'പരാമര്‍ശങ്ങള്‍ അതിരുകടക്കുന്നു'; കൊളീജിയത്തിനെതിരായ വിമര്‍ശനങ്ങളില്‍ സുപ്രീംകോടതി
രാജ്യത്തെ കൊളീജിയം സംവിധാനത്തെ എല്ലാവരും അംഗീകരിക്കണമെന്നും, പിന്തുടരണമെന്നും സുപ്രീംകോടതി. രാജ്യത്ത് ഒരു വിഭാഗം ആളുകള്‍ കൊളീജിയത്തിനെതിരെ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ അതുകൊണ്ടൊന്നും കൊളീജിയത്തെ തകര്‍ക്കാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. സര്‍ക്കാര്‍ ജീവനക്കാരുടെ പരാമര്‍ശങ്ങള്‍ പോലും കൊളീജിയത്തിനെതിരെയാണ്, അത്തരക്കാര്‍ക്ക് വേണ്ട ഉപദേശങ്ങള്‍ നല്‍കണമെന്നും അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
കോടതി നിര്‍ദേശിച്ച സമയപരിധിക്കുള്ളില്‍ കൊളീജിയം ശുപാര്‍ശകള്‍ അംഗീകരിക്കാത്തതിന് കേന്ദ്ര സര്‍ക്കാരിനെതിരെ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെ ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, എ എസ് ഓക്ക, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് വിമര്‍ശനം ഉന്നയിച്ചത്. കൊളീജിയം സംവിധാനത്തെ ചൊല്ലി ജുഡീഷ്യറിയും കേന്ദ്രവും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കവെയാണ് സുപ്രീംകോടതിയുടെ പരാമര്‍ശം എന്നത് ശ്രദ്ധേയമാണ്. പ്രത്യേകിച്ച് ഉപരാഷ്ട്രപതി ജഗദീപ് ധന്‍ഖറിന്റെയും, നിയമമന്ത്രി കിരണ്‍ റിജിജുവിന്റെയും പ്രസ്താവനകളുടെ സാഹചര്യത്തില്‍
ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രാജ്യസഭയില്‍ തന്റെ കന്നി പ്രസംഗത്തില്‍ കൊളീജിയം സംവിധാനത്തെ വിമര്‍ശിച്ചതിന് പിന്നാലെയാണ് സുപ്രീംകോടതി ഇക്കാര്യത്തിലുള്ള അതൃപ്തി പ്രകടിപ്പിച്ചത്. ദേശീയ ജുഡീഷ്യല്‍ കമ്മീഷന്‍ ബില്‍ റദ്ദാക്കി കൊണ്ടുള്ള 2015ലെ സുപ്രീംകോടതി വിധി പാര്‍ലമെന്റെറി പരമാധികാരം വിട്ടുവീഴ്ച ചെയ്യുന്നതിന്റെയും, ജനവിധി അവഗണിക്കുന്നതിന്റെയും തെളിഞ്ഞ ഉദാഹരണമാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
സുപ്രീം കോടതി എന്‍ജെഎസി നിയമം റദ്ദാക്കിയപ്പോള്‍ പാര്‍ലമെന്റില്‍ നിന്നുണ്ടായ പ്രതികരണമില്ലായ്മയെയും അദ്ദേഹം വിമര്‍ശിച്ചിരുന്നു. ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നതില്‍ സര്‍ക്കാര്‍ കാലതാമസം വരുത്തുന്നതില്‍ സുപ്രീംകോടതി അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ഉപരാഷ്ട്രപതിയുടെ വിമര്‍ശനം എന്നതും ശ്രദ്ധേയമാണ്.
നേരത്തെ നിയമ മന്ത്രി കിരണ്‍ റിജിജു ജഡ്ജി നിയമനത്തെക്കുറിച്ച് വിമർശനം ഉന്നയിച്ചിരുന്നു. ടൈംസ് നൗ സമ്മിറ്റില്‍ പങ്കെടുത്തപ്പോഴാണ് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു, കൊളീജിയം സംവിധാനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട കൊളീജിയം ശുപാര്‍ശകളില്‍ കേന്ദ്രസര്‍ക്കാര്‍ അടയിരിക്കുകയാണെന്ന് ആര്‍ക്കും ആക്ഷേപിക്കാന്‍ കഴിയില്ലെന്നായിരുന്നു റിജിജുവിന്‍റെ പരാമര്‍ശം.
കൊളീജിയം അയയ്ക്കുന്ന ശുപാര്‍ശകളിലെല്ലാം സര്‍ക്കാര്‍ ഒപ്പുവയ്ക്കുമെന്ന് പ്രതീക്ഷിക്കരുത്. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമേ കൊളീജിയം ശുപാര്‍ശകള്‍ അംഗീകരിക്കാന്‍ കഴിയൂ. മറ്റൊരു മികച്ച സംവിധാനം വരുന്നതുവരെ കൊളീജിയം ശുപാര്‍ശകള്‍ കേന്ദ്രം മാനിക്കുമെന്നും നിയമമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍, മന്ത്രിയുടെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാകാമെന്നാണ് അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണി കോടതിയില്‍ വിശദീകരിച്ചത്.