പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകി കനക് റെലെ അന്തരിച്ചു
പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകി കനക് റെലെ അന്തരിച്ചു. 85 വയസ്സായിരുന്നു. മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. മോഹിനിയാട്ടത്തിന്റെ പ്രൗഢി രാജ്യാന്തര തലത്തിലെത്തിച്ച കനക് റെലെയെ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. മുംബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നളന്ദ നൃത്ത ഗവേഷണ കേന്ദ്രത്തിന്റെ സ്ഥാപക ഡയറക്ടറും നളന്ദ നൃത്ത കലാ മഹാവിദ്യാലയത്തിന്റെ സ്ഥാപക പ്രിൻസിപ്പലുമാണ് .
ഗുജറാത്തിൽ ജനിച്ച കനക് റെലെ ശാന്തി നികേതനിലും കൊൽക്കത്തയിലുമാണ് കുട്ടിക്കാലം ചെലവഴിച്ചത്. മുംബൈ സർവകലാശാലയ്ക്ക് കീഴിലുള്ള ലോ കോളേജിൽ നിന്ന് നിയമപഠനവും തുടർന്ന് മാഞ്ചസ്റ്റർ സർവകലാശാലയിൽ നിന്ന് അന്താരാഷ്ട്ര നിയമത്തിൽ ഡിപ്ലോമയും നേടി. മുംബൈ സർവകലാശാലയില്‍ നിന്ന് നൃത്തത്തിൽ പിഎച്ച്‌ഡിയും നേടിയിട്ടുണ്ട്. ഏഴാം വയസിൽ ഗുരു കരുണാകരപ്പണിക്കരിൽ നിന്ന് കഥകളി പഠിച്ചെങ്കിലും പിന്നീട് കലാമണ്ഡലം രാജലക്ഷ്മിയുടെ കീഴിൽ മോഹിനിയാട്ടത്തിലേക്കുള്ള വഴി തെളിയുകയായിരുന്നു. പുരാതന ഗ്രന്ഥങ്ങളിൽ നിന്ന് നൃത്തരൂപങ്ങളെക്കുറിച്ച് വിശദമായ ഗവേഷണം നടത്തിയ ശേഷം ഡോ റെലെ മോഹിനിയാട്ടത്തിൽ സ്വന്തം ശൈലി വികസിപ്പിച്ചെടുത്തു. കനക് റെലെ സ്കൂൾ എന്നാണ് ഇത് അറിയപ്പെടുന്നത്.
എട്ട് പതിറ്റാണ്ടോളം നീണ്ടുനിന്ന സുദീർഘമായ നൃത്ത ജീവിതത്തിൽ, പത്മശ്രീ (1989), പത്മഭൂഷൺ (2013), സംഗീത നാടക അക്കാദമി അവാർഡ് (1994), കാളിദാസ് സമ്മാന്‍ (2006), എം എസ് സുബ്ബലക്ഷ്മി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും അവർക്ക് ലഭിച്ചു. യതീന്ദ്ര റെലെ ആണ് ഭര്‍ത്താവ്, മകൻ രാഹുൽ, മരുമകൾ ഉമ. രണ്ട് പേരക്കുട്ടികളുമുണ്ട്.
ഇന്ത്യൻ ശാസ്ത്രീയ നൃത്തരൂപങ്ങളുടെ പ്രോത്സാഹനത്തിനും പ്രചാരണത്തിനും ഗവേഷണത്തിനും വേണ്ടിയാണ് കനക് റെലെ ജീവിതം മുഴുവൻ സമർപ്പിച്ചതെന്ന് മഹാരാഷ്ട്ര ഗവർണർ രമേഷ് ബെയ്‌സ് പറഞ്ഞു.