അരാജകത്വം സൃഷ്ടിക്കാനുള്ള  നീക്കങ്ങള്‍ക്കെതിരെ  തൊഴിലാളി ഐക്യം ശക്തിപ്പെടുത്തണം: തപന്‍ സെന്‍

അരാജകത്വം സൃഷ്ടിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ തൊഴിലാളി ഐക്യം ശക്തിപ്പെടുത്തണം: തപന്‍ സെന്‍

സിഐടിയു അഖിലേന്ത്യാ സമ്മേളനത്തിന് ബെംഗളൂരുവില്‍ തുടക്കം
Updated on
1 min read

രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ തൊഴിലാളി സമൂഹം ഒറ്റകെട്ടായി നേരിടണമെന്ന് സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍ സെന്‍. തൊഴിലാളികളും കര്‍ഷകരും മാത്രമല്ല സമൂഹമൊന്നാകെ വെല്ലുവിളി നേരിടുന്ന സമയമാണ്. കോര്‍പറേറ്റ് താത്പര്യങ്ങള്‍ മാത്രം സംരക്ഷിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയനങ്ങള്‍ക്കെതിരെ തൊഴിലാളി ഐക്യം ശക്തിപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബെംഗളൂരുവില്‍ തുടങ്ങിയ പതിനേഴാമത് സിഐടിയു അഖിലേന്ത്യാ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു തപന്‍ സെന്‍.

വര്‍ഗീയതയിലൂടെ അരാജകത്വം സൃഷ്ടിക്കുകയാണ് കേന്ദ്രം ഭരിക്കുന്നവര്‍. ഇത് തൊഴിലാളി സമൂഹം തിരിച്ചറിയണം. തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും സമൂഹത്തിനൊന്നാകയും തൊഴിലാളി സമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണ്. കോര്‍പറേറ്റുകള്‍ക്ക് രാജ്യം തീറെഴുതാനുള്ള എല്ലാ ശ്രമങ്ങളെയും വര്‍ഗ സമരത്തിലൂടെ ചെറുത്തു തോല്‍പിക്കണം. എങ്കില്‍ മാത്രമേ അതിജീവനം സാധ്യമാകുകയുള്ളൂ. സംയുക്ത ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്നും തപന്‍ സെന്‍ ആഹ്വാനം ചെയ്തു.

സിഐടിയു അഖിലേന്ത്യാ അധ്യക്ഷ കെ ഹേമലത സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തി. ട്രേഡ് യൂണിയന്‍ വേള്‍ഡ് ഫോറം ജനറല്‍ സെക്രട്ടറി പംപിസ് കൈരിറ്റ്‌സിസ് സമ്മേളനത്തില്‍ പങ്കെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 1500 ഓളം പ്രതിനിധികളാണ് 5 ദിവസം നീണ്ട് നില്‍ക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍ നിന്ന് 626 പ്രതിനിധികളാണ് സമ്മേളനത്തിനെത്തിയത്. 19 ന് വൈകിട്ട് നടക്കുന്ന സെഷനില്‍ ക്യൂബന്‍ വിപ്ലവ നേതാവ് ഏണസ്റ്റ് ചെ ഗുവേരയുടെ മകള്‍ ഡോ. അലൈഡ ഗുവേര മുഖ്യാതിഥി ആയിരിക്കും. 22 ന് ബെംഗളൂരു നാഷണല്‍ കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന പൊതു സമ്മേളനത്തോടെ സമ്മേളനം സമാപിക്കും.

logo
The Fourth
www.thefourthnews.in