മുംബൈയില്‍ 520 കോടിയുടെ ലഹരിവേട്ട: പിന്നില്‍ മലയാളിയായ വിജിനും സംഘവും, 50 കിലോ ഹെറോയിനുമായി പാക് ബോട്ട് പിടിച്ചെടുത്തു
പഴം ഇറക്കുമതിയുടെ മറവില്‍ ലഹരിക്കടത്തിന് പിടിയിലായ മലയാളി വിജിന്‍ വര്‍ഗിസിന്റെ മറ്റൊരു ലഹരിക്കടത്ത് കൂടി പിടികൂടി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ). മുംബൈയില്‍ ഗ്രീന്‍ ആപ്പിള്‍ കണ്ടെയ്നറിന്റെ മറവില്‍ കടത്താന്‍ ശ്രമിച്ച 520 കോടിയുടെ കൊക്കെയ്നാണ് പിടിച്ചെടുത്തത്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് എത്തിച്ച കണ്ടെയ്നറില്‍ ഗ്രീന്‍ ആപ്പിള്‍ പെട്ടികളിലായായിരുന്നു കൊക്കെയ്ന്‍ എത്തിച്ചത്. ആദ്യ കേസില്‍ കസ്റ്റഡിയിലിരിക്കെ രണ്ടാമത്തെ കേസിലും വിജിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
കാലടി ആസ്ഥാനമായ യമിറ്റോ ഇന്റര്‍നാഷണല്‍ ഫുഡ്സ് മാനേജിങ്ങ് ഡയറക്ടര്‍ വിജിന്‍ വര്‍ഗിസിനെയും കൂട്ടാളി മന്‍സൂര്‍ തച്ചംപറമ്പിലേയും കഴിഞ്ഞദിവസമാണ് ഡിആര്‍ഐ അറസ്റ്റ് ചെയ്തത്. ഇവരുടെ ഉടമസ്ഥതയില്‍ എത്തിയ കണ്ടെയ്നറില്‍ നിന്ന് മെത്തഫെറ്റാമിന്‍, കൊക്കയ്ന്‍ എന്നിവയുള്‍പ്പെടെ മാരക മയക്കുമരുന്നുകളായിരുന്നു പിടിച്ചെടുത്തത്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് എത്തിയ ചരക്കുകളുടെ കൂട്ടത്തിലായിരുന്നു ലഹരി മരുന്നുണ്ടായിരുന്നത്. നവി മുംബൈയിലെ കോള്‍ഡ് സ്റ്റോറേജുകളിലേക്ക് നീക്കിയ ചരക്കുകള്‍ സെപ്റ്റംബര്‍ 30ന് വിശദ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ലഹരി വസ്തുക്കള്‍ കണ്ടെത്താനായത്. 1,476 കോടി രൂപ വിലവരുന്നവയായിരുന്നു ഇത്.ഒരാഴ്ചയ്ക്ക് ശേഷമാണ് സമാനമായി രീതിയില്‍ ലഹരി വസ്തുക്കള്‍ കടത്താന്‍ ശ്രമിച്ച മറ്റൊരു കണ്ടെയ്നര്‍ കൂടി പിടിച്ചെടുത്തിരിക്കുന്നത്.
അതിനിടെ, ഇന്ന് പുലര്‍ച്ചെ 50 കിലോ ഹെറോയിനുമായി പാകിസ്താന്‍ ബോട്ട് ഗുജറാത്ത് തീരത്ത് നിന്ന് കോസ്റ്റ് ഗാര്‍ഡ് പിടികൂടി. 35 കോടി രൂപ വിലവരുന്നതാണ് പിടിച്ചെടുത്ത ഹെറോയിന്‍. ബോട്ട് കൂടുതല്‍ പരിശോധനകള്‍ക്കായി ജാഖൗ തുറമുഖത്തേക്ക് മാറ്റി.
കഴിഞ്ഞ ദിവസം പാകിസ്താനില്‍ നിന്നും ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച 200 കിലോഗ്രാം ലഹരി മരുന്ന് നാവിക സേനയുടെ സഹായത്തോടെ നര്‍കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ കൊച്ചിയില്‍ പിടി കൂടിയിരുന്നു. 1200 കോടി രൂപ വില വരുന്നതായിരുന്നു ഇത്. ഇറാനിയന്‍ ബോട്ടിലായിരുന്നു ലഹരി വസ്തുക്കള്‍ എത്തിക്കാന്‍ ശ്രമിച്ചത്.