കോയമ്പത്തൂര്‍ സ്‌ഫോടനം: അഞ്ച് പേർ പിടിയില്‍, വൻതോതിൽ സ്‌ഫോടക വസ്തുക്കൾ കണ്ടെടുത്തു
കോയമ്പത്തൂരിലെ ഉക്കടത്ത് ഉണ്ടായ കാർ സ്‌ഫോടനവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് തല്ക്ക, ഉക്കടം സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീൻ, ഉക്കടത്തിന് സമീപം ജിഎം നഗർ സ്വദേശികളായ മുഹമ്മദ് റിയാസ്, ഫിറോസ് ഇസ്മായിൽ, മുഹമ്മദ് നവാസ് ഇസ്മായിൽ എന്നിവരാണ് അറസ്റ്റിലായവർ. സ്‌ഫോടനം ആസൂത്രണം ചെയ്തതിലും നടപ്പാക്കിയതിലും പിടിയിലായവർക്ക് നിര്‍ണായക പങ്കുണ്ടെന്നാണ് പോലീസിന്‍റെ വിലയിരുത്തല്‍. വാഹനത്തിലുണ്ടായിരുന്ന എൽപിജി സിലിണ്ടറാണ് സ്‌ഫോടനത്തിന് കാരണമായതെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും കൊല്ലപ്പെട്ട മുബീന്റെ വസതിയിൽ നടത്തിയ പരിശോധനയിൽ വൻതോതിൽ സ്‌ഫോടകവസ്തുക്കൾ കണ്ടെത്താനായി. കേസ് അന്വേഷിക്കാനായി ആറ് പ്രത്യേക സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്.
ശനിയാഴ്ച രാത്രി 11.30 ഓടെ കോട്ടൈമേട്ടിലെ എച്ച്‌എംപിആർ സ്ട്രീറ്റിലുള്ള വസതിയിൽ നിന്ന് മുബിനും മറ്റുചിലരും വെള്ള ചാക്കിൽ പൊതിഞ്ഞ ഭാരമേറിയ വസ്തു പുറത്തെടുക്കുന്ന ദൃശ്യം പോലീസിന് ലഭിച്ചു. സ്ഫോടനം നടക്കുന്നതിന് മുൻപ് കൊല്ലപ്പെട്ട മുബീന്റെ ഉക്കടത്തെ വീട്ടിൽ നിന്ന് കാറിലേക്ക് സാധനങ്ങൾ കയറ്റാൻ സഹായിച്ചത് പ്രതികളാണെന്ന് പോലീസ് സ്ഥിരീകരിച്ചു. മുബീനെ വീട് മാറാൻ സഹായിക്കുകയായിരുന്നുവെന്നാണ് പ്രതികൾ പോലീസിനോട് പറഞ്ഞത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.
നാടൻ ബോംബുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പൊട്ടാസ്യം നൈട്രേറ്റ് ഉൾപ്പെടെയുള്ള തീവ്രത കുറഞ്ഞ സ്‌ഫോടക വസ്തു മുബീന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തതായി ഡിജിപി സി ശൈലേന്ദ്ര ബാബു പറഞ്ഞു. അസംസ്‌കൃത ബോംബുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പൊട്ടാസ്യം നൈട്രേറ്റ്, അലുമിനിയം, സൾഫർ തുടങ്ങിയ രാസവസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. ''സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് നഖങ്ങളും ബോൾ ബെയറിംഗും കണ്ടെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ടയാൾക്ക് ഒരു സംഘടനയുമായും ബന്ധമില്ല. അയാൾക്കെതിരെ ഒരു കേസും ഇല്ല. എന്നാൽ NIA യുടെ നിരീക്ഷണത്തിലുള്ള ചിലരുമായി അയാൾക്ക് ബന്ധമുണ്ട്. ഇതൊരു ചാവേർ ആക്രമണമല്ല. മുബീന്റെ ഫോൺ കണ്ടെടുത്തിട്ടുണ്ട്. അതിലെ നമ്പറുകൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്''- ഡിജിപി സി ശൈലേന്ദ്ര ബാബു പറഞ്ഞു. അന്വേഷണം ശരിയായ ദിശയിലായതിനാൽ എൻഐഎയുടെ ആവശ്യമില്ലെന്നും ഡിജിപി വ്യക്തമാക്കി.
നഗരത്തിലെ ഏറ്റവും തിരക്കേറിയ വാണിജ്യ മേഖലകളില്‍ ഒന്നായ ടൗൺ ഹാളിന് സമീപമുള്ള കോട്ടമേട് ക്ഷേത്രത്തിന് മുന്നില്‍ ഞായറാഴ്ച പുലര്‍ച്ചെ നാലോടെയാണ് സ്‌ഫോടനമുണ്ടായത്. കാറിനുള്ളില്‍ സൂക്ഷിച്ചിരുന്ന എല്‍പിജി സിലിണ്ടറുകളാണ് സ്‌ഫോടന കാരണമെന്നാണ് പോലീസിന്റെ നിഗമനം. പൊട്ടിത്തെറിയില്‍ കാര്‍ പൂര്‍ണമായും കത്തിനശിച്ചു. കാറില്‍ നിന്ന് ആണികളും മാര്‍ബിള്‍ ഭാഗങ്ങളും എല്‍പിജി സിലിണ്ടറുകളും പോലീസ് കണ്ടെത്തിയിരുന്നു. ശ്രീലങ്കയിൽ ഈസ്റ്റർ ദിവസം നടന്ന സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരൻ സഹ്‌റാൻ ഹാഷിമുമായി ബന്ധമുണ്ടെന്ന പേരില്‍ 2019ൽ മുബീനെ എൻഐഎ ചോദ്യം ചെയ്തിരുന്നു.