രാജ്യത്തെ നാണ്യവിളകളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പൊളിച്ചെഴുതുന്നു; റബ്ബര്‍ ബോര്‍ഡ് ഇല്ലാതായേക്കും

രാജ്യത്തെ നാണ്യവിളകളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പൊളിച്ചെഴുതുന്നു; റബ്ബര്‍ ബോര്‍ഡ് ഇല്ലാതായേക്കും

തേയില, കാപ്പി, സുഗന്ധവ്യഞ്ജനങ്ങള്‍, റബ്ബര്‍, പുകയില എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളാണ് ഭേദഗതി ചെയ്യാന്‍ ഒരുങ്ങുന്നത്.
Updated on
2 min read

രാജ്യത്തെ പ്രധാന നാണ്യ വിളകളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പൊളിച്ചെഴുതാന്‍ വാണിജ്യ മന്ത്രാലയം ഒരുങ്ങുന്നു. ഈ മേഖലകളിലെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള നിയമങ്ങള്‍ റദ്ദാക്കാനും പുതുക്കാനുമുള്ള പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. നാണ്യവിളകളായ തേയില, കാപ്പി, സുഗന്ധവ്യഞ്ജനങ്ങള്‍, റബ്ബര്‍, പുകയില എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളാണ് ഭേദഗതി ചെയ്യാന്‍ ഒരുങ്ങുന്നത്. നാണ്യ വിളകളുമായി ബന്ധപ്പെട്ട മേഖലയുടെ വളര്‍ച്ചയും വ്യവസായങ്ങള്‍ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുകയും ലക്ഷ്യമിട്ടാണ് പുതിയ നിയമനിര്‍മ്മാണങ്ങള്‍ പരിഗണിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വിഷയത്തില്‍ നിതി ആയോഗുമായുള്‍പ്പെടെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കരട് ബില്ലുകള്‍ പ്രകാരമുള്ള പുതിയ നിയമനിര്‍മ്മാണങ്ങളുടെ വിശദാംശങ്ങള്‍ വാണിജ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

 കരട് ബില്ലുകള്‍ പ്രകാരമുള്ള പുതിയ നിയമനിര്‍മ്മാണങ്ങളുടെ വിശദാംശങ്ങള്‍ വാണിജ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു

ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കൊമേഴ്സ് 1953ലെ ടീ ആക്ട്, സ്‌പൈസസ് ബോര്‍ഡ് നിയമം, 1986; റബ്ബര്‍ നിയമം, 1947; കോഫി ആക്റ്റ്, 1942 എന്നീ നിയമങ്ങള്‍ റദ്ദാക്കാനും, ടുബാക്കോ ബോര്‍ഡ് ആക്ട്, 1975 പരിഷ്‌കരിക്കാനുമാണ് വാണിജ്യ മന്ത്രാലയം പദ്ധതിയിടുന്നത്. ഇതില്‍ റബ്ബര്‍ (പ്രോത്സാഹനവും വികസനവും) ബില്‍, 2022. കാപ്പി ബില്‍, 2022. തേയില (പ്രോത്സാഹനവും വികസനവും) ബില്‍ 2022. പുകയില ബോര്‍ഡ് (ഭേദഗതി) ബില്‍, 2022 എന്നിവയില്‍ നിതി ആയോഗ് തങ്ങളുടെ നിലപാട് അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

റബ്ബര്‍ നിയമം പിന്‍വലിക്കുക എന്നതാണ് നിതി ആയോഗ് മുന്നോട്ട് വച്ച പ്രധാന നിര്‍ദേശങ്ങളിലൊന്ന്. ഇതിനായുള്ള കാരണങ്ങളും കരട് ബില്ലില്‍ വിശദീകരിക്കുന്നുണ്ട്. അടുത്ത കാലത്തായി വ്യാവസായിക-സാമ്പത്തിക രംഗത്ത് വന്ന മാറ്റവും, റബ്ബറിന്റെയും അനുബന്ധ മേഖലകളിലെയും വികസനവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള വ്യാപകമായ മാറ്റങ്ങളുമാണ് ചൂണ്ടിക്കാട്ടുന്നത്.

ബോര്‍ഡ് നിലനിര്‍ത്തണമെന്നാണ് വാണിജ്യ മന്ത്രാലയത്തിന്റെ നിലപാട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കേന്ദ്ര സര്‍ക്കാരിന്റേതായിരിക്കും.

റബ്ബര്‍ നിയമം പിന്‍വലിക്കുമ്പോള്‍ റബ്ബര്‍ ബോര്‍ഡ് ഉള്‍പ്പെടെയുള്ളവയുടെ ഭാവിയും ആശങ്കയിലാണ്. റബര്‍ കൃഷിക്കും അനുബന്ധമേഖലയുടെ വികസനത്തിനുമായി ഇന്ത്യയിലെ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന റബര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനത്തില്‍ കാര്യമായ മാറ്റം വേണമെന്നാണ് നിതി ആയോഗിന്റെ നിര്‍ദേശം. ബോര്‍ഡിന്റെ ആവശ്യമില്ലെന്ന നിലപാടാണ് നിതി ആയോഗിനുള്ളത്. എന്നാല്‍ ബോര്‍ഡ് നിലനിര്‍ത്തണമെന്നാണ് വാണിജ്യ മന്ത്രാലയത്തിന്റെ നിലപാട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കേന്ദ്ര സര്‍ക്കാരിന്റേതായിരിക്കും.

കാപ്പി വ്യവസായ മേഖലയുമായി ബന്ധപ്പെട്ട നിയമത്തിലെ പല നിര്‍ദേശങ്ങളും നിലവിലെ സാഹചര്യത്തില്‍ അനാവശ്യവും നിഷ്‌ക്രിയവുമാണെന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് കരട് കോഫി (പ്രോത്സാഹനവും വികസനവും) ബില്‍, 2022 തയ്യാറാകുന്നത്. തേയിലയുടെ കൃഷി, വിപണനം, ഉപഭോഗം എന്നിവയിലും സമീപ കാലത്ത് വലിയ മാറ്റങ്ങള്‍ക്ക് വിധേയമായിക്കഴിഞ്ഞു. അതിനാല്‍ നിലവിലെ നിയമങ്ങള്‍ പര്യാപ്തമല്ലെന്നും റദ്ദാക്കുന്നതിന് വിശദീകരണമായി വാണിജ്യ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.

പുകയിലയുടെ കരട് ബില്‍ ഈ മേഖലയുമായി ബന്ധപ്പെട്ട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ആധുനിക രീതിയില്‍ പുകയില ബോര്‍ഡിന്റെ പ്രവര്‍ത്തനം പുനഃസംഘടിപ്പിക്കാനും ലക്ഷ്യമിടുന്നു. സുഗന്ധവ്യഞ്ജനങ്ങളുടെ മുഴുവന്‍ വിതരണ ശൃംഖലയിലും ഇടപെടാന്‍ സ്‌പൈസസ് ബോര്‍ഡിനെ പ്രാപ്തമാക്കണമെന്നാണ് കരട് സ്‌പൈസസ് (പ്രോത്സാഹനവും വികസനവും) ബില്‍, 2022 വ്യക്തമാക്കുന്നത്.

logo
The Fourth
www.thefourthnews.in