ബൈബിൾ വിതരണം ചെയ്തു; ഹിന്ദുത്വവാദികള്‍ ബുക്ക് സ്റ്റാള്‍ അടിച്ചു തകർത്തു
ഡൽഹി പ്രഗതി മൈതാനിയിൽ നടക്കുന്ന ലോക പുസ്തകമേളയില്‍ ബൈബിൾ വിതരണം ചെയ്തതിന് ഹിന്ദുത്വവാദികളുടെ നേതൃത്വത്തില്‍ അക്രമം. ബൈബിള്‍ വിതരണം നടത്തിയ ക്രിസ്ത്യൻ ബുക്ക് സ്റ്റാള്‍ അക്രമികള്‍ അടിച്ചു തകർത്തു. 'ജയ് ശ്രീറാം' മുദ്രാവാക്യം വിളികളുമായാണ് ഹിന്ദുത്വവാദികളുടെ ഒരു സംഘം മേളയിലേക്ക് ഇരച്ചുകയറിയത്. പോസ്റ്ററുകൾ കീറുകയും ക്രിസ്ത്യൻ സംഘടനയുടെ സ്റ്റാളിൽ നിന്ന് പുസ്തകങ്ങൾ എടുക്കുകയുമായിരുന്നു. സ്റ്റാളില്‍ ബൈബിളിന്റെ സൗജന്യ കോപ്പികൾ വിതരണം ചെയ്തതാണ് വർഗീയവാദികള പ്രകോപിപ്പിച്ചത്. സംഭവത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ബൈബിൾ പകർപ്പുകളുടെ വിതരണം നിർത്തണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം ആളുകൾ സ്റ്റാളിന് പുറത്ത് മുദ്രാവാക്യം വിളിക്കുന്നത് വീഡിയോയില്‍ കാണാം.
ബൈബിള്‍ വാങ്ങാനായി ആരെയും നിർബന്ധിക്കുന്നില്ലെന്നും ആളുകളെ മതപരിവർത്തനം ചെയ്യാൻ ശ്രമിക്കുന്നില്ലെന്നും സ്റ്റാളിലെ സന്നദ്ധ പ്രവർത്തകർ
1899-ൽ സ്ഥാപിതമായ ഗിഡിയോൺസ് ഇന്റർനാഷണൽ എന്ന ക്രിസ്ത്യൻ സംഘടനയാണ് സ്റ്റാൾ നടത്തുന്നത്. വിശുദ്ധ ബൈബിൾ സൗജന്യമായി ലഭിക്കുമെന്ന് സൂചിപ്പിക്കുന്ന പോസ്റ്ററുകൾ സ്റ്റാളിന് പുറത്തുണ്ടായിരുന്നു. വിവാദമായതോടെ പോസ്റ്ററുകള്‍ നീക്കം ചെയ്തു. ബൈബിള്‍ വാങ്ങാനായി ആരെയും നിർബന്ധിക്കുന്നില്ലെന്നും ആളുകളെ മതപരിവർത്തനം ചെയ്യാൻ ശ്രമിക്കുന്നില്ലെന്നുമാണ് സ്റ്റാള്‍ നടത്തിപ്പുകാരുടെ വിശദീകരണം.
രാജ്യത്തെ ഏറ്റവും വലിയ സാഹിത്യ മേളകളിലൊന്നാണ് ലോക പുസ്തക മേള. 2022-ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാന ജേതാവായ ആനി എർണാക്‌സ് ഉള്‍പ്പെടെയുള്ളവരാണ് ഇത്തവണ അതിഥികളുടെ പട്ടികയിലുള്ളത്. എന്നാല്‍ മേളയ്ക്ക് നേരെയുണ്ടായ ഹിന്ദുത്വവാദികളുടെ അക്രമം നിരവധിപേരില്‍ ഭയം പടര്‍ത്തിയിരിക്കുകയാണ്.
“ഞാൻ 10 വർഷമായി പുസ്തകമേളയിൽ സ്റ്റാൾ കൈകാര്യം ചെയ്യുന്നു, എന്നാൽ ഇത് ആദ്യമായാണ് ഇത്തരമൊരു സംഭവം,” പ്രതിഷേധത്തെയും അക്രമത്തെയും പരാമർശിച്ച് ഒരു സന്നദ്ധ പ്രവർത്തകൻ പറഞ്ഞു. ഇന്നലെ സമരവേദിയുടെ പരിസരത്ത് സൗജന്യ യോഗാഭ്യാസവും ഭഗവദ്ഗീത വിൽപനയും നടത്തുന്ന ഒരു സ്റ്റാളുമുണ്ടായിരുന്നു. കൂടാതെ ഹിന്ദുമതം, സിഖ് മതം, ഇസ്ലാം, ക്രിസ്തുമതം എന്നിവയെക്കുറിച്ചുള്ള മതഗ്രന്ഥങ്ങളുള്ള മറ്റ് നിരവധി സ്റ്റോറുകളുണ്ട്. '' സ്റ്റാളുകൾക്ക് ഒരുമിച്ച് നിലനിൽക്കാൻ കഴിയുമെന്നതുപോലെ വ്യത്യസ്ത വിശ്വാസങ്ങൾക്കും നിലനിൽക്കാൻ കഴിയുമെന്ന് ഞങ്ങള്‍ കരുതിയിരുന്നു. എന്നാൽ ഇന്നലത്തെ അക്രമത്തെക്കുറിച്ച് സംസാരിക്കുമ്പോൾ തന്നെ എല്ലാവരിലും പ്രതിഫലിക്കുന്ന വികാരം ഭയമാണ്'' - ഗിഡിയോണിലെ സന്നദ്ധപ്രവർത്തകർ പറയുന്നു.
സംഭവത്തില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ഡല്‍ഹി പോലീസ് പറഞ്ഞു. പ്രതിഷേധത്തില്‍ പങ്കില്ലെന്ന് വ്യക്തമാക്കി വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) രംഗത്തെത്തി. എന്നാല്‍ ക്രിസ്ത്യൻ ഗ്രൂപ്പുകളും മിഷനറിമാരും ഹിന്ദുക്കളെ കുടുക്കുകയാണെന്ന ആരോപണവും അവര്‍ ഉന്നയിച്ചു.