ചൂടപ്പം പോലെ വിറ്റ കോൾഡ് പ്ലേയുടെ വ്യാജടിക്കറ്റുകൾ ; അഞ്ച് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് ഇഡിയുടെ പരിശോധന
പ്രശസ്ത മ്യൂസിക് ബാൻഡായ കോൾഡ് പ്ലേ അവതരിപ്പിക്കുന്ന സംഗീത നിശയുടെ വ്യാജ ടിക്കറ്റുകൾ വിറ്റതിൽ അഞ്ച് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. ഡൽഹി, മുംബൈ, ജയ്‌പൂർ, ചണ്ഡീഗഡ്, ബാംഗ്ലൂർ എന്നീ നഗരങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ ഇഡി പരിശോധന നടത്തുന്നത്. വരാനിരിക്കുന്ന കോൾഡ് പ്ലേയുടെയും ദിൽജീത് ദൊസാഞ്ചിന്റെ 'ദിൽ-ലുമിനാട്ടി' എന്ന സംഗീത പരിപാടിക്കുമുള്ള ടിക്കറ്റുകളാണ് വ്യാജമായി ഉണ്ടാക്കി വിറ്റത്.
വ്യാജ ടിക്കറ്റുകളുടെ വില്പന നടന്നതായി കാണിക്കുന്ന നിരവധി എഫ്ഐആറുകൾ വ്യത്യസ്ത സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്തതിൽ നിന്നാണ് വ്യാപകമായി വ്യാജ ടിക്കറ്റുകൾ വിറ്റിട്ടുണ്ടെന്ന് മനസിലാക്കുന്നത്. കോൾഡ് പ്ലേയുടെ 'മ്യൂസിക് ഓഫ് ദി സ്ഫിയേഴ്സ് വേൾഡ് ടൂർ', ദിൽജിത് ദൊസാഞ്ചിൻ്റെ 'ദിൽ-ലുമിനാട്ടി' എന്നീ സംഗീത പരിപാടികൾക്കായാണ് ആരാധകർ ഏറെക്കാലം കാത്തിരുന്നത്. അതുകൊണ്ടു തന്നെ പരിപാടിയുടെ ടിക്കറ്റുകൾ ഔദ്യോഗിക ബുക്കിങ് വെബ്സൈറ്റുകളായ ബുക്ക് മൈ ഷോയിലും സൊമാറ്റോ ലൈവിലും ചൂടപ്പം പോലെ വിറ്റുപോയി. പരിപാടിക്ക് ടിക്കറ്റ് ലഭിക്കാത്തവർ വലിയ വിഷമത്തോടെ സമൂഹമാധ്യമങ്ങളിൽ പ്രതികരിക്കുകയും ചെയ്തു.
അതിനുശേഷമാണ് വ്യാജ ടിക്കറ്റ് വിറ്റു കാശുണ്ടാക്കാം എന്ന ആശയം പലർക്കും തോന്നിയത്. ആളുകൾ ഏറെക്കാലം കാത്തിരുന്ന, തങ്ങളുടെ ഇഷ്ടപരിപാടിയുടെ ടിക്കറ്റ് ലഭിച്ചു എന്ന സന്തോഷത്തോടെ ഇരുന്നവർ പിന്നീടാണ് കൈവശമുള്ള ടിക്കറ്റുകൾ വ്യാജമാണെന്ന് മനസിലാക്കിയത്.
നിരവധി ആവശ്യക്കാരുണ്ടെന്നു മനസിലാക്കി പരിപാടികളുടെ വ്യാജ ടിക്കറ്റുകൾ വിൽക്കുന്നുണ്ടെന്നു മനസിലാക്കിയ ബുക്ക് മൈ ഷോ സംഭവത്തിൽ പോലീസിൽ പരാതി നൽകി. സംഭവം അഞ്ചോളം സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് നടന്ന അതിവിപുലമായ തട്ടിപ്പാണെന്നു മനസ്സിലാക്കിയതോടെ ഇഡി അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലായി 13 സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ഇഡിയുടെ ഇപ്പോഴത്തെ അന്വേഷണം. മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും സിം കാർഡുകളുമുൾപ്പെടെ നിരവധി സാധനങ്ങൾ ഇഡി നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തു.
ബുക്ക് മൈ ഷോയുടെ പരാതിയിലുൾപ്പെടെ രാജ്യത്തെമ്പാടുമായി നിരവധി എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, ടിക്കറ്റിനു വലിയതോതിൽ ആവശ്യക്കാരുള്ള കാര്യം ഇവർ ദുരുപയോഗം ചെയ്യുകയായിരുന്നു എന്നും ഇഡി തങ്ങളുടെ പ്രസ്താവനയിൽ അറിയിച്ചു. വ്യാജടിക്കറ്റുകളുടെ വില്പന നടന്നതിനെ കുറിച്ചും അതിൽനിന്ന് ലഭിച്ച പണം എന്തിനാണ് ചെലവഴിച്ചത് എന്നുമാണ് നിലവിൽ ഇഡി അന്വേഷിക്കുന്നത്. ഇൻസ്റ്റാഗ്രാം, വാട്സ്ആപ്പ്, ടെലഗ്രാം ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ചാണ് വ്യാജ ടിക്കറ്റുകൾ വിറ്റതെന്നാണ് ഇഡിയുടെ പ്രാഥമിക കണ്ടെത്തൽ.
സാധാരണഗതിയിൽ ഇത്തരം പരിപാടികളുടെ ടിക്കറ്റുകൾ ബുക്കിങ് സൈറ്റുകളായ ബുക്ക് മൈ ഷോ, സൊമറ്റോ ലൈവ് എന്നീ വെബ്സൈറ്റുകളിലൂടെയാണ് ലഭിക്കുക. എന്നാൽ നിരവധി ആവശ്യക്കാരുണ്ടാകുന്ന സാഹചര്യത്തിൽ ഇത്തരം വെബ്സൈറ്റുകളിൽ ടിക്കറ്റുകൾ വിറ്റുതീരുകയും ആളുകൾ മറ്റു മാർഗങ്ങളിൽ ടിക്കറ്റുകൾ സംഘടിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യും. അങ്ങനെ നിരന്തരം വ്യാജ ടിക്കറ്റുകൾ വിൽക്കുന്നവരുണ്ട്. അതാണ് ഇവിടെയും സംഭവിച്ചത്. ഇത്തരം സ്ഥിരം ഏജന്റുകളെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നത്.