെ കരുത്തായ ടൈപ്പ് -071 ലാന്‍ഡിംങ് കപ്പലാണ് ഇവിടെയുള്ളത്. ലോജിസ്റ്റിക് ദൗത്യങ്ങള്‍ക്കും , സുപ്രധാന സാധനങ്ങള്‍ കൊണ്ടു പോകുന്നതിനുമാണ് ഇത് പ്രധാനമായും ഉപയോഗിക്കുക. 25,000 ടണ്‍ ഭാരമുള്ള ഈ കപ്പലില്‍ 800 സൈനികര്‍ക്ക് വരെ യാത്ര ചെയ്യാനാകും. നിരവധി ടാങ്കുകളും, ട്രക്കുകളും, ഹോവര്‍ ക്രാഫ്റ്റുകളും കപ്പലിന് വഹിക്കാന്‍ കഴിയും.
നിരവധി ടാങ്കുകളും, ട്രക്കുകളും, ഹോവര്‍ ക്രാഫ്റ്റുകളും കപ്പലിന് വഹിക്കാന്‍ കഴിയും
എയര്‍-കുഷ്യന്‍ ലാന്‍ഡിംങ് ക്രാഫ്റ്റുകള്‍, ഹെലികോപ്റ്ററുകള്‍ എന്നിവയുടെ സംയോജനമാണ് ജിബൂട്ടി സൈനികതാവളത്തിലുള്ള യുഷാവോ ക്ലാസ്സ് കപ്പലിന്റേത്. കരയിലും കടലിലുമുള്ള ആക്രമണത്തിന് ചൈനീസ് ടാസ്‌ക് ഫോഴ്‌സിന്റെ മുന്‍ നിരയായി പ്രവര്‍ത്തിക്കാനാണ് യുഷാവോ ക്ലാസ്സ് കപ്പലുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ചൈനയുടെ 25000 ടണ്‍ ഭാരമുള്ള സാറ്റലൈറ്റ്, ബാലിസ്റ്റിക് മിസൈല്‍ ട്രാക്കിംങ് കപ്പലായ യുവാന്‍ വാങ്-5 ആണിപ്പോള്‍ ശ്രീലങ്കന്‍ തുറമുഖമായ ഹമ്പന്‍ടോട്ടയില്‍ നങ്കൂരമിട്ടിരിക്കുന്നത്. കപ്പല്‍ സമുദ്ര ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയുള്ളതാണെന്നാണ് ചൈനയുടെ വാദം. എന്നാല്‍ ഇന്ത്യ അത് പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ല.