മഴക്കെടുതി: ഹിമാചലിൽ 16 മരണം, വീട്ടിൽനിന്ന് പുറത്തിറങ്ങരുതെന്ന് നിർദേശം
ഹിമാചൽ പ്രദേശിലുണ്ടായ മഴക്കെടുതിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 16 പേർ മരിച്ചത് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു. സോളൻ ജില്ലയിൽ കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ മേഘവിസ്ഫോടനത്തിൽ ഏഴുപേരും ഷിംലയിലെ ശിവക്ഷേത്രത്തിന് സമീപമുണ്ടായ മണ്ണിടിച്ചിലിൽ ഒൻപത് പേരുമാണ് കൊല്ലപ്പെട്ടത്. വീടുകളിൽ തുടരാനും തോടുകളിലേക്കും നദികളിലേക്കും പോകുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു.
മണ്ണിടിച്ചിലുണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് മാറണമെന്നും സഞ്ചാരികൾ ഹിമാചലിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും സുഖ്‌വിന്ദർ സിങ് ആവശ്യപ്പെട്ടു. ഇരുപതോളം ആളുകൾ ഷിംല നഗരത്തിലുണ്ടായ മണ്ണിടിച്ചിലിൽ അകപ്പെട്ടതായി സംശയിക്കുന്നുവെന്ന് ഡെപ്യൂട്ടി കമ്മീഷണർ ആദിത്യ നെഗി പറഞ്ഞു. ഫാഗ്ലി മേഖലയിലും നിരവധി വീടുകൾ ചെളിയിൽ മൂടിപോയിട്ടിട്ടുണ്ട്. അതേസമയം, മേഘവിസ്ഫോടനത്തെ തുടർന്ന് സോളനിലെ കാണ്ഡഘട്ട് സബ്ഡിവിഷനിലെ മാംലിങ് ഗ്രാമത്തിൽ കുടുങ്ങിപ്പോയ ആറ് പേരെ രക്ഷപ്പെടുത്തി. രണ്ട് വീടുകളും ഒരു ഗോശാലയും ഒലിച്ചുപോയതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
മഴയും മണ്ണിടിച്ചിലിനെയും തുടർന്ന് സംസ്ഥാനത്തെ നിരവധി റോഡുകളും അടച്ചു. മാണ്ഡിയിൽ 236 ഉം ഷിംലയിൽ 59 ഉം ബിലാസ്പൂർ ജില്ലയിൽ 40 എന്നിങ്ങനെ ആകെ 621 റോഡുകൾ അടച്ചിട്ടുണ്ടെന്ന് സംസ്ഥാന എമർജൻസി ഓപ്പറേഷൻ സെന്റർ അറിയിച്ചു. ആവർത്തിച്ചുള്ള മണ്ണിടിച്ചിലിനെ തുടർന്ന് ഷിംലയെയും ചണ്ഡീഗഢിനെയും ബന്ധിപ്പിക്കുന്ന ഷിംല-കൽക്ക ദേശീയ പാതയുടെ ഒരു പ്രധാന ഭാഗം കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നിരവധി തവണ അടച്ചിടേണ്ടതായി വന്നുവെന്നു അധികൃതർ പറഞ്ഞു.
കഴിഞ്ഞ 48 മണിക്കൂറായി തുടരുന്ന മഴ ഹമിർപൂർ ജില്ലയുടെ എല്ലാ ഭാഗങ്ങളിലും നാശം വിതച്ചു. മഴയിലും മണ്ണിടിച്ചിലിലും ഹമീർപൂരിലെ വിളകൾക്കും സ്വകാര്യ കെട്ടിടങ്ങൾക്കും വ്യാപക നാശം സംഭവിച്ചിട്ടുണ്ട്. ഇത് ബിയാസ് നദിയിലും അതിന്റെ കൈവഴികളിലും വെള്ളപ്പൊക്കത്തിന് കാരണമായി. ജനങ്ങൾ പുറത്തിറങ്ങരുതെന്നും ബിയാസ് നദീതീരത്തും നുള്ള് ഭാഗത്തും പോകുന്നത് ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ജൂൺ 24ന് ഹിമാചൽ പ്രദേശിൽ മൺസൂൺ ആരംഭിച്ചതിന് ശേഷം, സംസ്ഥാനത്തിൽ ഇതുവരെ 7,020 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായും മഴക്കെടുതികളിൽ 257 പേർ മരിച്ചതായും എമർജൻസി ഓപ്പറേഷൻ സെന്റർ അറിയിച്ചു. സംസ്ഥാനത്ത് ഈ മാസം 17 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുകയും യെല്ലോ അലർട്ട് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് 19 വരെ സംസ്ഥാനത്ത് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചിക്കുകയും ചെയ്തിട്ടുണ്ട്.
ഉത്തരാഖണ്ഡിലും കനത്ത മഴ തുടരുകയാണ് നിർത്താതെ പെയ്യുന്ന മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ദേശീയ പാതകളുൾപ്പെടെ വിവിധ റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. തെഹ്‌രിയിലെ കുഞ്ചപുരി ബഗർധറിന് സമീപം മണ്ണിടിച്ചിലിനെത്തുടർന്ന് ഋഷികേശ്-ചമ്പ ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. അതേസമയം ഋഷികേശ്-ദേവപ്രയാഗ്-ശ്രീനഗർ ദേശീയ പാതയിൽ സഖ്നിധറിൽ ഹെവി വാഹനങ്ങളെ യാത്രയെ തടഞ്ഞിട്ടുണ്ട്. ഹരിദ്വാറിലെ ഗംഗാ നദി 294.90 മീറ്ററിൽ അപകടരേഖയ്ക്ക് മുകളിലാണ് ഒഴുകുന്നത്.
ചമോലി ജില്ലയിൽ ഇന്നലെ വൈകുന്നേരം മുതൽ പെയ്ത തുടർച്ചയായ മഴയിൽ തരളി, നന്ദ നഗർ ഘട്ട് മേഖലകളിൽ വൻ നാശനഷ്ടമുണ്ടായി. ചമോലിയിലെ പിണ്ടാർ, നന്ദാകിനി നദികളിലെ ജലനിരപ്പ് ക്രമാതീതമായി വർധിച്ചത് സമീപ പ്രദേശങ്ങളെ അപകടത്തിലാക്കി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും പ്രദേശത്ത് വ്യാപകമായി നാശം സംഭവിച്ചിട്ടുണ്ട്. തുടർച്ചയായി പെയ്യുന്ന മഴ നന്ദ നഗർ ഘട്ട് മേഖലയിലെ മന്ദാകിനി നദിയിലെ ജലനിരപ്പും വർധിപ്പിച്ചിട്ടുണ്ട്.
ഇതേത്തുടർന്ന് ഇവിടെ താമസിക്കുന്നവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. കോട്ദ്വാറിലെ കനത്ത മഴയെത്തുടർന്ന് ഹോ നദിയിലെയും മലാൻ സുഖ്രോ നദിയിലെയും ജലനിരപ്പ് ഉയരുകയും ഈ നദികളുടെ തീരത്തുള്ള നിരവധി വീടുകൾ ഒലിച്ചുപോകുകയും ചെയ്തു. ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന വ്യക്തികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ പോലീസ് സേനയെയും സംസ്ഥാന ദുരന്ത നിവാരണ സേനയെയും (എസ്‌ഡിആർഎഫ്) വിന്യസിച്ചിട്ടുണ്ട്.
ഡെറാഡൂൺ, നൈനിറ്റാൾ എന്നിവയുൾപ്പെടെ സംസ്ഥാനത്തെ ആറ് ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന് റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴക്കെടുതിൽ ഇതുവരെ 60 പേർ മരിക്കുകയും 17 പേരെ കാണാതാവുകയും ചെയ്തു. റെഡ് അലർട്ട് പ്രഖ്യാപിച്ച തെഹ്‌രി, ഡെറാഡൂൺ, പൗരി, ചമ്പാവത്ത്, നൈനിറ്റാൾ, ഉധം സിംഗ് നഗർ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ രണ്ടു ദിവസത്തേക്ക് ശക്തമായ ഇടിയും മിന്നലോടും കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഹരിദ്വാർ ജില്ലയിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യത്തിലും ജനങ്ങളെ സഹായിക്കാൻ ജാഗ്രത പുലർത്താൻ സർക്കാർ ജില്ലാ മജിസ്‌ട്രേറ്റുകളോടും സംസ്ഥാന ദുരന്ത നിവാരണ സേനയോടും (എസ്‌ഡിആർഎഫ്) നിർദ്ദേശം നൽകിയിട്ടുണ്ട്.