മേഘാലയില്‍ വീണ്ടും എന്‍പിപി; സർക്കാർ രൂപീകരിക്കാൻ ബിജെപി പിന്തുണ തേടി സാങ്മ; ജനങ്ങൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി
നിയമസഭ തിരഞ്ഞെടുപ്പ് നടന്ന മൂന്ന് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ബിജെപി തന്നെ ഭരിക്കും. ത്രിപുരയിലും നാഗാലാന്റിലും ബിജെപി സഖ്യം ഭരണം നിലനിർത്തിയപ്പോൾ മേഘാലയയിൽ കോൺറാഡ് സാങ്മ നയിക്കുന്ന എൻപിപിയായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. എന്നാൽ കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ സാങ്മ ബിജെപിയുടെ പിന്തുണ തേടി. ഇതോടെ മേഘാലയയിലും ബിജെപി സഖ്യം അധികാരത്തിലെത്തും. രാജ്യത്ത് ജനാധിപത്യം വളരുന്നതിന്റെ സന്ദേശമാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു.
മൂന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ മികച്ച പ്രകടനം ജനാധിപത്യത്തിലും ജനാധിപത്യ പ്രക്രിയയിലും ജനങ്ങൾക്കുള്ള ഉറച്ച വിശ്വാസമാണ് കാണിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ''ത്രിപുരയിൽ ബിജെപി അനായാസം വിജയിച്ചു. തിരഞ്ഞെടുപ്പ് വിജയം ബിജെപി പ്രവർത്തകരുടെ കഠിനപ്രയത്നത്തിന്റെ ഫലമാണ്. ഇത് ജനാധിപത്യത്തിലും ജനാധിപത്യ സ്ഥാപനങ്ങളിലും ജനങ്ങൾക്കുള്ള വിശ്വാസം കാണിക്കുന്നു. പുരോഗമനത്തിന്റെ പാതയിലൂടെ സഞ്ചരിക്കുന്നത് അഭിമാനകരമാണ്. ഇത് വലിയ വിജയമാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങൾ അവഗണിക്കപ്പെടുന്നില്ല എന്നതിൽ ഞാൻ സംതൃപ്തനാണ്''- ഡൽഹി ബിജെപി ആസ്ഥാനത്തെ വിജയാഘോഷത്തിൽ സംസാരിക്കുന്നതിനിടെ പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം, 60 സീറ്റുകളുള്ള മേഘാലയ നിയമസഭയിൽ കേവലം 26 സീറ്റുകളുമായി നാഷണൽ പീപ്പിൾസ് പാർട്ടിക്ക് (എൻപിപി) ഭൂരിപക്ഷം കുറഞ്ഞ സാഹചര്യത്തിലാണ്, പുതിയ സർക്കാർ രൂപീകരിക്കുന്നതിന് പിന്തുണ തേടി മുഖ്യമന്ത്രി കോൺറാഡ് സാങ്മ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സമീപിച്ചത്. തുടർന്ന് മേഘാലയയിൽ അടുത്ത സർക്കാർ രൂപീകരിക്കുന്നതിന് നാഷണൽ പീപ്പിൾസ് പാർട്ടിയെ പിന്തുണയ്ക്കാൻ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ പാർട്ടിയുടെ സംസ്ഥാന ഘടകത്തോട് ആവശ്യപ്പെട്ടതായി അസം മുഖ്യമന്ത്രി ഹിമന്ത ശർമ അറിയിച്ചു.
മേഘാലയ നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 60 സീറ്റുകളിൽ അഞ്ചെണ്ണമാണ് കോൺഗ്രസിന് ലഭിച്ചത്. പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനും ഷില്ലോങ് എംപിയുമായ വിൻസെന്റ് എച്ച് പാല, കിഴക്കൻ ജയന്തിയാ ഹിൽസിലെ സുത്ംഗ സായ്പുങ് മണ്ഡലത്തിൽ ഭരണകക്ഷിയായ എൻപിപിയുടെ സാന്താ മേരി ഷില്ലയോട് 1,828 വോട്ടുകൾക്ക് പരാജയപ്പെട്ടു. തൃണമൂൽ കോൺഗ്രസ് 5 സീറ്റുകൾ നേടിയപ്പോൾ ബിജെപിക്ക് മൂന്ന് സീറ്റുകൾ മാത്രമാണ് നേടാനായത്
അതിനിടെ ത്രിപുരയിൽ ആവശ്യമെങ്കിൽ ബിജെപി സർക്കാരുമായി സഹകരിക്കുമെന്ന് തിപ്ര മോത അറിയിച്ചു. സിപിഎമ്മിനും കോൺഗ്രസിനുമൊപ്പം നിൽക്കില്ലെന്നും ക്രിയാത്മക പ്രതിപക്ഷമായി സ്വതന്ത്രമായി നിലകൊള്ളുമെന്നും പ്രദ്യോത് മാണിക്യ ദേബ് ബര്‍മന്‍ അറിയിച്ചു. ''ഞങ്ങള്‍ രണ്ടാമത്തെ വലിയ കക്ഷിയാണ്. അതുകൊണ്ട് ഞങ്ങള്‍ ക്രിയാത്മക പ്രതിപക്ഷത്തില്‍ ഇരിക്കും. പക്ഷേ സിപിഎമ്മിനും കോൺഗ്രസിനുമൊപ്പം നിൽക്കില്ല. ഞങ്ങള്‍ സ്വതന്ത്രമായി ഇരിക്കും. സര്‍ക്കാരിന് ആവശ്യമുള്ളപ്പോള്‍ ഞങ്ങള്‍ അവരെ സഹായിക്കും''-പ്രദ്യോത് ദേബ് ബര്‍മന്‍ പറഞ്ഞു.
ഇത്തവണ തിരഞ്ഞെടുപ്പിൽ തിപ്ര മോത 13 സീറ്റ് നേടിയെങ്കിലും ബിജെപി സഖ്യം കേവല ഭൂരിപക്ഷം ഉറപ്പിച്ചതോടെ നിര്‍ണായക ശക്തിയാകാൻ സാധിച്ചിരുന്നില്ല. അതേസമയം സംസ്ഥാനത്തെ ബിജെപിയുടെ വിജയത്തിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച് സിപിഎമ്മും രംഗത്തെത്തിയിട്ടുണ്ട്. ത്രിപുരയിൽ ബിജെപി പണമൊഴുക്കിയെന്നും വലിയ തോതിലുള്ള ക്രമക്കേടുകൾ നടത്തിയെന്നും സിപിഎം ആരോപിച്ചു. ജനതാല്പര്യം മുൻനിർത്തി പ്രതിഞ്ജാബദ്ധരായി പ്രവർത്തിക്കുമെന്നും സിപിഎം പോളിറ്റ് ബ്യൂറോ പ്രതികരിച്ചു. ബിജെപിയെ തുരത്താന്‍ സംസ്ഥാന ചരിത്രത്തിലാദ്യമായി കോണ്‍ഗ്രസുമായി കൈകോര്‍ത്ത സിപിഎമ്മിന് കനത്ത തിരിച്ചടിയാണ് ഉണ്ടായത്. കഴിഞ്ഞ തവണ സിപിഎം ഒറ്റയ്ക്ക് നേടിയത് 16 സീറ്റെങ്കില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് ആകെ നേടാനായത് 14 സീറ്റ് മാത്രമാണ്.