സ്‌കൂള്‍ ഉച്ചഭക്ഷണത്തില്‍ നിറയെ പുഴുവും കല്ലും; പരാതിയുമായി പോലീസിനെ സമീപിച്ച് നാലാംക്ലാസുകാരി
സ്കൂൾ ഉച്ചഭക്ഷണത്തിൽ നിറയെ പുഴുവും കല്ലുമാണെന്ന പരാതിയുമായി നാലാം ക്ലാസുകാരി പോലീസ് സ്റ്റേഷനിൽ. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ മീർപേട്ട് മുനിസിപ്പൽ കോർപ്പറേഷന്റെ കീഴിലുള്ള സർക്കാർ പ്രൈമറി സ്കൂളിലാണ് സംഭവം. നാലാംക്ലാസ് വിദ്യാർഥിനിയായ പൂജിതയാണ് പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തിയത്. ഉച്ചഭക്ഷണത്തിൽ പുഴുവരിച്ചെന്നും ചിലപ്പോഴൊക്കെ കല്ലും ഉണ്ടെന്നും ഭക്ഷണം കഴിക്കാനാകുന്നില്ലെന്നും വിദ്യാർഥി പറയുന്നു. ഭക്ഷണത്തിൽ പുഴുവരിച്ചതായി നിരവധി തവണ സ്കൂൾ അധികൃതരോട് പരാതിപ്പെട്ടിട്ടും ടിസി നൽകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.
പരാതി ലഭിച്ചതോടെ മീർപേട്ട് എസ്‌ഐ മഹേന്ദര്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ പോലീസ് സംഘം പരിശോധനയ്ക്കായി സ്‌കൂളിലെത്തുകയും ചീഞ്ഞളിഞ്ഞ പച്ചക്കറികളും പഴകിയ എണ്ണയും പുഴുവരിച്ച അരിയും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ സ്കൂളിലെ അധ്യാപകർക്കും ജീവനക്കാർക്കുമെതിരെ മീർപേട്ട് പോലീസ് കേസെടുത്തു. സംസ്ഥാനത്തെ സർക്കാർ സ്കൂളുകള്‍ക്കെതിരെ തുടർച്ചയായി അതീവ ഗുരുതരമായ ആരോപണങ്ങളാണ് പുറത്ത് വരുന്നത്. സെപ്റ്റംബറില്‍ തെലങ്കാനയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ ഭക്ഷണത്തില്‍ നിന്ന് വിഷബാധയേറ്റ 31 കുട്ടികളെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.