പാചകവാതക വില വീണ്ടും കൂട്ടി; വാണിജ്യ സിലിണ്ടറിന്റെ വില രണ്ടായിരത്തിലേക്ക്, 92 ദിവസത്തിനിടെ വര്‍ധിച്ചത് 159 രൂപയോളം
രാജ്യത്ത് പാചകവാതക വില വീണ്ടും കൂട്ടി എണ്ണക്കമ്പനികള്‍. വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വിലയാണ് വര്‍ധിപ്പിച്ചത്. 19 കിലോയുടെ സിലിണ്ടറിന് 61.50 രൂപയാണ് കൂട്ടിയത്. ഇതോടെ വാണിജ്യ സിലിണ്ടറിന്റെ വില 1810.50(ന്യൂഡല്‍ഹി വില) ആയി ഉയര്‍ന്നു. നേരത്തെ 1749 രൂപയായിരുന്നു ഒരു സിലിണ്ടറിന്റെ വില.
ചെറുകിട കടകളില്‍ ഉപയോഗിക്കുന്ന അഞ്ച് കിലോയുടെ മിനി പാചകവാതക സിലിണ്ടറിനും വില വര്‍ധിപ്പിച്ചിട്ടുണ്ട്. 15 രൂപയാണ് മിനി സിലിണ്ടറിന് ഉയര്‍ത്തിയിട്ടുള്ളത്. എന്നാല്‍ 14.2 കിലോയുടെ സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. വിലവര്‍ധന ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്നും കമ്പനികള്‍ അറിയിച്ചു.
ഇതു തുടര്‍ച്ചയായ നാലാം മാസമാണ് വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ 92 ദിവസത്തിനിടെ പാചകവാതക വിലയില്‍ 158.50 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മാസം ആദ്യം പാചകവാതക വിലയില്‍ 48.50 രൂപയുടെ വര്‍ധന വരുത്തിയിരുന്നു. അതിനു മുമ്പ് സെപ്റ്റംബര്‍ ആദ്യം 39 രൂപയുടെയും ഓഗസ്റ്റ് ആദ്യം 8.50 രൂപയുടെയും വര്‍ധനവ് നടപ്പാക്കിയിരുന്നു.
വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലവര്‍ധനവ് വന്‍വിലക്കയറ്റത്തിന് കാരണമാകുമെന്നാണ് കരുതുന്നത്. സിലിണ്ടര്‍ വില ആദ്യമായി 2000 കടക്കുമെന്നും ഏറെക്കുറേ ഉറപ്പായിരിക്കുകയാണ്. ഇന്നത്തെ വിലവര്‍ധനയോടെ ചെന്നൈയില്‍ പാചകവാതക വില 1964.50 രൂപയായി ഉയരും. കൊല്‍ക്കത്തയില്‍ 1911.50 രൂപയായും മുംബൈയില്‍ 1754.50 രൂപയായും ആകും വിലവര്‍ധനവ് നടപ്പിലാകുക.