ബെംഗളൂരു ഗതാഗത കുരുക്ക്: യാത്രാ വേഗത മണിക്കൂറിൽ 20-22 കിലോമീറ്ററായി ഉയര്‍ന്നെന്ന് ട്രാഫിക് കമ്മീഷണര്‍ എം എ സലീം
ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കുകയാണെന്നും ഇത് ഫലം കാണുന്നുണ്ടെന്നും ബെംഗളൂരു സ്‌പെഷ്യൽ ട്രാഫിക് കമ്മീഷണര്‍ ഡോ. എം എ സലീം. കഴിഞ്ഞ മൂന്ന് മാസത്തോളമായി ഗതാഗത വകുപ്പ് നടപടികള്‍ സ്വീകരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിന്‌റെ ഫലമായി നഗരത്തിലെ യാത്രാവേഗത മണിക്കൂറില്‍ 14 മുതല്‍ 18 കിലോ മീറ്റര്‍ വരെ എന്നത് മണിക്കൂറില്‍ 20 മുതല്‍ 22 വരെയായി ഉയര്‍ന്നെന്ന് എം എ സലീം പറഞ്ഞു. തിരക്കേറിയ സമയങ്ങളില്‍ ഇടത്തരം- ഹെവി ചരക്ക് വാഹനങ്ങള്‍ നഗരത്തില്‍ പ്രവേശിക്കുന്നത് വിലക്കിയതാണ് ഗുണകരമായതെന്നാണ് വിലയിരുത്തല്‍.
രാജ്യത്തെ ഏറ്റവും ഗതാഗത സാന്ദ്രതയുള്ള നഗരമാണ് ബെംഗളൂരു. 1.1കോടിയോളം വരും ഇവിടുത്തെ വാഹനങ്ങളുടെ എണ്ണം. അതിനാല്‍ നഗരത്തിന്‌റെ പലയിടങ്ങളിലും വലിയ തോതില്‍ ഗതാഗത കുരുക്ക് അനുഭവപ്പെടാറുണ്ട്. ഗതാഗതക്കുരുക്ക് ദിവസേന വാര്‍ത്തയായതോടെയാണ് ഫലപ്രദമായ നടപടികള്‍ക്കുള്ള ശ്രമങ്ങള്‍ ഗതാഗത വകുപ്പ് ആരംഭിച്ചത്. ഇടത്തരം- ഹെവി വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക്, നഗരത്തിലെ തിരക്കിന് 20 മുതല്‍ 22 ശതമാനം വരെ കുറയ്ക്കാന്‍ സഹായിച്ചെന്ന് എം എ സലീം വ്യക്തമാക്കി. ഇത് യാത്രാ വേഗത വര്‍ധിക്കാനും സഹായിച്ചു.
അതേസമയം, പാര്‍ക്കിങ് സൗകര്യമില്ലാത്തത് നഗരത്തില്‍ ഇപ്പോഴും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കോവിഡ് മഹാമാരിക്ക് ശേഷം ആളുകള്‍ കൂടുതലായി സ്വന്തം വാഹനങ്ങള്‍ ഉപയോഗിക്കുന്നതാണ് പാര്‍ക്കിങ് സൗകര്യത്തിലെ അപര്യാപ്തതയ്ക്ക് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. ഇത് പരിഹരിക്കാന്‍ ഡയറക്ടറേറ്റ് ഓഫ് അര്‍ബന്‍ ലാന്‍ഡ് ട്രാന്‍സ്പോര്‍ട്ടുമായി ചേര്‍ന്ന് ഗതാഗത വകുപ്പ് നടപടികള്‍ സ്വീകരിക്കുന്നതായി സലീം വ്യക്തമാക്കി.
പാര്‍ക്കിങ് പ്രശ്‌നം പരിഹരിക്കാന്‍ ബഹുനില പാര്‍ക്കിങ് സംവിധാനം ഏര്‍പ്പെടുത്തുകയാണ് പോംവഴിയെന്ന് അദ്ദേഹം പറഞ്ഞു. ''ബെംഗളൂരു നഗരത്തിനായി സമഗ്രമായ പാര്‍ക്കിങ് നയം ഡിയുഎല്‍ടി തയ്യാറാക്കിയിട്ടുണ്ട്. മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് സൗകര്യങ്ങളുടെ നിര്‍മാണം, പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്. അവയില്‍ ചിലത് ഇതിനകം വന്നു കഴിഞ്ഞു. ഇതുവരെ, ഞങ്ങള്‍ക്ക് രണ്ട് ബഹുനില കാര്‍ പാര്‍ക്കിങ് ആണ് ഉള്ളത്. ഇതില്‍ ഒന്ന് കമ്മീഷന്‍ ചെയ്യാന്‍ തയ്യാറാണ്. പക്ഷേ, ഇവ പര്യാപ്തമല്ല. കൂടുതല്‍ ബഹുനില പാര്‍ക്കിങ് ആവശ്യമാണ്. '' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.