കാലാവസ്ഥാ വ്യതിയാനവും ജലദൗർലഭ്യവും അന്നം മുട്ടിക്കും; 2050 ഓടെ രാജ്യത്ത് ഭക്ഷ്യ വിതരണത്തില്‍ ഇടിവുണ്ടാകുമെന്ന് പഠനം
കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ജലദൗർലഭ്യവും ഉയർന്ന താപനിലയും രാജ്യത്തെ ഭക്ഷ്യ വിതരണത്തെയും ഉത്പാദനത്തെയും സാരമായി ബാധിക്കുമെന്ന് റിപ്പോർട്ട്. 2050 ഓടെ രാജ്യത്ത് ഭക്ഷ്യ വിതരണത്തില്‍ 16 ശതമാനത്തോളം ഇടിവുണ്ടാകുമെന്ന് റിപ്പോർട്ടില്‍ പറയുന്നു. ഗ്ലോബല്‍ കമ്മീഷന്‍ ഓണ്‍ ഇക്കണോമിക്സ് ഓഫ് വാട്ടർ (ജിസിഇഡബ്ല്യൂ) പുറത്തുവിട്ട 'The What, Why and How of the World Water Crisis' റിപ്പോർട്ടിലാണ് ഇക്കാര്യം രേഖപ്പെടുത്തിയത്.
2019 ലെ ഔദ്യോഗിക കണക്കനുസരിച്ച്, ജലദൗർലഭ്യം നേരിടുന്ന രാജ്യങ്ങളില്‍ 13 -ാം സ്ഥാനത്താണ് ഇന്ത്യ. ഇത് ഭക്ഷ്യ ഉത്പാദനത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി മുന്‍പും റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു
ജലദൗർലഭ്യവും ജനസംഖ്യയിലെ വർധനയും ഇന്ത്യയിലും ലോകത്താകമാനവും ഭക്ഷ്യ വിതരണത്തെയും ഉത്പാദനത്തെയും ബാധിക്കുമെന്ന് ജിസിഇഡബ്ല്യൂ നടത്തിയ പഠനത്തില്‍ കണ്ടെത്തി. റിപ്പോർട്ട് പ്രകാരം, ഭക്ഷ്യ വിതരണത്തില്‍ ഏറ്റവും ഇടിവുണ്ടാവുക ചൈനയിലാണ്. ചൈനയില്‍ 22.4 ശതമാനവും തെക്കേ അമേരിക്കയിൽ 19.4 ശതമാനവുമാണ് ഇടിവുണ്ടാകുക. നിലവില്‍ ഭക്ഷ്യ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന ചൈന ഉള്‍പ്പെടെയുള്ള ആസിയാന്‍ അംഗരാജ്യങ്ങള്‍ 2050 ഓടെ ഭക്ഷ്യ വസ്തുക്കള്‍ ഇറക്കുമതി ചെയ്യേണ്ടതായി വരുമെന്നും പഠനത്തില്‍ നിന്ന് വ്യക്തമാണ്.
2019 ലെ ഔദ്യോഗിക കണക്കനുസരിച്ച്, ജലദൗർലഭ്യം നേരിടുന്ന രാജ്യങ്ങളില്‍ 13 -ാം സ്ഥാനത്താണ് ഇന്ത്യ. ഇത് ഭക്ഷ്യ ഉത്പാദനത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി മുന്‍പും റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. ഭക്ഷ്യ അരക്ഷിതാവസ്ഥ ആഗോളതലത്തിൽ 72 മുതല്‍ 81 കോടി ആളുകളെ ബാധിക്കു മെന്നാണ് കണക്കുകളില്‍ പറയുന്നത്. ഉൽപ്പാദനത്തിലെ ഇടിവ് 100 കോടി ജനങ്ങളെ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ജലദൗർലഭ്യം സംബന്ധിച്ച് നടത്തിയ 'ടേർണിങ് ദി ടൈഡ്' എന്ന ജിസിഇഡബ്ല്യൂവിന്റെ മറ്റൊരു പഠന റിപ്പോർട്ടില്‍ ഭക്ഷ്യ പ്രതിസന്ധി മറികടക്കുന്നതിനായി കൂട്ടായി പ്രവർത്തിക്കാന്‍ ഏഴിന അജണ്ട പുറത്തിറക്കിയിരുന്നു. ശുദ്ധജല സംഭരണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക, ജലസംരക്ഷണത്തിന് ഫലപ്രദമായ സമീപനം സ്വീകരിക്കുക, ആഗോള ജലചക്രം നീതിയോടെ കൈകാര്യം ചെയ്യുക, ജല പങ്കാളിത്തം ശക്തിപ്പെടുത്തുക തുടങ്ങിയവ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തില്‍ കൂട്ടായ പ്രവർത്തനം ഒരു പരിധിവരെ പ്രതിസന്ധി പരിഹരിക്കാന്‍ സഹായിക്കുമെന്നാണ് കമ്മീഷന്റെ നിഗമനം.